‘അടുത്തതായി ചന്ദ്രനിൽ പോകുന്നത് ആരാണെന്നോ? മോന്റെ അച്ഛൻ’

Mail This Article
അച്ഛൻ എന്നെ തോളത്തിരുത്തി അടുത്തിലെ സ്കൂളിനരികെ ഏഴോം ഭാഗത്തേക്ക് പോകുന്ന ചുവന്നമണ്ണും ചരലും നിറഞ്ഞ റോഡിലൂടെ നടക്കുകയാണ്. റോഡ് എന്ന് അന്നത്തെ അവസ്ഥയെ വിളിക്കാൻ പറ്റില്ല. നല്ല വീതിയുള്ള ഒരു നടപ്പാത. അച്ഛന്റെ വീട് സ്കൂളിന്റെ തൊട്ടുപുറകിൽ. അമ്മയുടെ വീട്ടിലേക്കായിരുന്നു ആ നടത്തം. നടപ്പാതയുടെ ഒരുവശത്തെ വീട്ടിൽ ഉച്ചത്തിൽ റേഡിയോ വച്ചിട്ടുണ്ട്.
ആകാശവാണി കോഴിക്കോട്. ഇന്നത്തെ പ്രധാന വാർത്തകൾ. വായിക്കുന്നത് രാമചന്ദ്രൻ. വാർത്ത തുടങ്ങി. അച്ഛൻ ബ്രേക്കിട്ടതുപോലെ നിന്നു. മനുഷ്യൻ ചന്ദ്രനിൽ കാലുകുത്തി എന്ന വാർത്ത ലോകം മുഴുവൻ അറിഞ്ഞു അന്ന്. അമേരിക്കയുടെ അപ്പോളോ ദൗത്യം വിജയിച്ചു. മനുഷ്യരാശിയുടെ തന്നെ വൻ നേട്ടം! അച്ഛന് വലിയ സന്തോഷം. എനിക്ക് അമേരിക്കയെപ്പറ്റിയും ചന്ദ്രനിലേക്കുള്ള യാത്രയെപ്പറ്റിയും കുറെ വിവരിച്ചുതന്നു. എന്നിട്ടൊടുവിൽ എന്നെ ഞെട്ടിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു. അടുത്തു ചന്ദ്രനിൽ പോകുന്നത് ആരാണെന്നോ? “ആര്?”, എന്റെ നിഷ്കളങ്കമായ ചോദ്യം!
അച്ഛൻ നെഞ്ചിൽ കൈവച്ച് പറഞ്ഞു: “ദാ, മോന്റെ ഈ അച്ഛൻ!” എനിക്ക് ഭയവും സങ്കടവുമെല്ലാം ഒന്നിച്ചുവന്നു. അച്ഛൻ നെഞ്ചിൽ കൈവച്ച് പറഞ്ഞാൽ അത് ചെയ്യും! ഞാൻ ഒറ്റ കരച്ചിലായിരുന്നു! “അച്ഛാ വേണ്ട, പോകേണ്ടാ” നിലവിളി എന്നുതന്നെ പറയാം. പിന്നെ, എത്രയോ നാളുകൾ അതോർത്ത് പേടിച്ച് പിന്നെയും പിന്നെയും ഞാൻ കരഞ്ഞു. അച്ഛൻ കൂടെയില്ലാത്ത ജീവിതം എനിക്ക് അന്ന് സങ്കൽപിക്കാവുന്നതായിരുന്നില്ല. മനസ്സിൽ അത് കൊത്തിക്കയറി അവിടെ നിന്നു. ഇന്നേക്ക് അമ്പതു വർഷം കഴിഞ്ഞിട്ടും മായാതെ. ഒരു രാത്രിയിൽ ഉറക്കത്തിൽ ഞെട്ടിയുണർന്ന് കരഞ്ഞു! അന്ന് അച്ഛൻ നെഞ്ചിൽ കൈവച്ച് പറഞ്ഞു. “അച്ഛൻ മോനെ വിട്ട് എവിടേം പോവില്ല”, എനിക്ക് കുറച്ച് സമാധാനമായി. അച്ഛന്റെ നെഞ്ചിൽ തലവച്ച് കിടന്ന് ഉറങ്ങാൻ തുടങ്ങുമ്പോൾ അച്ഛൻ ചോദിക്കുന്നു, “അച്ഛനെ വിട്ട് മോൻ എവിടെയെങ്കിലും പോകുമോ?”.

അച്ഛനെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുത്ത് ഞാൻ പറഞ്ഞു. “ഇല്ല. ഒരിക്കലുമില്ല” അച്ഛൻ വാക്കു പാലിച്ചു. അച്ഛൻ ചന്ദ്രനിൽ പോയില്ല. ഞാൻ എന്റെ വാക്കു പാലിക്കാതെ അച്ഛനെ നാട്ടിൽ വിട്ട് അമേരിക്കയിലേക്ക് വന്നു! ചന്ദ്രന്റെ കുറച്ചടുത്തോളം പറന്നു. അച്ഛനെക്കാളും 35000 അടി ഉയരത്തിൽ. എന്നിട്ട് 69ൽ മനുഷ്യനെ ചന്ദ്രനിലയച്ച പേടകത്തിനടുത്ത് വരെ പോയി. അച്ഛൻ ഇന്നലെ യാത്ര പോയി. തൊണ്ണൂറ്റിയഞ്ചാമത്തെ ജന്മദിനത്തിൽ പുലർച്ചെ അച്ഛന്റെ ശ്വാസം എന്നെന്നേക്കുമായി നിലച്ചു. എന്നോടുള്ള വാക്ക് കൃത്യമായി പാലിച്ച അച്ഛൻ! ഞാൻ വാക്കു പാലിച്ചില്ല എന്ന വിഷമത്തോടെ ഈ ലോകത്തോട് വിടപറഞ്ഞു! ചന്ദ്രനിലേക്ക് പോയതാണോ?