ഒമാനിലെ വാഹനാപകടത്തിൽ മരിച്ച കുട്ടികളടക്കം മൂന്ന് മലയാളികളുടെ സംസ്കാരം ഇന്ന്

Mail This Article
അൽഹസ ∙ പെരുന്നാൾ ദിനത്തിൽ സൗദി ഒമാൻ അതിർത്തി ബത്ഹയിൽ വാഹനാപകടത്തിൽ മരിച്ച കുട്ടികളടക്കമുള്ള 3 മലയാളികളുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. കോഴിക്കോട് - കണ്ണൂർ സ്വദേശികളായ ഇവരുടെ കബറടക്കം അൽഹസയിലാണ് നടക്കുന്നത്. ഒമാനിലെ ആർ.എസ്. സി നാഷനൽ സെക്രട്ടറിമാരായ കോഴിക്കോട്, കാപ്പാട് സ്വദേശി ഷിഹാബിന്റെയുംകണ്ണൂർ മമ്പറം സ്വദേശി മിസ്അബ് കൂത്തുപറമ്പിന്റെയും, കുടുംബവും ആണ് അപകടത്തിൽപ്പെട്ട കാറിൽ സഞ്ചരിച്ചിരുന്നത്.
ഷിഹാബിന്റെ ഭാര്യ സഹല മുസ്ല്യാരകത്ത്(30), മകൾ ആലിയ, മിസ്അബിന്റെ മകൻ ദഖ് വാൻ(6) എന്നിവരാണ് മരിച്ചത്. കുട്ടികൾ സംഭവസ്ഥലത്തും സഹല ആശുപത്രിയിലുമാണ് മരിച്ചത്. സഹലയുടെ മൃതദേഹം ഹുഫൂഫിലെ ആശുപത്രി മോർച്ചറിയിലാണുള്ളത്. അപകടസ്ഥലത്തുള്ള ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന കുട്ടികളുടെ മൃതദേഹം ഇന്ന് ഉച്ചയോടെ അൽഹസയിൽ എത്തിച്ച് കബറടക്കും.
മിസ്അബിന്റെ ഭാര്യ ഹഫീനയും മറ്റു മക്കളും പരുക്കുകളോടെ സൗദിയിലെ ഹുഫൂഫിലെ കിങ് ഫഹദ് ആശുപത്രിയിൽ ചികിത്സയിലാണ്. മുൻസീറ്റിലുണ്ടായിരുന്ന ഷിഹാബും, മിസ്അബും നിസാര പരുക്കുകളോടെ രക്ഷപ്പെട്ടെങ്കിലും അപകടത്തിന്റെ ആഘാതത്തിലാണ് ഇരുവരും. കേരളത്തിലെ എസ്എസ്എഫിന്റെ പോഷക സംഘടന ഐസിഎഫിന്റെ പ്രവാസലോകത്തെ നേതൃരംഗത്തുള്ളവരാണ് രണ്ടുപേരും. ഐസിഎഫ് അൽഹസ സെൻട്രൽ കമ്മിറ്റിയിലെ ഷരീഫ് സഖാഫി, അബുതാഹിർ കുണ്ടൂർ എന്നിവരുടെ നേതൃത്വത്തിൽ നിയമനടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
ഒമാനിൽ നിന്നും മക്കയിലേക്ക് പുറപ്പെട്ട സംഘം സൗദി അതിർത്തി കടന്നതോടെ അപകടത്തിൽപ്പെട്ട കാറിലുണ്ടായിരുന്നവർ ഉറങ്ങിപ്പോയതോടെയാണ് അപകടമുണ്ടായത്. റോഡ് ഡിവൈഡറിൽ ഇടിച്ചു മറിച്ച കാറിലുണ്ടായിരുന്ന കുട്ടികൾ അപകടസ്ഥലത്തും മരണമടഞ്ഞ കുട്ടികളിലൊരാളുടെ മാതാവ് അൽഹസയിലെ ആശുപത്രിയിലുമാണ് മരിച്ചത്. വെള്ളിയാഴ്ച നോമ്പ് തുറന്ന് മസ്കത്തിൽ നിന്നും പുറപ്പെട്ട കുടുംബം യാത്രയ്ക്കിടെ ഇബ്രി എന്ന സ്ഥലത്ത് വിശ്രമിച്ചു. ശനിയാഴ്ച വൈകിട്ട് നോമ്പ് തുറന്നതിന് ശേഷം മക്കയിലേക്കുള്ള യാത്ര തുടർന്നു സൗദി അതിർത്തിയായ ബത്ഹയിൽ ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്.