ഒരു മണവാട്ടിയുടെ ഭവ്യത
Mail This Article
നീണ്ട വയൽ വരമ്പിലൂടെയുള്ള അലസമായ നടത്തത്തിൽ അകലെ താഴ് വരകളിൽ ഇരുൾ പയ്യെ പയ്യെ കടന്നു വരുന്നതും കുടിലുകളിൽ വിളക്കുകൾ എരിയാൻ തുടങ്ങുന്നതും ശ്രദ്ദയിൽ പെട്ടപ്പോൾ നടത്തം അൽപ്പം വേഗത്തിലാക്കി. മുന്നിൽ നീണ്ടു കിടക്കുന്ന വയൽ വരമ്പാണ്. അതിനു സമാന്തരമായി ഒഴുകുന്ന പുഴക്കു കുറുകെയുള്ള തൂക്കുപാലം കടന്നു വേണം പോവാൻ. പാലത്തിന് മുകളിൽ നിന്ന് നോക്കുമ്പോൾ താഴെ പുഴ ശാന്തമാണ്. ആബിദുമായും കമലേച്ചിയും കന്നുകാലികളുമായി മാണിക്കവും വെള്ളത്തിൽ കളിച്ചു തിമിർക്കുന്ന ബിജുമൊട്ടനും കൂട്ടരുമൊന്നുമില്ല. പുഴയുമായി ബന്ധപ്പെട്ട പതിവ് ചര്യകളൊക്കെ നിർത്തി എല്ലാവരും പോയ് കഴിഞ്ഞിരിക്കുന്നു.
പണ്ട്...ബാല്യത്തിന്റെ അങ്ങേ അറ്റത്ത് സ്കൂൾ വിട്ടു വരുമ്പോഴുള്ള ഓർമ്മ..അപ്രതീക്ഷിതമായിട്ടാവും മഴ യുടെ വരവ്. പിന്നെ പുസ്തകവും മാറോടമർത്തിപിടിച്ച് ഒരോട്ടമാണ്.ഈ പുഴയും വയലും നാട്ടുവഴിയും അടങ്ങുന്ന പരിസരം ഓർമ്മയിൽ വരുമ്പോൾ പലപ്പോഴും ചിരി പൊട്ടുകയായി. ആരോടും പറഞ്ഞു പങ്കു വെക്കാനിഷ്ടപെടാത്ത സംഭവം മറ്റൊന്നാണ്.
രണ്ടാം തരത്തിൽ കൂടെ പഠിക്കുന്ന പെൺകുട്ടിയുടെ പിന്നാലെ അവളുടെ ചോറ്റുപാത്രം അടങ്ങുന്ന പുസ്തക സഞ്ചിയും കുഞ്ഞുകുടയും, പിന്നെ സ്വന്തം പുസ്തക സഞ്ചിയും പേറിയുള്ള ആയസപൂർണ്ണമായ യാത്ര. കയ്യ് രണ്ടും ആഞ്ഞു വീശി ഒന്നും അറിയാത്ത മട്ടിൽ, അല്ലെങ്കിൽ എന്തൊക്കെയോ നേടിയ മട്ടിൽ നിശ്ചിത അകലം പാലിച്ചു നീങ്ങുന്ന അവളുടെ രൂപം ഓർമ്മപ്പെടുത്തിയത്, സന്ധ്യക്ക് കച്ചവടം കഴിഞ്ഞു നാരങ്ങാ കൂടുകളും ചുമന്ന് ചുമട്ടുകാരുടെ മുന്നിൽ വീട്ടിലേക്ക് കയറിവരുന്ന ഉപ്പാപ്പയെയാണ്.
വഴിയിൽ പരിചിതരായ പലരെയും കണ്ടു. അതിൽ ചിലർ ഉപ്പയേ അറിയുന്നവരായിരുന്നു. "മോനെ ന്ന് ഉസ്കൂള് നേരത്തെ ബിട്ടോ?". ചിലരോടെങ്കിലും വിശദീകരിക്കേണ്ടിവന്നു. മുന്നിൽ പോവുന്ന കുട്ടിയെ ചൂണ്ടി പറഞ്ഞു."ഓള് ക്ലാസ്സിലപ്പീട്ടു. ഞാൻ ഓളെ പെരേണ്ടെടുത്തായത്തോണ്ട് ഓളുടെ പെരേലാക്കികൊടുക്കാൻ പറഞ്ഞു , സാറ് "
ഒടുവിൽ കഥ പറഞ്ഞു കൊടുത്തത് തൂക്കുപാലത്തിനു മുകളിൽ നിന്ന് കൊണ്ട് പുഴയിൽ അലക്കികൊണ്ടിരുന്ന രാജു ഏട്ടനോടായിരുന്നു. അതോടെ തന്റെ വനഗ്രാമം മുഴുവൻ ഈ നാറ്റ കഥയുടെ ഗന്ധം പരന്നു. പിന്നീട് വളർച്ചയുടെ ദശാ സന്ധികളിൽ സ്കൂളിലും ക്ലാസ്സ്മുറികളിലും വച്ച് തമ്മിൽ കാണുമ്പോഴൊക്കെ അവൾക്കു തന്നോട് എന്തോ പറയാനുള്ള ഭാവമുണ്ടെന്ന് തോന്നാറുണ്ടായിരുന്നു.അത് ഇന്നും ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ ഒന്നാണ്.
