പറന്നേ... പുതു ചിറകുകളുമായി 'ലേഡീസ് ഒണ്‍ലി ട്രിപ്പ് '; ഒന്നിൽ നിന്ന് 27ലേക്ക് 'ഫ്‌ളൈയിങ് ഫെതേഴ്‌സ് '

Mail This Article
ദോഹ ∙ യാത്രകളെ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. അവധി ദിനങ്ങള്‍ യാത്രകള്‍ക്കായി മാറ്റി വെയ്ക്കുന്നവരും ചെറുപ്പകാലം മുതല്‍ക്കേ മനസിനുള്ളില്‍ നെയ്തു കൂട്ടിയ യാത്രാ സ്വപ്‌നങ്ങള്‍ ജീവിതസാഹചര്യങ്ങള്‍ കൊണ്ട് യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്തവരും നമുക്കു ചുറ്റുമുണ്ട്.
യാത്രകളെ പ്രണയിക്കുന്ന ദോഹയിലെ ഒരു കൂട്ടം പ്രവാസി വനിതകളെ ചേര്‍ത്തു പിടിച്ച് 'ഫ്‌ളൈയിങ് ഫെതേഴ്‌സ്' എന്ന ലേഡീസ് ഒണ്‍ലി സംഘം പറക്കുകയാണ്. ഈ പറക്കലിന് ചുക്കാന്‍ പിടിക്കുന്നത് അടിമാലിക്കാരിയും ഖത്തറിലെ ഫാര്‍മസിസ്റ്റുമായ ഷഹാന ഇല്യാസ് ആണ്. ഒരു കൂട്ടം വനിതകള്‍ ഒരേ മനസ്സോടെ, ഒരേ ആവേശത്തോടെ യാത്രാ സ്വപ്നങ്ങളിലേയ്ക്ക് ചിറകു മുളച്ച് പറക്കാന്‍ തുടങ്ങിയിട്ട് ഇതു മൂന്നാം വര്‍ഷം ഇതിനകം സന്ദര്‍ശിച്ചത് മൂന്ന് രാജ്യങ്ങള്‍.
∙ യാത്രകളെ പ്രണയിച്ചവൾ
ഖത്തറിലെ പ്രാഥമികാരോഗ്യ പരിചരണ കോര്‍പറേഷന് കീഴിലെ ഹെല്‍ത്ത് സെന്ററില്‍ ഫാര്‍മസിസ്റ്റാണ് ഷഹാന. മലബാര്‍ അടുക്കളയുടെ ഖത്തറിലെ അഡ്മിന്‍, ഖത്തര്‍ ഇന്ത്യന്‍ ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്, ചാലിയാര്‍ ദോഹ വനിതാ വിഭാഗം ജനറല്‍ സെക്രട്ടറി, ഐവൈസി ഇന്റര്‍നാഷനല്‍ ഖത്തര്‍ അധ്യക്ഷ തുടങ്ങി ദോഹയുടെ സാംസ്‌കാരിക, സാമൂഹിക മേഖലകളില്‍ സജീവമാണ് ഷഹാന. ഖത്തറില്‍ നിന്നുള്ള ആദ്യത്തെ ലേഡീസ് ഒണ്‍ലി സംഘമായ ഫ്‌ളൈയിങ് ഫെതേഴ്‌സിന്‌റെ അമരക്കാരിയായ ഷഹാനയ്ക്ക് കുട്ടിക്കാലം മുതല്‍ക്കേ പ്രണയം യാത്രകളോടാണ്. ഭര്‍ത്താവ് അസീസ് പുറായിലിനും മക്കൾക്കുമൊപ്പം അവധിക്കാലങ്ങള്‍ യാത്രകളിലാണ്.

യാദൃശ്ചികമായാണ് വനിതാ യാത്രാ സംഘത്തിന് തുടക്കമിട്ടെങ്കിലും പല കാരണങ്ങളും ജീവിത സാഹചര്യങ്ങളും കൊണ്ട് യാത്ര പോകാന്‍ കഴിയാതിരുന്നവരുടെ സ്വപ്നം യാഥാര്‍ഥ്യമാകുമ്പോള്‍ അവരുടെ മുഖത്തുണ്ടാകുന്ന സന്തോഷമാണ് ഏറ്റവും വലിയ സംതൃപ്തിയും മുന്നോട്ടുള്ള ഊര്‍ജവുമെന്നും ഷഹാന പറയുന്നു. 20 മുതൽ 50 വയസ്സ് വരെ പ്രായമുള്ളവരാണ് യാത്രാ സംഘത്തിലുണ്ടാകുക. പരിചയമില്ലാത്തവരും ആദ്യമായി കാണുന്നവരും ഒരുമിച്ച് യാത്ര ചെയ്ത് മടങ്ങിയെത്തുന്നത് ആഴമേറിയ സൗഹൃദത്തോടെയാണ്. പണ്ട് സ്കൂളിലും കോളജിലും ഉല്ലാസ യാത്ര പോകുന്ന അതേ ഊർജസ്വലതയോടെയാണ് പ്രായം മറന്ന് ഇവർ യാത്രകൾ ആസ്വാദ്യകരമാക്കുന്നതെന്ന് ഷഹാന പറയുന്നു.
