സാമൂഹിക പ്രവർത്തക ഷീബാ അമീറിന് അമേരിക്കയിൽ അംഗീകാരം
![sheeba-ameer-california sheeba-ameer-california](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2022/12/6/sheeba-ameer-california.jpg?w=1120&h=583)
Mail This Article
കലിഫോർണിയ ∙ കേരളത്തിൽ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സോലസ് ചാരിറ്റി സംഘടനയുടെ സാരഥി ഷീബാ അമീറിന് അമേരിക്കയിൽ നിന്ന് അംഗീകാരം. കാൻസർ തുടങ്ങി ചികിത്സിച്ചു ഭേദമാക്കാൻ കഴിയാത്ത മാരക അസുഖങ്ങൾ ബാധിച്ച കേരളത്തിലങ്ങോളമുള്ള മൂവായിരത്തിലേറെ കുട്ടികൾക്കും കുടുംബങ്ങൾക്കും അത്താണിയാണ് സോലസ് ചാരിറ്റി സംഘടന.
അമേരിക്കയിൽ സിലിക്കൺവാലി, ടെക്സാസ്, വാഷിങ്ടൺ, ഫ്ലോറിഡ തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ സോലസ് ചാരിറ്റി സംഘടനയുടെ ചാപ്റ്ററുകൾ പ്രവർത്തിക്കുന്നുണ്ട്.
സിലിക്കൻവാലിയിൽ ഫണ്ട് സമാഹരണ ബാങ്ക്വറ്റിൽ പങ്കെടുക്കാനെത്തിയ സോലസിന്റെ സാരഥി ഷീബാ അമീറിന് മലയാളി സംഘടനകൾ സ്വീകരണം നൽകി. മൂവായിരത്തിലേറെ രോഗബാധിതരായ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും അത്താണിയായി പ്രവർത്തിക്കുന്ന സംഘടനയ്ക്കു നേതൃത്വം നൽകുന്ന ഷീബാ അമീറിനു കലിഫോർണിയ സംസ്ഥാന സെനറ്റർ ഡേവിഡ് കോർട്ടസ് നേരിട്ട് പങ്കെടുത്ത് കലിഫോർണിയ സംസ്ഥാനത്തിന്റെ അംഗീകാരപത്രം സമ്മാനിച്ചു.
![sheeba-ameer-california-2 sheeba-ameer-california-2](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/us/images/2022/12/6/sheeba-ameer-california-2.jpg)
കാൻസർ ബാധിച്ചു കേരളത്തിലങ്ങോളമിങ്ങോളമുള്ള ആയിരക്കണക്കിനു കുട്ടികൾക്കും കുടുംബങ്ങൾക്കും താങ്ങും തണലുമായി പ്രവർത്തിയ്ക്കുന്ന ഷീബാ അമീറിന്റെയും നൂറുകണക്കിനു വോളണ്ടിയർമാരുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളെ വിലയിരുത്തി ലയൺസ് ക്ലബ്ബ് ഇന്റർ നാഷനൽ കലിഫോർണിയ ഡിസ്ട്രിക്ട് ഗവർണർ ജെയിംസ് വർഗീസ് സ്വർണ്ണ മെഡൽ നൽകി ആദരിയ്ക്കകുയും സിലിക്കൺവാലി ഇന്ത്യൻ ലയൺസ് ക്ലബ്ബിനെ പ്രതിനിധീകരിച്ചു ജി. ഗോപകുമാർ, മലയാളി അസോസിയേഷൻ ഓഫ് നോർത്ത് കലിഫോർണിയയെ പ്രതിനിധീകരിച്ചു റെനി പൗലോസ് എന്നിവർ സോലസിന്റെ പ്രവർത്തനങ്ങൾക്കായി സാമ്പത്തിക സാഹയവും നൽകി.