ADVERTISEMENT

ലോകപ്രശസ്ത പോപ് ഗായിക മരിയ കാരി മദ്യത്തിന് അടിപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് കൂട്ടുകാർ. എല്ലാ ദിവസവും രാത്രി വൈകുവോളം മരിയ മദ്യപാനം നടത്തുന്നുണ്ടെന്നാണ് ഗായികയുമായി അടുത്ത സൗഹൃദം പുലർത്തുന്നവർ പറയുന്നത്. പൊതുവെ ആരുപറഞ്ഞാലും കേൾക്കാത്ത സ്വഭാവമാണ് മരിയയ്ക്കെന്നും തങ്ങളെത്ര പറഞ്ഞിട്ടും കാര്യമില്ലെന്നും കൂട്ടുകാർ പരിഭവിക്കുന്നു.

കഴിഞ്ഞവർഷം അമ്മയും സഹോദരിയും മരണപ്പെട്ടത് 55 വയസ്സുകാരിയായ മരിയയെ വല്ലാതെ ഉലച്ചിരുന്നു. ഇതെത്തുടർന്നാണ് അമിത മദ്യപാനം ഗായിക തുടങ്ങിയതെന്നാണു റിപ്പോർട്ടുകൾ. ഇതു ഗായികയുടെ ആരോഗ്യത്തെയും ബാധിക്കുന്നുണ്ട്. ചടുലമായ ചലനങ്ങളുള്ള മരിയ ഇപ്പോൾ സ്റ്റേജിൽ വളരെ പണിപ്പെട്ടാണു നൃത്തചലനങ്ങൾ നടത്തുന്നതെന്ന് ആരാധകർ പറയുന്നു. ഉറക്കക്കുറവും അമിതമായ ജങ്ക് ഫുഡ് ഉപയോഗവും മരിയയ്ക്കുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.

തനിക്കു തീവ്ര വിഷാദരോഗമുണ്ടെന്നു മരിയ 2018ൽ പറഞ്ഞിരുന്നു. 2001 ൽ മാനസിക ചികിൽസയ്‌ക്കു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മരിയ തിരിച്ചുവരവ് നടത്തിയത് അന്നത്തെ വലിയ വാർത്തയായിരുന്നു. താനഭിനയിച്ച ഗ്ലിറ്റർ എന്ന ചിത്രം പരാജയപ്പെട്ടതാണ് മരിയയെ വിഷമസ്ഥിതിയിലാക്കിയത്. ഇതിനുശേഷം അവർ സംഗീതലോകത്തേക്കു തിരിച്ചു വന്നത്  മൂന്നു ഗ്രാമി അവാർഡുകൾ സ്വന്തമാക്കിയാണ്.

മരിയ കാരി. Image Credit: Instagram/mariahcarey
മരിയ കാരി. Image Credit: Instagram/mariahcarey

പോപ് സംഗീതലോകത്തെ ഏറ്റവും വലിയ താരങ്ങളിലൊരാളാണു മരിയ. 22 കോടിയിലധികം റെക്കോർഡുകൾ അവരുടേതായി വിറ്റഴിഞ്ഞിട്ടുണ്ട്. അനേകം ബിൽബോർഡ് നേട്ടങ്ങളും ഈ ഗായിക കരസ്ഥമാക്കിയിട്ടുണ്ട്. 14 ആഴ്‌ച തുടർച്ചയായി ബിൽബോർഡ് ഹിറ്റ് ചാർട്ടിൽ ഒന്നാം സ്‌ഥാനം നേടി 2005 ലെ പോപ് റാണി പട്ടം അവർ നേടിയിരുന്നു. 1994ൽ ഓൾ ഐ വാണ്ട് ഫോർ ക്രിസ്മസ് ഈസ് യു എന്ന ഗാനം തരംഗം തീർത്തു. ഇന്നും റോയൽറ്റി ഇനത്തിൽ മരിയയ്ക്ക് ഈ ഗാനം വരുമാനം നേടിക്കൊടുക്കുന്നുണ്ട്.

മരിയയുടെ വ്യക്തിജീവിതവും പലപ്പോഴും വാർത്തയാകാറുണ്ട്. 1993ൽ ടോമി മോട്ടോല എന്ന സംരംഭകനെ ആഢംബരപൂർണമായ ഒരു ചടങ്ങിൽ മരിയ വിവാഹം കഴിച്ചു. എന്നാൽ ദാമ്പത്യത്തിലെ താളപ്പിഴകൾ മൂലം 1996ൽ ഇരുവരും വിവാഹമോചിതരായി. പിന്നീട് ബേസ്ബോൾ കളിക്കാരനായ ഡെറക് ജെറ്ററുമായും ഗായകൻ ലൂയി മിഗലുമായും പ്രണയബന്ധങ്ങളുണ്ടായെങ്കിലും ഇവ വിവാഹത്തിലെത്തിയില്ല.

മരിയ കാരി. Image Credit: Instagram/mariahcarey
മരിയ കാരി. Image Credit: Instagram/mariahcarey

2008ൽ കൊമീഡിയൻ നിക് കാനനെ മരിയ രണ്ടാമത് വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ 2 കുട്ടികളും ഉണ്ടായി. 2016ൽ ദമ്പതിമാർ വേർപിരിഞ്ഞു. പിന്നീട് ശതകോടീശ്വരൻ ജയിംസ് പാർക്കർ, നർത്തകൻ ബ്രയൻ ടനാക തുടങ്ങിയവരുമായി മരിയയുടെ പേര് ഉയർന്നു കേട്ടിരുന്നു. അപാരമായ ആലാപനശൈലിക്കൊപ്പം മരിയയുടെ സൗന്ദര്യവും പ്രശസ്തി നേടിയിരുന്നു. അമേരിക്കയിലെ  ഏറ്റവും മനോഹരമായ കാലുള്ളവർക്കായി ഏർപ്പെടുത്തിയ ‘സെലിബ്രിറ്റി ലെഗ്‌സ് ഓഫ് എ ഗോഡസ്’ അവാർഡ്  2006ൽ ആദ്യമായി നേടിയതു മരിയയാണ്. പിന്നാലെ മരിയ തന്റെ കാലുകൾ 4500 കോടി രൂപയ്‌ക്ക് ഇൻഷുർ ചെയ്‌തു.

English Summary:

World-famous pop singer Mariah Carey is suffering from alcoholism, her friends say. Those close to the singer say that Mariah drinks until late every night. Mariah's friends complain that she generally doesn't listen to anyone. And this alcohol addiction could cost her life.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com