ഉംറയ്ക്കെത്തിയ മലയാളി സൗദിയിൽ അന്തരിച്ചു; മരണം മകളെ സന്ദർശിച്ച് നാട്ടിലേക്ക് മടങ്ങാനിരിക്കെ

Mail This Article
ജുബൈൽ∙ മകളെ സന്ദർശിക്കാനായി സൗദിയിലെത്തിയ ആലപ്പുഴ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. പിഡിപി ആലപ്പുഴ ജില്ലാ വൈസ്പ്രസിഡൻ്റ് മണ്ണഞ്ചേരി, കുന്നപ്പള്ളി മാപ്പിളതയ്യിൽ അബ്ദുൾ സലാം (65) ആണ് അന്തരിച്ചത്. നാട്ടിലേക്ക് തിരികെ മടങ്ങാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെയാണ് മരണം.
ജുബൈലിലുള്ള മകളുടെ വീട്ടിൽ വച്ച് കഴിഞ്ഞ ദിവസം പുലർച്ചയോടെ ദേഹാസ്വാസ്ഥ്യവും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിരുന്നു. മക്കൾ: അൻസില, മുഹമ്മദ് അൻസാരി, മുഹമ്മദ് അഫ്സൽ, ഹസീന . മരുമകൻ: മണ്ണഞ്ചേരി ഹംസ.
കഴിഞ്ഞ ഫെബ്രുവരിയിൽ ഉംറ വീസയിൽ ഭാര്യയ്ക്ക് ഒപ്പമെത്തിയ അബ്ദുസലാം ജുബൈലിൽ താമസിക്കുന്ന മകൾ അൻസിലയോടൊപ്പം ഉംറ നിർവ്വഹിച്ച് തിരികെ എത്തിയതായിരുന്നു. അടുത്ത ആഴ്ചയോടെ നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അവിചാരിതമായി വിട പറഞ്ഞത്. കേരള മുസ്ലിം ജമാഅത്ത് കുന്നപ്പള്ളി യൂണിറ്റ് അംഗമായി പ്രവർത്തിച്ചിരുന്നു.
ജുബൈൽ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾ പൂർത്തീകരിച്ച് സൗദിയിൽ തന്നെ സംസ്ക്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. പ്രവാസി വെൽഫയർ ജുബൈൽ സേവനവിഭാഗം കൺവീനർ സലീം ആലപ്പുഴ, ഐസിഎഫ് ജുബൈൽ പ്രസിഡൻ്റ് അബ്ദുൽ ജബ്ബാർ പൊന്നാട് സാമൂഹിക പ്രവർത്തകൻ നൗഫൽ പനാക്കൽ മണ്ണഞ്ചേരി എന്നിവർ നടപടികൾ പൂർത്തീകരിക്കുന്നതിനുള്ള ശ്രമത്തിലാണ്.