20 വർഷം മുൻപ് യുവതിയെ കൊന്നു; പ്രതിക്ക് വിഷമിശ്രിതം കുത്തിവെച്ച് വധശിക്ഷ

Mail This Article
ഹണ്ട്സ്‌വില്ല (ടെക്സസ്) ∙ 20 വർഷം മുൻപ് മെലിന ബിൽ ഹാർട്ട്സ് (29) എന്ന യുവതിയെ കൊലപ്പെടുത്തിയ കേസിൽ ടെക്സസിൽ നിന്നുള്ള ജസ്റ്റിൻ ഹാളിന്റെ (38) വധശിക്ഷ ബുധനാഴ്ച വൈകിട്ട് ഹണ്ട്സ്‌വില്ല ജയിലിൽ നടപ്പാക്കി. ടെക്സസിലെ ഈ വർഷത്തെ എട്ടാമത്തെതും അമേരിക്കയിലെ 19–ാ മത്തെതും വധശിക്ഷയാണിത്.

വിഷമിശ്രിതം കുത്തിവയ്ക്കുന്നതിനു മുൻപ് കൊല്ലപ്പെട്ട യുവതിയുടെ കുടുംബാംഗങ്ങളോട് ക്ഷമ ചോദിക്കുന്നതായി പ്രതി പറഞ്ഞു. വധശിക്ഷയ്ക്ക് ദൃക്സാക്ഷിയായി കൊല്ലപ്പെട്ട യുവതിയുടെ സഹോദരി ജയിലിൽ എത്തിയിരുന്നു.
മയക്കു മരുന്നു വ്യാപാരവുമായി ബന്ധപ്പെട്ട് ബിൽ ഹാർട്ടിസിനെ കൊലപ്പെടുത്തിയത് ഡ്രഗ് ഹൗസിൽ വച്ചായിരുന്നുവെന്ന് പ്രതി സമ്മതിച്ചിരുന്നു. മയക്കു മരുന്ന് വ്യാപാരത്തെ കുറിച്ചു മറ്റുള്ളവർക്ക് വിവരം നൽകുമോ എന്ന ഭയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി സമ്മതിച്ചു. കഴുത്തു ഞെരിച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. വിഷമിശ്രിതം സിരകളിലേക്ക് പ്രവഹിച്ചു പതിനൊന്ന് മിനിറ്റിനു ശേഷം ജസ്റ്റിൻ ഹാളിന്റെ മരണം സ്ഥിരീകരിച്ചു.

അമേരിക്കയിൽ ഏറ്റവും കൂടുതൽ വധശിക്ഷ നടപ്പാക്കുന്ന സംസ്ഥാനമാണ് ടെക്സസ്. വധശിക്ഷക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഭരണാധികാരികൾ ഇതു മുഖവിലയ്ക്കെടുത്തിട്ടില്ല.