ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസിന്റെ ന്യുസീലൻഡ് സന്ദർശനത്തിന് നാളെ തുടക്കം

Mail This Article
ഫാങ്കറൈ ∙ മാർത്തോമ്മാ സുറിയാനി സഭയുടെ മലേഷ്യ-സിംഗപ്പൂർ -ഓസ്‌ട്രേലിയ ഭദ്രാസനാധിപൻ റൈറ്റ്.റവ.ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പയുടെ ന്യുസീലൻഡ് സന്ദർശനത്തിന് ചൊവ്വാഴ്ച തുടക്കമാകും.
19ന് നോർത്ത് ലാൻഡിൽ എക്യൂമെനിക്കൽ പ്രതിനിധികളുടെ സ്വീകരണം ഏറ്റുവാങ്ങും. തുടർന്ന് ഫാങ്കറൈ മേയർ വിൻസ് കൊക്കുറുളളയുമായി കൂടിക്കാഴ്ച നടത്തും. മൗനു സെന്റ്.ജോൺ ആംഗ്ലിക്കൻ ചർച്ചിൽ ഇടവക സമൂഹത്തെ അഭിസംബോധന ചെയ്യും.
വൈകിട്ട് 6 മണിക്ക് ഫാങ്കറൈ മാർത്തോമ്മാ ഇടവകയിൽ വിശുദ്ധ കുർബാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. 20ന് ഹാമിൽട്ടൺ സന്ദർശിക്കും. ഇവിടുത്തെ ട്രിനിറ്റി മാർത്തോമ്മാ കോൺഗ്രിഗേഷനെ ഇടവകയായി ഉയർത്തുന്നത് സംബന്ധിച്ച് ഔദ്യാഗിക പ്രഖ്യാപനം നടത്തും.
21ന് ന്യൂസീലൻഡിന്റെ ദക്ഷിണ ദ്വീപിലെ ഏറ്റവും വലിയ നഗരമായ ക്രൈസ്റ്റ് ചർച്ചിൽ നടക്കുന്ന സൗത്ത് ഐലൻഡ് മാർത്തോമ്മാ ഫാമിലി ക്യാംപ് 2025 ൽ മുഖ്യ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ ക്രൈസ്റ്റ് ചർച്ച്‍ ആംഗ്ലിക്കൻ ബിഷപ് റൈറ്റ്.റവ.ഡോ പീറ്റർ.ആർ.കാർവെൽ, ക്രൈസ്റ്റ് ചർച്ചിലെ മാർത്തോമ്മാ ഇടവക വികാരി സാബു സാമുവേൽ എന്നിവർ പെങ്കെടുക്കും.

22ന് ഓക്‌ലാൻഡ് സെന്റ്.തോമസ് മാർത്തോമ്മാ ഇടവകയുടെ പുതു ദേവാലയത്തിന്റെ കൂദാശയും സമർപ്പണവും നടത്തും. 24ന് പാമെർസ്‌റ്റൺ നോർത്ത് മാർത്തോമ്മാ ഇടവകയിലും 25ന് വെല്ലിങ്ടൻ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിലും നടക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷകൾക്കും മാർ സ്തേഫാനോസ് എപ്പിസ്കോപ്പ നേതൃത്വം നൽകുമെന്നും ചുമതലക്കാർ അറിയിച്ചു .
