അതിവേഗം വൈദ്യസഹായം; സന്ദർശകർക്കായി പ്രവാചകപ്പള്ളിയിൽ ആംബുലൻസ് സ്കൂട്ടർ

Mail This Article
മദീന ∙ റമസാനിൽ പ്രവാചക പള്ളിയായ മസ്ജിദുന്നബവിയിൽ എത്തുന്ന സന്ദർശകർക്ക് വേഗത്തിൽ വൈദ്യസഹായം എത്തിക്കുന്നതിന് ആംബുലൻസ് സ്കൂട്ടർ സർവീസിന് തുടക്കം കുറിച്ചു. അടിയന്തര പരിചരണം ആവശ്യമുള്ളവരുടെ അടുത്തേക്കു വേഗം എത്തിച്ചേരാൻ മെഡിക്കൽ ടീമുകളെ ഇത് സഹായിക്കും.
മദീന ഹെൽത്ത് ക്ലസ്റ്ററാണ് സംവിധാനം ഏർപ്പെടുത്തിയത്. സ്കൂട്ടറിൽ എത്തുന്ന മെഡിക്കൽ സംഘം രോഗിയുടെ അവസ്ഥ പരിശോധിച്ച് അടിയന്തര ചികിത്സ നൽകുകയും ബന്ധപ്പെട്ട വിഭാഗത്തെ വിവരം അറിയിക്കുകയും ചെയ്യും. അതോടെ, സർവസന്നാഹങ്ങളുമുള്ള ആംബുലൻസ് പിന്നാലെയെത്തി രോഗിയെ ആശുപത്രിയിലെത്തിച്ച് അത്യാധുനിക ചികിത്സ ഉറപ്പാക്കും.
റമസാൻ ഒന്നിന് ആരംഭിച്ച സേവനത്തിലൂടെ ഇതിനകം 91 പേർക്ക് വൈദ്യസഹായം ലഭ്യമാക്കി. തുടർചികിത്സ ആവശ്യമുള്ള രോഗികളെ അൽ സലാം എൻഡോവ്മെന്റ് ആശുപത്രി, അൽ-ഹറം ആശുപത്രി, അൽ സഫിയ, ബാബ് ജിബ്രിൽ അടിയന്തര പരിചരണ കേന്ദ്രങ്ങൾ എന്നിവ ഉൾപ്പെടെ മധ്യമേഖലയിലുള്ള ആരോഗ്യകേന്ദ്രങ്ങളിലേക്കാണ് മാറ്റുന്നതെന്ന് പദ്ധതിക്കു മേൽനോട്ടം വഹിക്കുന്ന മദീന ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു.