രോഗികളിൽ നിന്നും മര്ദനമേക്കുന്ന നഴ്സുമാരുടെ എണ്ണം വർധിക്കുന്നു

Mail This Article
ഫിലഡല്‍ഫിയാ ∙ ഇന്ത്യയിലും അമേരിക്കയിലും രോഗികള്‍ നഴ്സുമാരെയും ആരോഗ്യപ്രവര്‍ത്തകരെയും ശാരീരികമായും മാനസീകമായും ഉപദ്രവിക്കുന്നത് അനിയന്ത്രിതമായി വർധിക്കുന്നതായി വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് നിയന്ത്രണത്തിലുള്ള പെന്‍സില്‍വേനിയ അസോസിയേഷന് ഓഫ് സ്റ്റാഫ് നഴ്സ് വക്താവും, ഇന്ത്യയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് റിപ്പോര്‍ട്ടിലും പറയുന്നു. 30 വര്‍ഷമായി രോഗികളുടെയും ആരോഗ്യ പ്രവര്‍ത്തകരുടെയും പരാതികളും അഭിപ്രായങ്ങളും ശ്രവിക്കുകയും അധികാരികളെ അറിയിക്കുകയും ഉത്തമമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്ന അമേരിക്കന്‍ സംഘടനയായ പ്രസ് ഗാനിയുടെ പ്രസ്താവനയില്‍ ദിനംപ്രതി ശരാശരി 57 നഴ്സുമാരെ രോഗികള്‍ ആക്രമിക്കുന്നതായി വെളിപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ മാസം ഫിലഡല്‍ഫിയയിലെ ആല്‍ബര്‍ട്ട് ഐന്സ്റ്റിന് ആശുപത്രിയിലെ പ്രസവ വാര്‍ഡില്‍നിന്നും നവജാത ശിശുവിനെ മോഷ്ടിക്കുവാന്‍ ശ്രമിച്ച സ്ത്രീയെ തടയുവാന്‍ ശ്രമിച്ച നഴ്സിനെ കുത്തി മുറിവേല്‍പ്പിച്ചു. നഴ്സുമാര്‍ ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ ശിശുവിനെ രക്ഷിച്ചു. ഹോസ്പിറ്റലിനുള്ളില്‍ ഏറ്റവും സുരക്ഷിതമായ എന്‍ഐസിയുവിനുള്ളില്‍ കയറി ക്രൂരമായി നഴ്സിനെ ഉപദ്രവിക്കുകയും വധശ്രമം നടത്തുകയും ചെയ്തതിനെ തുടര്‍ന്ന് അമേരിക്കന്‍ നഴ്സുമാര്‍ ഭയത്തിലാണ്.
2022, 2023 കാലഘട്ടങ്ങളില്‍ ഐന്സ്റ്റീന് ഹോസ്പിറ്റലിലെ 18 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗികളില്‍നിന്നും സന്ദര്‍ശകരില്‍നിന്നും മര്‍ദ്ദനം ഏറ്റതായി ഫിലഡല്‍ഫിയാ പൊലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ കാലഘട്ടത്തില്‍തന്നെ സുപ്രസിദ്ധമായ ജെഫേര്‍സണ്‍ ഹോസ്പിറ്റലില്‍ 32 ഉം ടെംപിള്‍ യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 31 ഉം പെന്‍ പ്രസ്ബിറ്റേറിയന്‍ ഹോസ്പിറ്റലില്‍ 4 ഉം ജീവനക്കാര്‍ക്ക് ഗുരുതരമായ മര്‍ദ്ദനം ഏറ്റതായും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
നിരന്തരം രോഗികളില്‍നിന്നും ഉണ്ടാകുന്ന അക്രമാസക്തമായ പെരുമാറ്റവും ബലപ്രയോഗവും മൂലം ഭയത്തിലും നിരാശയിലുമുള്ള നഴ്സുമാര്‍ക്കു ആത്മവീര്യവും സുരക്ഷിതത്വവും ഉറപ്പാക്കുവാന്‍ ആശുപത്രി അധികൃതര്‍ ശ്രമിക്കണമെന്ന് അമേരിക്കന്‍ നഴ്സസ്സ് യൂണിയന് ശക്തമായി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലെ ആരോഗ്യപ്രവര്‍ത്തകരില്‍ 75 ശതമാനത്തിനും ജോലിക്കിടെ ഒരിക്കലെങ്കിലും പീഡനം ഏറ്റതായി വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന് റിപ്പോര്‍ട്ടില്‍ പറയുന്നു.