∙ ലേഡീസ് ഒണ്‍ലി ട്രിപ്പിന് ചിറക് മുളച്ചത്
കുടുംബവുമൊത്തുള്ള യാത്രകളുടെ ചിത്രങ്ങളും മറ്റും ഫെയ്‌സ്ബുക്കിലും വാട്‌സാപ്പിലുമെല്ലാം ഷഹാന പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയതോടെ മലബാര്‍ അടുക്കളയുടെ ആയിരത്തോളം വരുന്ന ഗ്രൂപ്പ് അംഗങ്ങളില്‍ പലരും അടുത്ത യാത്രയില്‍ ഞങ്ങളെയും കൂട്ടാമോ എന്നു ചോദിച്ചു തുടങ്ങി. അന്വേഷണം കൂടിയപ്പോഴാണ്ലേഡീസ് ഒണ്‍ലി ട്രിപ്പ് ആയാലോ എന്ന ചിന്ത ഉണ്ടാകുന്നത്. കുറേ യാത്രകള്‍ ചെയ്ത പരിചയവും ആത്മവിശ്വാസവും കരുത്തേകി. ഓരോ യാത്രകള്‍ക്ക് മുന്‍പും പോകുന്ന സ്ഥലത്തെക്കുറിച്ച് നന്നായി പഠിച്ച് മനസിലാക്കിയാണ് ഷഹാന യാത്ര ചെയ്യുന്നത്. അങ്ങനെ 2023 ഏപ്രില്‍-മെയ് മാസത്തില്‍ യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്ക് മാത്രമായി ഒരു വാട്‌സാപ്പ് ഗ്രൂപ്പ് തുടങ്ങി. നൂറോളം വനിതകൾ അംഗങ്ങളായി. എല്ലാവരുമായി ചേര്‍ന്നൊരു യാത്ര എന്നതിനപ്പുറം മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലായിരുന്നുവെന്ന് ഷഹാന പറയുന്നു. ഓരോരുത്തര്‍ക്കും പോകാന്‍ ആഗ്രഹമുള്ള സ്ഥലങ്ങളെക്കുറിച്ചും മറ്റുമുള്ള തിരക്കിട്ട ചര്‍ച്ചകളും കൂടിയാലോചനകള്‍ക്കും ശേഷമാണ് ഭൂരിപക്ഷത്തിന്റെ അഭിപ്രായമനുസരിച്ച് സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുന്നത്.
∙ ആദ്യ യാത്ര തുര്‍ക്കിയ്ക്ക്
25 പേരുമായി തുർക്കിയ്ക്കായിരുന്നു 7 ദിവസം നീണ്ട ആദ്യ യാത്ര. 25 പേരിൽ 22 പേരും മറ്റെവിടേയ്ക്കും യാത്ര പോകാത്തവരായിരുന്നു. നല്ല നിലവാരത്തിലും സുരക്ഷിതത്വത്തിലും എല്ലാവരുടെയും പോക്കറ്റിന് താങ്ങാന്‍ കഴിയുന്ന തരത്തില്‍ ഏറ്റവും ചെലവു കുറഞ്ഞ് യാത്ര ചെയ്യുക എന്നതായിരുന്നു ലക്ഷ്യം. പല യാത്രാ ഏജന്‍സികളെയും സമീപിച്ച് ഒരുപാട് അന്വേഷണങ്ങളും നടത്തിയ ശേഷമാണ് തുര്‍ക്കി യാത്ര പ്ലാന്‍ ചെയ്തത്. വീസ, ടിക്കറ്റ്, താമസം, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങി സകല കാര്യങ്ങളും കൃത്യമായി പ്ലാന്‍ ചെയ്താണ് യാത്ര. ഒരു തവണ തുര്‍ക്കിയില്‍ പോയതു കൊണ്ട് എന്തൊക്കെ ശ്രദ്ധിക്കണമെന്നതെല്ലാം എളുപ്പമായിരുന്നു. 2023 ഡിസംബര്‍ 1ന് തുര്‍ക്കിയിലേക്ക് നടത്തിയ 7 ദിവസത്തെ യാത്ര എല്ലാവരും അങ്ങേയറ്റം ആസ്വദിച്ചാണ് തിരികെ വന്നത്. ക്യാന്‍സര്‍ ബാധിതരായ, കീമോ കഴിഞ്ഞ് റിക്കവറി സ്‌റ്റേജിലുള്ള 2 പേരും സംഘത്തിലുണ്ടായിരുന്നു. വലിയ വെല്ലുവിളികളോ ആരോഗ്യപ്രശ്‌നങ്ങളോ ഇല്ലാതെ യാത്ര എന്‍ജോയ് ചെയ്ത് സുരക്ഷിതമായി തിരിച്ചെത്തി. ആദ്യമായി ഇഷ്ട രാജ്യം സന്ദര്‍ശിക്കാന്‍ കഴിഞ്ഞതിന്റെ ആവേശത്തിലായിരുന്നു എല്ലാവരും.

∙ യാത്രകൾ തുടർക്കഥയാകുന്നു
തുര്‍ക്കി യാത്ര കഴിഞ്ഞതോടെ അടുത്ത സ്ഥലമേതാണ്, ഞങ്ങളെ കൂടി കൊണ്ടു പോകാമോ എന്നു ചോദിച്ചുള്ള അന്വേഷണങ്ങള്‍ കൂടിയതോടെയാണ് അടുത്ത യാത്രയെക്കുറിച്ച് ചര്‍ച്ച തുടങ്ങിയത്. ജോലിക്കാരും വീട്ടമ്മമാരും ഉള്‍പ്പെടുന്ന യാത്രാ സംഘത്തില്‍ ഭൂരിഭാഗം പേരും ചെറിയ തുകകള്‍ കൂട്ടിവെച്ച് യാത്രയ്ക്ക് തയാറെടുത്തവരായിരുന്നു. ഷഹാന ഉള്‍പ്പെടെ എല്ലാവരുടെയും ജോലി, സാമ്പത്തികം തുടങ്ങി ഒരുപാട് കാര്യങ്ങളെക്കുറിച്ച് ചിന്തിച്ച ശേഷമേ അടുത്ത യാത്ര സാധിക്കുകയുള്ളു. അങ്ങനെ 2024 ഏപ്രിലില്‍ ജോര്‍ജിയയിലേക്ക് 20 പേരുമായി രണ്ടാമത്തെ യാത്ര നടത്തി. വനിതാ സൗഹൃദ രാജ്യമായതിനാല്‍ യാത്ര നന്നായി ആസ്വദിക്കാന്‍ കഴിഞ്ഞു. തിരിച്ചെത്തും മുന്‍പേ അടുത്ത യാത്രകളെക്കുറിച്ച് അന്വേഷണങ്ങള്‍ വീണ്ടുമെത്തി. അങ്ങനെ മൂന്നാമത്തെ യാത്ര 2024 ഒക്‌ടോബറില്‍ അര്‍മേനിയയിലേക്കായിരുന്നു. ഏറ്റവും വലിയ യാത്രാ സംഘമായിരുന്നു അത്-27 പേര്‍. അര്‍മേനിയയിലെ ആളുകള്‍ക്ക് ഇംഗ്ലിഷ് ഭാഷ അറിയില്ലെന്നതും ഇന്ത്യന്‍ ഭക്ഷണത്തിന് അവിടെ ചെലവേറെയാണെന്നുമുള്ള ബുദ്ധിമുട്ടൊഴികെ യാത്ര ആസ്വദിച്ചാണ് മടങ്ങിയെത്തിയത്.
∙ വെല്ലുവിളികളില്ലാത്ത യാത്ര
ഇതുവരെ സന്ദര്‍ശിച്ച രാജ്യങ്ങളിലൊന്നും സ്ത്രീകളായതിന്റെ പേരില്‍ ഒരു തരത്തിലുമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടില്ലെന്ന് ഷഹാന പറയുന്നു. ഫോട്ടോകള്‍ മികച്ചതാക്കാന്‍ ഓരോ ദിവസവും ഡ്രസ് കോഡ് ഉണ്ടാകും. ഒരേ ഡ്രസ് ധരിച്ച് ഒരു സംഘം സ്ത്രീകള്‍ പോകുന്നത് കാണുമ്പോൾ മറ്റ് രാജ്യക്കാര്‍ക്ക് കൗതുകമാണ്. അടുത്തുവന്ന് വിശേഷങ്ങള്‍ ചോദിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്യും. എല്ലായിടത്തും ബഹുമാനത്തോടെയാണ് ആളുകള്‍ നോക്കുന്നത്. പ്രതിസന്ധികളും തടസ്സങ്ങളുമില്ലാതെ 3 രാജ്യങ്ങളിലെ കാഴ്ചകള്‍ ആസ്വദിക്കാന്‍ പറ്റി. ഏതൊരു യാത്രാ സ്‌നേഹികളും അസൂയയോടെ നോക്കി കാണുന്ന ട്രിപ്പുകളാക്കി മാറ്റാന്‍ കഴിയുന്നത് യാത്രകളെ അത്രയേറെ പ്രണയിക്കുന്നവരാണ് ഓരോരുത്തരും എന്നതാണ്. അടുത്ത യാത്രയ്ക്ക് ഒപ്പം കൂട്ടുമോയെന്ന അന്വേഷണം ധാരാളമുണ്ട്. യാത്രാ സ്വപ്നങ്ങൾ പൂവണിയാൻ വീണ്ടുമൊരു യാത്രയ്ക്കുള്ള ചര്‍ച്ചകളിലാണ് ഫ്‌ളൈയിങ് ഫെതേഴ്‌സ്.