ദുബായ് വിമാനത്താവളത്തിൽ പെരുന്നാൾ തിരക്ക്; പ്രതീക്ഷിക്കുന്നത് 36 ലക്ഷം യാത്രക്കാരെ

Mail This Article
ദുബായ് ∙ പെരുന്നാൾ അവധിക്കാലത്ത് ദുബായ് രാജ്യാന്തര വിമാനത്താവളത്തിലൂടെ 3.6 ദശലക്ഷം യാത്രക്കാർ സഞ്ചരിക്കുമെന്ന് അധികൃതർ അറിയിച്ചു. തിരക്കേറിയ ഈ സമയത്ത് ടെർമിനലുകളിൽ യാത്രക്കാർക്ക് സഹായം നൽകുന്നതിനായി ദുബായ് എയർപോർട്സ് 'ദുബായ് എക്സ്പ്രസ് മാപ്സ്' എന്ന റിയൽ ടൈം നാവിഗേഷൻ ഉപകരണം പുറത്തിറക്കിയിട്ടുണ്ട്.
ദുബായ് എക്സ്പ്രസ് മാപ്സ് ടെർമിനലുകളിൽ തത്സമയ നാവിഗേഷൻ നൽകുന്ന സ്മാർട്ട് ഗൈഡ് ആണ്. വിമാന വിവരങ്ങൾ ലഭ്യമാക്കുന്ന സ്ക്രീനുകളിൽ കാണുന്ന ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിലൂടെ യാത്രക്കാർക്ക് എളുപ്പത്തിൽ ഗേറ്റ് കണ്ടെത്താനും ഭക്ഷണശാലകൾ, കടകൾ തുടങ്ങിയ സൗകര്യങ്ങൾ മനസ്സിലാക്കാനും സാധിക്കും.
ഏപ്രിൽ 7 വരെ നീണ്ടുനിൽക്കുന്ന പെരുന്നാൾ സീസണിലാണ് ഇത്രയും യാത്രക്കാർ വിവിധ ടെർമിനലുകളിലൂടെ കടന്നുപോകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കാലയളവിലെ ഏറ്റവും തിരക്കേറിയ ദിവസമായി കണക്കാക്കുന്നത് ഏപ്രിൽ 5 ആണ്. അന്ന് ഏകദേശം 309,000 യാത്രക്കാർ ഉണ്ടാകുമെന്നും അധികൃതർ സൂചിപ്പിച്ചു.