ഐപിഎല്ലിന് മുൻപേ ‘കിങ് കോലി’ അൽ സീഫിൽ; ത്രില്ലടിച്ച് പ്രവാസികൾ

Mail This Article
ദുബായ്∙ ഐസിസി ചാംപ്യൻസ് ട്രോഫി കിരീട നേട്ടത്തിന് ശേഷം ഇന്ത്യൻ താരങ്ങൾ ഐപിഎൽ ക്യാംപിലേക്ക് മടങ്ങിയെങ്കിലും വിരാട് കോലി ദുബായിൽ തുടരുകയാണ്. അദ്ദേഹവും ഭാര്യയും നടിയുമായ അനുഷ്ക ശർമയും ദുബായിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ അൽ സീഫിൽ എത്തി. ഇവിടെയുള്ള ഇന്ത്യക്കാരടക്കമുള്ള വ്യാപാരികൾക്ക് പ്രിയ താരങ്ങളെ അടുത്ത് കാണുന്നതിനുള്ള സുവർണാവസരമായി ഇത്.
പരസ്യ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ഇരുവരും പരമ്പരാഗത കേന്ദ്രമായ അൽസീഫിലെത്തിയത്. മണിക്കൂറുകളോളം ചിത്രീകരണമുണ്ടായിരുന്നതായി വ്യാപാരികൾ പറഞ്ഞു.

കഴിഞ്ഞ ഞായറാഴ്ച ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ന്യൂസീലൻഡിനെ 4 വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ മൂന്നാമത്തെ കപ്പ് ചാംപ്യൻസ് ട്രോഫി കിരീട നേട്ടമാണിത്. ഇതിനു ശേഷം കോലിയും ക്യാപ്റ്റൻ രോഹിത് ശർമയും വിരമിക്കൽ പ്രഖ്യാപിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇരുവരും പിന്നീട് അത് നിഷേധിച്ചു.