ഷിന്ദഗ ഇടനാഴി: ഗതാഗതം സുഗമമാക്കി പുതിയ പാലം; മണിക്കൂറിൽ 4800 വാഹനങ്ങൾക്ക് സഞ്ചരിക്കാം

Mail This Article
ദുബായ് ∙ ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച പുതിയ പാലം ഗതാഗതത്തിനായി തുറന്നു. ഇൻഫിനിറ്റി പാലം വഴി അൽ മിന സ്ട്രീറ്റിലേക്കുള്ള ഗതാഗതം കൂടുതൽ സുഗമമാക്കുന്നതാണ് പുതിയ പാലം. 1.2 കിലോമീറ്റർ പാലത്തിൽ മണിക്കൂറിൽ 4800 വാഹനങ്ങൾക്ക് കടന്നു പോകാം.
പുതിയ പാലം തുറന്നതോടെ ഇടനാഴി വികസന പദ്ധതിയുടെ നാലാം ഘട്ടത്തിലെ 90 % നിർമാണ പ്രവർത്തനങ്ങളും കഴിഞ്ഞതായി ആർടിഎ ഡയറക്ടർ ജനറൽ മാത്തർ അൽ തായർ പറഞ്ഞു. പദ്ധതിയുടെ ഭാഗമായി ഇതിനോടകം 3 പാലങ്ങളാണ് പൂർത്തിയാക്കിയത്. രണ്ടു പാലങ്ങൾ ഈ വർഷം അവസാനത്തോടെ ഗതാഗത യോഗ്യമാകും. ആദ്യ പാലത്തിന് 780 മീറ്ററാണ് നീളം. മണിക്കൂറിൽ 4800 വാഹനങ്ങളാണ് ഇതിന്റെ ശേഷി. ഇൻഫിനിറ്റി പാലത്തിലൂടെ അൽമിന സ്ട്രീറ്റ് വഴി അൽ വാസൽ സ്ട്രീറ്റിലേക്കുള്ള ഗതാഗതം ഈ പാലം കൂടുതൽ എളുപ്പമാക്കി. രണ്ടാമത്തെ പാലത്തിന് 985 മീറ്ററാണ് നീളം. മണിക്കൂറിൽ 3200 വാഹനങ്ങൾക്ക് കടന്നു പോകാം.
ഷെയ്ഖ് റാഷിദ് റോഡിൽ മൊത്തം 4.8 കിലോമീറ്ററിലാണ് ഷിന്ദഗ ഇടനാഴി വികസന പദ്ധതിയുടെ നാലാം ഘട്ടം. മൊത്തം 5 പാലമാണ് ഇടനാഴി വികസനത്തിലുള്ളത്. പാലങ്ങളുടെ മാത്രം ആകെ നീളം 3.1 കിലോമീറ്ററാണ്. എല്ലാ പാലങ്ങളിലും കൂടി മണിക്കൂറിൽ 19,400 വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയുമെന്നും ആർടിഎ അറിയിച്ചു. ഇതിനു പുറമേയാണ് 4.8 കിലോമീറ്റർ റോഡിന്റെ വികസനം. ജുമൈറ സ്ട്രീറ്റ്, അൽമിന സ്ട്രീറ്റ്, ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സ്ട്രീറ്റ് എന്നിവിടങ്ങളിലെ റോഡ് ഉപരിതലവും വികസിപ്പിക്കും.
അതിവേഗം, ബഹുദൂരം
∙ പുതിയ പാലം തുറന്നതോടെ ഇൻഫിനിറ്റി പാലം വഴി അൽ മന സ്ട്രീറ്റിലൂടെ ഷെയ്ഖ് റാഷിദ് റോഡിലേക്കും ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലേക്കുമുള്ള ഗതാഗതം വേഗത്തിലായി. അൽ ഹുബയ്ദ, അൽ ജാഫ്‌ലിയ, മൻകൂൾ, കിഫാഫ്, കരാമ എന്നിവിടങ്ങളിലെ താമസക്കാർക്കും ജോലിക്കാർക്കുമാണ് ഇതിന്റെ ഗുണം കൂടുതൽ ലഭിക്കുക.
ഷിൻദഗ ഇടനാഴി വികസന മാണ് ആർടിഎ ഇപ്പോൾ നടപ്പിലാക്കുന്ന ഏറ്റവും വലിയ വികസന പദ്ധതി. 13 കിലോമീറ്ററാണ് പദ്ധതിയുടെ ആകെ നീളം. ഷെയ്ഖ് റാഷിദ് റോഡ്, അൽ മിന സ്ട്രീറ്റ്, അൽ ഖലീജ് സ്ട്രീറ്റ്, കെയ്റോ സ്ട്രീറ്റ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുന്ന പ്രധാന മേഖലകൾ. ഇതിൽ 15 ഇന്റർ സെക്‌ഷനുകൾ വരും. 5 ഘട്ടമായാണ് പദ്ധതി പൂർത്തിയാക്കുക. ഇതിൽ നാലാംഘട്ടമാണ് അന്തിമഘട്ടത്തിലെത്തുന്നത്. ദുബായ് ഐലൻഡ്സ്, ദെയ്റ വാട്ടർഫ്രണ്ട്, ദുബായ് മാരിടൈം സിറ്റി, പോർട്ട് റാഷിദ് എന്നിവിടങ്ങളിലെ വമ്പൻ വികസനത്തിന് ഈ റോഡുകൾ സഹായകരമാകും. 104 മിനിറ്റ് യാത്ര, 16 മിനിറ്റായി ചുരുങ്ങും. 2030ൽ പദ്ധതി പൂർത്തിയാകും. അടുത്ത 20 വർഷത്തിനുള്ളിൽ ഈ റോഡ് വികസന പദ്ധതിയിലൂടെ ലഭിക്കുന്നത് 4500 കോടി ദിർഹത്തിന്റെ ഗുണമായിരിക്കുമെന്നും ആർടിഎ കണക്കുകൂട്ടുന്നു.