സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി ബൈഡൻ – ട്രംപ് കൂടിക്കാഴ്ച
Mail This Article
ഹൂസ്റ്റണ്‍ ∙ പ്രസിഡന്റുമാരുടെ പൊക്കത്തിന് രാഷ്ട്രീയത്തില്‍ എന്തെങ്കിലും കാര്യമുണ്ടോ? യുഎസില്‍ ഇപ്പോള്‍ ഈ വിഷയത്തില്‍ വലിയൊരു ചര്‍ച്ച നടക്കുകയാണ്. നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നിലവിലുള്ള പ്രസിഡന്റിനെ സന്ദര്‍ശിച്ചതാണ് പുതിയ ചര്‍ച്ചയ്ക്ക് തുടക്കമിട്ടത്.
വൈറ്റ് ഹൗസ് പുറത്തുവിട്ട ചിത്രത്തില്‍ ട്രംപിനേക്കാള്‍ ഉയരും കൂടുതല്‍ ബൈഡന് വന്നതോടെയാണ് വിഷയം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത്. പതിവു പോലെ സമൂഹ മാധ്യമങ്ങളിലാണ് 'പൊക്ക'ത്തിലുള്ള ഈ ചര്‍ച്ച നടക്കുന്നത്. അമേരിക്കയുടെ സമാധാനപരമായ അധികാര കൈമാറ്റത്തിന്റെ ഭാഗമായാണ് യുഎസ് പ്രസിഡന്റ് ജോ ബൈഡനും നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും അടുത്തിടെ വൈറ്റ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയത്.
ഇരുവരും സംസാരിക്കുന്ന ചിത്രമാണ് ചര്‍ച്ചാവിഷയമായത്. ബൈഡന് ആറടി ഉയരമാണ്. ട്രംപിന് ആറടി മൂന്നിഞ്ച് ഉയരമുണ്ടെന്നും ഔദ്യോഗിക രേഖകള്‍ പറയുന്നു. എന്നാല്‍ വൈറ്റ് ഹൗസ് ഫൊട്ടോഗ്രാഫര്‍ ഒലിവര്‍ കോണ്‍ട്രേറസ് എടുത്ത ഫോട്ടോയില്‍ ബൈഡനാണ് ഉയരക്കൂടുതല്‍. ഇത് സമൂഹ മാധ്യമത്തിൽ ചർച്ചകൾക്ക് വഴിയൊരുക്കി.
അതേസമയം താനും ബൈഡനും തമ്മില്‍ വളരെ നല്ല കൂടിക്കാഴ്ചയാണ് നടന്നതെന്ന് ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. പരസ്പരം കണ്ടത് ശരിക്കും ആസ്വദിച്ചു എന്നും 'പരസ്പരം വീണ്ടും പരിചയപ്പെട്ടു' എന്നും ബൈഡന്‍ കൂടിക്കാഴ്ചയെ വിശേഷിപ്പിച്ചു.