പെട്ടന്നാണ് തന്നെയും കാത്തു സൈനബയുടെ മൈലാഞ്ചിക് പോവാൻ നിൽക്കുന്ന കൂട്ടുകാരുടെ ക്ഷമയറ്റ മുഖം ഓർമ്മയിൽ തെളിഞ്ഞത്. ദൂരം ഉണ്ടെങ്കിലും ഇവിടുന്ന് തന്നെ കല്യാണ വീട് കാണാം. വഴിയോരത്ത് ഇരുൾ പരന്നതുകൊണ്ട് കല്യാണ വീട്ടിലെ പ്രകാശം വീടിന്റെ സ്ഥാന നിർണ്ണയം വ്യക്തമാകുന്നു . പ്രതിക്ഷിച്ചത് പോലെ പുറത്ത് അരണ്ട വെളിച്ചത്തിൽ കൂട്ടുകാർ നില്പുണ്ടായിരുന്നു പ്രകാശനും അലിയും, അക്ഷമരാണ്... " ഒന്ന് വേഗം ബാന്റെ അമ്പു! ".ഇടകൂടി ഭാസിക് ശരിക്കും ക്ഷമ കെട്ടിരിന്നു. പന്തലിൽ ആളുകൾ കുറവാണ്. ആരും എത്തിത്തുടങ്ങിയിട്ടില്ല. സംഘത്തെ കണ്ടപ്പോയെക്കും സൈനബയുടെ ബാപ്പ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു. മണവാട്ടിയെ കണ്ടിട്ടാകാമെന്ന കരുതി നിൽക്കുമ്പോഴാണ് പെണ്ണുങ്ങള്കിടയിൽ നിന്ന് അവൾ "സൈനബ" - ഇറങ്ങി വന്നത്.
എല്ലാരുണ്ടല്ലോ" അവൾ മൊഴിഞ്ഞു എന്നിട്ട് തന്നോടായി" ഞാമ്പേരിച് ഇഞ്ഞു ബരൂലാന്ന്. "ഓ സൈനബാന്റെ കല്യാണത്തിന് ബരാണ്ടോ..?അപ്പോൾ ഇടകൂടി ഭാസി "അപ്പൊ ഞമ്മള് ബന്നികില്ലേ ഇൻകീ പരാതിയില്ലേ?. ഇല്ലടാ ഭാസി ഞ് ബന്നിലേലും നക്ക് ഒന്നൂല്ല" പഴയ തന്റേടം തന്നെ മണവാട്ടിയുടെ നാണഭാവഹാതികളൊന്നും കണ്ടില്ല. "സൈനബാ" പതുക്കെ, വളരെ പതുക്കെയാണ് ഞാൻ വിളിച്ചത്. "എന്തേയ് " അതെ ഈണത്തിൽ അവൾ വിളികേട്ടൂ.
"ഓർമ്മയുണ്ടോ പണ്ട് ക്ലാസ്സിൽ അപ്പിയിട്ടതും, വീട്ടിൽ ഞാൻ കൊണ്ട് വന്നു വിട്ടതും" പെട്ടന്ന് അവൾ ആകെ ചുക്കി ചുളുങ്ങി ചുവന്നുപോയി. ഇപ്പോഴാണ് ശരിക്കും ഒരു മണവാട്ടിയുടെ ലജ്ജയും ഭവ്യതയും അവൾക്കു കൈ വന്നത്. പക്ഷെ ഒരുനിമിഷത്തെക്കു മാത്രം പിന്നെ 'ഞ്ഞി പോടാ, ഞ് തന്നാ ബെഞ്ചില് തൂറിയേത്. ഞമ്മളല്ല.അവൾ വീണ്ടും പഴയ രണ്ടാം ക്ലാസ്സ്‌കാരിയായി, സ്വർണ്ണ വളകളോടപ്പം ചിരിയിൽ പങ്കു ചേർന്ന് അകത്തേക്ക് ഓടിപ്പോയി.