സൗദിയിൽ ഇന്ന് പതാക ദിനം; രാജ്യമെങ്ങും ആഘോഷം

Mail This Article
റിയാദ് ∙ സൗദി അറേബ്യയുടെ അഭിമാനത്തിന്റെയും ഔന്നത്യത്തിന്റെയും പ്രതീകമായി ഇന്ന് (മാർച്ച് 11) പതാക ദിനം രാജ്യമെങ്ങും ആഘോഷിക്കുന്നു. ആധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുൽ അസീസ് രാജാവ്, 1937 മാർച്ച് 11 ന് ഏകദൈവ വിശ്വാസം, നീതി, ശക്തി, വളർച്ച, സമൃദ്ധി എന്നിവയെ അടയാളപ്പെടുത്തുന്ന അർഥങ്ങളുള്ള പതാക അംഗീകരിച്ച ദിവസമാണ് സൗദി പതാക ദിനം.
2023 മാർച്ച് 1 ന് ഭരണാധികാരി സൽമാൻ രാജാവ് എല്ലാ വർഷവും മാർച്ച് 11 ദേശീയ പതാക ആഘോഷിക്കുന്നതിനുള്ള ഒരു പ്രത്യേക ദിനമായി പ്രഖ്യാപിച്ചു. തുടർന്നിങ്ങോട്ട് എല്ലാ വർഷവും ഈ ദിവസം രാജ്യമെങ്ങും പതാക ദിനം വിപുലമായി ആചരിച്ചു വരുന്നു.
സൗദി ദേശീയ പതാകയുടെ ചരിത്രം 1727ലെ ആദ്യത്തെ സൗദി രാജ്യത്തിന്റെ ഇമാമുകൾ വഹിച്ചിരുന്ന ഏകദൈവ ഇസ്‌ലാമിക വിശ്വാസ സന്ദേശം രേഖപ്പെടുത്തിയ പട്ടും ബ്രോക്കേഡും കൊണ്ട് നിർമിച്ച് ഉയർത്തിയ പച്ച നിറമുള്ള ബാനർ മുതൽ ബന്ധപ്പെട്ടുകിടക്കുന്നു. ഒന്നാം സൗദി ഭരണകൂടത്തിന്റെ കാലഘട്ടത്തിൽ അബ്ദുൽ അസീസ് രാജാവിന്റെ കാലം വരെ പതാക ഈ മാനദണ്ഡങ്ങൾ പാലിച്ചാണ് ഉപയോഗിച്ചിരുന്നത്. രാഷ്ട്രം ഏകീകരിക്കപ്പെടുകയും സുരക്ഷിതമായി, അഭിവൃദ്ധി വ്യാപിക്കുകയും ചെയ്യുന്നതുവരെ നിർണായക ഘട്ടത്തിൽ രണ്ട് കുറുകെയുള്ള വാളുകൾ പതാകയിൽ ചേർത്തു. പിൽക്കാലത്ത് ഷൂറ കൗൺസിൽ പതാക പരിഷ്കാരത്തിന് രാജാവിനോട് ശുപാർശ സമർപ്പിക്കുകയും 1937 മാർച്ച് 11 ന് അബ്ദുൽ അസീസ് രാജാവിന്റെ കാലത്ത് രണ്ട് വാളുകൾക്ക് പകരം ഇസ്‍ലാമിക അടിസ്ഥാന വിശ്വാസ സന്ദേശ വാക്യത്തിന് കീഴിൽ വാൾ അടയാളപ്പെടുത്തിയ ഇന്നു കാണുന്ന തരം പതാകയ്ക്ക് അംഗീകാരം നൽകുകയുണ്ടായി.
1973 ൽ പുറപ്പെടുവിച്ച പതാക ചട്ടങ്ങൾ പ്രകാരം ദേശീയ പതാക ദീർഘചതുരാകൃതിയിലായിരിക്കണമെന്നും, അതിന്റെ നീളത്തിന്റെ മൂന്നിൽ രണ്ട് ഭാഗത്തിന് തുല്യമായ വീതി ഉണ്ടായിരിക്കണമെന്നും, പച്ച നിറത്തിൽ കൊടിമരം മുതൽ അവസാനം വരെ നീളുന്നതായിരിക്കണമെന്നും വ്യവസ്ഥ ചെയ്യുന്നു. പതാകയുടെ മധ്യത്തിൽ വെളുത്ത നിറത്തിൽ ഇസ്‌ലാമിക ഏക ദൈവ അടിസ്ഥാന വിശ്വാസ പ്രഖ്യാപനം, അതിന് കീഴിൽ സമാന്തരമായി ഒരു ഊരിയ വാൾ, അതിന്റെ കൈപ്പിടി പതാകയുടെ അടിയിലേക്ക് ചൂണ്ടിക്കാണിക്കുന്ന വിധത്തിൽ ഇരുവശവും രേഖപ്പെടുത്തണം എന്നിങ്ങനെയാണ് നിഷ്കർഷിച്ചിട്ടുള്ളത്. പച്ച നിറം വളർച്ചയെയും ഫലഭൂയിഷ്ഠതയെയും, വെള്ള നിറം സമാധാനത്തെയും വിശുദ്ധിയെയും, വാൾ നീതിയെയും സുരക്ഷയെയും പ്രതീകപ്പെടുത്തുന്നു.
സൗദി പതാകയ്ക്ക് സവിശേഷമായ ഒരു പ്രത്യേകതയുണ്ട്. മരണമടയുന്ന രാജാക്കന്മാരുടെയും നേതാക്കളുടെയും മൃതദേഹങ്ങളിൽ ദേശീയ പതാക പൊതിയുന്നില്ല, ദുഃഖകരമായ സന്ദർഭങ്ങളിൽ അത് താഴ്ത്തുന്നില്ല, ഗാർഡ് ഓഫ് ഓണർ പരിശോധിക്കുമ്പോൾ പ്രധാനപ്പെട്ട അതിഥികൾക്ക് മുന്നിൽ വണങ്ങുന്നില്ല എന്നതാണ് ഈ സവിശേഷതകളിൽ ഒന്ന്. ഒരു വ്യാപാരമുദ്രയായോ അതിന്റെ മഹത്വത്തെ ബാധിക്കുന്ന പരസ്യ ആവശ്യങ്ങൾക്കോ ഇത് ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു. അതേസമയം രാജ്യത്തിനകത്തുള്ള എല്ലാ സർക്കാർ കെട്ടിടങ്ങളിലും പൊതു സ്ഥാപനങ്ങളിലും, രാജ്യത്തിന് പുറത്തുള്ള അതിന്റെ പ്രാതിനിധ്യങ്ങളിലും, ഔദ്യോഗിക അവധി ദിവസങ്ങളിൽ പോലും ദേശീയ പതാക ഉയർത്തുന്നുണ്ട്. ദേശീയ പതാക നല്ല നിലയിലായിരിക്കുമ്പോഴും രാജ്യാന്തര പ്രോട്ടോക്കോൾ അനുസരിച്ചും മാത്രമേ പറത്താൻ കഴിയൂ. മോശം അവസ്ഥയിൽ പതാക ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നു.