സൗദി ഫിലിം നൈറ്റ്‌സ് 31 മുതൽ ഇന്ത്യയിൽ: ഫിലിം കമ്മിഷൻ

Mail This Article
ജിദ്ദ ∙ ജനുവരി 31 മുതൽ ഫെബ്രുവരി 5 വരെ ഇന്ത്യയിൽ "സൗദി ഫിലിം നൈറ്റ്‌സ്" ആരംഭിക്കുമെന്ന് ഫിലിം കമ്മിഷൻ അറിയിച്ചു. സൗദിയിലെ പ്രതിഭകളെ വാർത്തെടുക്കുക, സൗദി സിനിമാറ്റിക് സർഗ്ഗാത്മകത ആഗോളതലത്തിൽ ഉയർത്തിക്കാട്ടുക, സാംസ്കാരിക വിനിമയവും സഹകരണവും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പങ്കെടുക്കുന്ന സിനിമാ നിർമാതാക്കളുമായും വ്യവസായ പ്രതിഭകളുമായും പാനൽ ചർച്ചകൾ കൂടാതെ സൗദി ഫീച്ചർ, ഷോർട്ട് ഫിലിമുകൾ എന്നിവ ഈ പരിപാടിയിൽ പ്രദർശിപ്പിക്കും.
മുംബൈയിലെ നാഷനൽ മ്യൂസിയം ഓഫ് ഇന്ത്യൻ സിനിമയിലാണ് ഇത് ആരംഭിക്കുക. ഡൽഹിയിലും ഹൈദരാബാദിലും പ്രദർശനം തുടരും. സംവാദത്തിന് ഒരു വേദിയൊരുക്കി സിനിമ നിർമാതാക്കൾ, ചലച്ചിത്ര നിരൂപകർ, പത്രപ്രവർത്തകർ, സിനിമ പ്രേമികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരും.
സൗദി സിനിമയുടെ മുന്നേറ്റത്തിനും ദേശീയ പ്രതിഭകളെ പ്രദർശിപ്പിക്കുന്നതിനും സൗദിയും രാജ്യാന്തര ചലച്ചിത്ര പ്രവർത്തകരും തമ്മിലുള്ള സാംസ്‌കാരിക സഹകരണവും വിജ്ഞാന വിനിമയവും വളർത്തിയെടുക്കാനും ആഗോള സിനിമാ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ പദവി ഉറപ്പിക്കാനും ഫിലിം കമ്മിഷൻ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ പരിപാടി.