ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡറിന്മേലുള്ള സ്റ്റേ നീക്കം ചെയ്ത് സുപ്രീം കോടതി

Mail This Article
വാഷിങ്ടൺ ∙ ഫെഡറൽ ഗവൺമെന്റ് ജീവനക്കാർക്ക് സ്വമേധയാ പിരിഞ്ഞു പോകാൻ അനുവാദം നൽകുന്ന പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ എക്സിക്യൂട്ടീവ് ഓർഡറിന് മേൽ യുഎസ് സുപ്രീം കോടതി ഏർപ്പെടുത്തിയിരുന്ന സ്റ്റേ നീക്കം ചെയ്തു. ജീവനക്കാരുടെ വക്താവ് അവരുടെ യൂണിയന്റെ തുടർ നിയമ നടപടികൾ ചർച്ച ചെയ്യുമെന്ന് പറഞ്ഞു.
ഒരു വിഭാഗം ഫെഡറൽ ജീവനക്കാരോട് പിരിഞ്ഞു പോകാൻ അധികൃതർ നിർദേശിച്ചിട്ടുണ്ട്. നിർേദശം ലഭിച്ച ജീവനക്കാരിൽ ചിലർ അനുകൂല നിലപാട് സ്വീകരിച്ച് സമ്മത പത്രങ്ങൾ നൽകി കഴിഞ്ഞു. മറ്റു ചിലർ എന്താകും കോടതി എന്ന് അറിയാൻ കാത്തിരിക്കുകയായിരുന്നു. എന്നാൽ വൈകി എത്തുന്ന സമ്മതപത്രങ്ങൾ പരിഗണിക്കേണ്ടതില്ല എന്നാണ് ട്രംപിന്റെ നിലപാട്.
പിരിഞ്ഞു പോകാനുള്ള ഉത്തരവ് വരുമെന്ന് നേരത്തെ തന്നെ ശ്രുതി ഉണ്ടായിരുന്നു. അങ്ങനെയാണ് ഒരു വിഭാഗം പിരിഞ്ഞു പോകാനുള്ള പൊരുത്തപ്പെടൽ നേരത്തെ തന്നെ സ്വീകരിച്ചത്. മറ്റു മേഖലകളിൽ ജോലി സ്വീകരിക്കുവാൻ ജീവനക്കാരെ ഇതിനകം തന്നെ ഉപദേശിച്ചിരുന്നു എന്നും വാർത്തയുണ്ട്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിൻ ലെവിറ്റ് ഇത് വലിയ ഉദാരമനസ്കതയായി വിശേഷിപ്പിച്ചു.
ഈക്വൽ എംപ്ലോയ്‌മെന്റ് ഓപ്പർച്യൂണിറ്റി കമ്മീഷൻ വക്താവ് ഈ നടപടി അധികാരികൾ ഔന്നത്യത്തിൽ നിന്ന് താഴേക്കിറങ്ങി വന്നു കനിവ് കാട്ടുന്ന ഒരു സന്ദർഭമായി വിശേഷിപ്പിച്ചു. ഇതിനു മുൻപ് സിഐഎ ജീവനക്കാരെ ഈ ഉത്തരവിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇപ്പോൾ അവർക്കും സ്വമേധയാ പിരിഞ്ഞു പോകാൻ അനുവാദം നൽകിയിട്ടുണ്ട്. നാഷണൽ സെക്യൂരിറ്റി വിഭാഗത്തിലെ ജീവനക്കാർക്ക് ഈ ഉത്തരവ് ബാധകമല്ല എന്ന് മുൻപ് പറഞ്ഞിരുന്നു. ഇപ്പോൾ അവർക്കും ഈ ഉത്തരവ് ബാധകമാണ് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഡസൻ കണക്കിന് കേസുകൾ ട്രംപിന്റെ ഓർഡറിന് എതിരായി ഫയൽ ചെയ്തിട്ടുണ്ട്. ഫെഡറൽ ജഡ്ജിമാർ ഇത് വരെ ട്രംപിന്റെ ഓർഡറുകൾ സ്റ്റേ നൽകി മരവിപ്പിച്ചിരിക്കുകയാണ്. യുഎസ് ഏജൻസി ഫോർ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് 2220 ജീവനക്കാരോട് അവധിയിൽ പ്രവേശിക്കുവാനോ പിരിഞ്ഞു പോകുവാനോ നിർദേശിച്ചിരുന്നു. ഈ നിർദേശത്തിനും ഇത് വരെ സ്റ്റേ ഉണ്ടായിരുന്നു.