ആലപ്പുഴ സ്വദേശിനി കരിസ്സിമ മാത്തൻ കാനഡയിൽ ജഡ്ജി

Mail This Article
ആലപ്പുഴ ∙ അർത്തുങ്കൽ സ്വദേശിനി കരിസ്സിമ മാത്തൻ (57) ഇനി കാനഡയിലെ ഓൺടേറിയോ സുപ്പീരിയർ കോടതിയിൽ ജഡ്ജി. ഓസ്ഗുഡെ ഹാൾ ലോ സ്കൂളിൽ നിന്ന് എൽഎൽബിയും കൊളംബിയ സർവകലാശാലയിൽ നിന്ന് എൽഎൽഎമ്മും നേടിയ കരിസ്സിമ ഒട്ടാവ, ന്യൂ ബ്രൺസ്വിറ്റ് സർവകലാശാലകളിൽ അധ്യാപികയായിരുന്നു.
കാനഡയിൽ അധ്യാപകരായിരുന്ന അർത്തുങ്കൽ കുരിശിങ്കൽ പരേതരായ യൂസേബിയോസ് മാത്തന്റെയും എൽസിയുടെയും ഏകമകളായ കരിസ്സിമ ജനിച്ചത് അർത്തുങ്കലിലാണെങ്കിലും വളർന്നതു മോൺട്രിയലിലാണ്. 4 വർഷം മുൻപ് മാതാപിതാക്കൾ മരിച്ചു. മുൻ എംപി ജോസഫ് മാത്തന്റെ സഹോദരനാണ് യൂസേബിയോസ്. അദ്ദേഹം കേരളത്തിലെ വിവിധ കോളജുകളിൽ അധ്യാപകനായിരുന്നു. അവാർഡുകൾ നേടിയവ ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ കരിസ്സിമ എഴുതിയിട്ടുണ്ട്. ഭർത്താവ്: ജേസൺ.