'ഇന്ത്യക്കാരനാണ്, ഇവിടെ ഡോക്ടർ': മറവി മൂടിയ ഓർമകളും പേറി അലഞ്ഞത് മാസങ്ങളോളം; 'സ്നേഹത്തണലിൽ' നാട്ടിലേക്ക്

Mail This Article
ഷാർജ ∙ മറവി മൂടി ഓർമകളും പേറി മാസങ്ങളായി ഷാർജ ഇന്ത്യൻ അസോസിയേഷന്റെ തണലിൽ കഴിഞ്ഞ ഇന്ത്യൻ വയോധികൻ ഒടുവിൽ നാട്ടിലേക്ക് യാത്രയായി. തന്റെ പേര് മാത്രം കൃത്യമായി ഓർമയിലുണ്ടായിരുന്ന കശ്മീർ സ്വദേശി റാഷിദ് അൻവർ ധർ ആണ് ഇന്ന് രാവിലെ 10.30ന് ദുബായിൽ നന്ന് ചണ്ഡിഗഡിലേക്കുള്ള വിമാനത്തിൽ യാത്ര തിരിച്ചത്. അവിടെ നിന്ന് അദ്ദേഹം ശ്രീനഗറിലേക്ക് പോകും.
അവിടെ അദ്ദേഹത്തെ കാത്തിരിക്കാൻ കുടുംബാംഗങ്ങളുണ്ട്. റാഷിദിനെ ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ സ്നേഹാദരം യാത്രയാക്കി. അസോസിയേഷൻ മാനേജിങ് കമ്മിറ്റിയംഗം പ്രഭാകരനാണ് ഇദ്ദേഹത്തെ അനുഗമിക്കുന്നത്.
∙ ഓപൺ ഹൗസിൽ പ്രത്യക്ഷപ്പെട്ട വയോധികൻ, നാടും വീടുമറിയില്ല
കഴിഞ്ഞ വർഷം മേയ് 17 ന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ ഓപൺ ഹൗസിലാണ് റാഷിദ് ആദ്യമായി പ്രത്യക്ഷപ്പെട്ടതെന്ന് അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര മനോരമ ഓൺലൈനിനോട് പറഞ്ഞു. ഓർമകൾ നഷ്ടപ്പെട്ടുപോയ, കൂടെ ആരുമില്ലാത്ത വയോധികൻ.

കൈവശം പാസ്പോർട്ടുമുണ്ടായിരുന്നില്ല. ഇന്ത്യക്കാരനായ താൻ ഡോക്ടറാണെന്നും 84 വയസ്സായെന്നുമായിരുന്നു അദ്ദേഹം അറിയിച്ചത്. മറ്റൊന്നും ഓർമയില്ല. ദുബായിൽ ജോലി ചെയ്ത ചില ആശുപത്രികളുടെ പേര് ഓർമിച്ച് പറയാൻ ശ്രമിച്ചു. അവിടെയെല്ലാം അന്വേഷിച്ചപ്പോൾ അങ്ങനെയൊരു ഡോക്ടർ അവിടെ സേവനം ചെയ്തിട്ടില്ലെന്ന് അറിയാൻ കഴിഞ്ഞു. തുടർന്ന് താത്കാലികമായി അദ്ദേഹത്തിന് അസോസിയേഷനിൽ താമസ സൗകര്യവും ഭക്ഷണവും നൽകി. വൈകാതെ റാഷിദിന്റെ ബന്ധുക്കൾക്ക് വേണ്ടി അന്വേഷണവും ആരംഭിച്ചു.
പക്ഷേ, യുഎഇയിലോ മറ്റു ഗൾഫ് രാജ്യത്തോ അങ്ങനെ ആരുമുണ്ടായിരുന്നില്ല. ഒടുവിൽ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹായത്തോടെ കശ്മീരിലും അന്വേഷണമാരംഭിച്ചു. ധർ എന്നത് റാഷിദിന്റെ കുടുംബ പേരായിരുന്നു. ആ നിലയ്ക്ക് അന്വേഷിച്ചപ്പോഴാണ് ശ്രീനഗറിൽ നിന്ന് ഏതാണ്ട് 100 കിലോ മീറ്റർ അകലെയുള്ള ഒരു ഗ്രാമമാണ് അദ്ദേഹത്തിന്റെ സ്വദേശമെന്ന് തിരിച്ചറിഞ്ഞത്.
നാലര മാസത്തിന് ശേഷം അദ്ദേഹത്തെ ഇന്ത്യൻ കോൺസുലേറ്റിന്റെ നേതൃത്വത്തിൽ ചികിത്സയ്ക്കായി ദുബായ് റാഷിദ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. കോൺസുലേറ്റ് ഇടപെട്ട് പുതിയ പാസ്പോർട്ട് ഇഷ്യു ചെയ്തു. പിന്നീട്, ഏഴ് മാസത്തിന് ശേഷം റാഷിദ് ആശുപത്രിയിൽ ആരോഗ്യം വീണ്ടെടുത്ത റാഷിദിന് സ്വന്തം മണ്ണിലേക്ക് പോകാനുള്ള വഴി തെളിഞ്ഞു.
ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, ജനറൽ സെക്രട്ടറി ശ്രീപ്രകാശ്, മറ്റു ഭാരവാഹികൾ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ സജീവമായ പിന്തുണയാണ് റാഷിദിന്റെ സ്വദേശം കണ്ടെത്താനുനും തിരിച്ചയക്കാനും കഴിഞ്ഞതിന് പിന്നിൽ.

∙ ഓർമകൾ നഷ്ടപ്പെടുമ്പോൾ സംഭവിക്കുന്നത്
ഓർമകൾ നഷ്ടപ്പെട്ടു പോവുമ്പോൾ ഒറ്റക്കായി പോവുന്നത് മനസ്സിനകത്തു മാത്രമല്ല, ജീവിതത്തിൽ കൂടിയാണെന്നും അതു തിരിച്ചുപിടിക്കാൻ സഹായിക്കുന്നതാണ് മനുഷ്യത്വമെന്നും കരുതുന്നതായി ശ്രീപ്രകാശ് പറഞ്ഞു. മാസങ്ങളോളം സ്വന്തം അച്ഛനെ പോലെയാണ് ഷാർജ ഇന്ത്യൻ അസോസിയേഷൻ ജീവനക്കാരായ മുസ്തഫയും അയ്മനും റാഷിദിനെ പരിപാലിച്ചത്.
ഇക്കാര്യത്തിൽ അവസാനം വരെ പിആർഒ ശ്രീഹരി ഇവർക്കൊപ്പം നിന്നു. വിത്തും വേരും കണ്ടെത്താൻ ഇക്കാലമത്രയും ശ്രമിച്ചു വിജയിച്ച ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ സതീഷ് കുമാർ ശിവൻ, ഡെപ്യുട്ടി കോൺസൽ ജനറൽ യതിൻ പട്ടേൽ, കോൺസൺ പബിത്രകുമാർ എന്നിവരുടെ പ്രയത്നം അഭിനന്ദിക്കുന്നു.