ഇന്ത്യക്കാരിയുടെ തിരോധാനം: യുഎസിലേക്ക് മടങ്ങാൻ അനുവദിക്കണമെന്ന് ജോഷ്വ; മകൾ മരിച്ചതായി പ്രഖ്യാപിക്കണമെന്ന് മാതാപിതാക്കൾ?

Mail This Article
പിറ്റ്‌സ്ബർഗ് ∙ ഡൊമിനിക്കൻ റിപ്പബ്ലിക്കനിൽ കാണാതായ ഇന്ത്യൻ വിദ്യാർഥിനി സുദിക്ഷ കൊണങ്കിയെ മരിച്ചതായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി മാതാപിതാക്കൾ . സുദിക്ഷയെ മരിച്ചതായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം അധികൃതർക്ക് കത്തെഴുതിയെന്നാണ് റിപ്പോർട്ടുകൾ. യുഎസ് മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. എന്നാൽ ഈ റിപ്പോർട്ടുകളോട് പ്രതികരിക്കാൻ കുടുംബം തയാറായിട്ടില്ല.
20 വയസ്സുകാരി സുദിക്ഷ കൊണങ്കി യുഎസിൽ സ്ഥിരതാമസത്തിന് അർഹതയുള്ള ഇന്ത്യക്കാരിയാണ്. മാർച്ച് 6ന് ഡൊമിനിക്കൻ റിപ്പബ്ലിക്കനിലെ പുന്റ കാനയിൽ കാണാതായ യുവതിയെക്കുറിച്ച് പിന്നീട് വിവരമൊന്നും ലഭിച്ചിട്ടില്ല. അതേസമയം, സുദിക്ഷ കൊണങ്കിയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന മിനസോഡയിലെ സെന്റ് ക്ലൗഡ് സ്റ്റേറ്റ് സർവകലാശാലയിലെ സീനിയർ ജോഷ്വ റിബെയെ അധികൃതർ പലതവണ ചോദ്യം ചെയ്‌തു.
ജോഷ്വ റിബെയുടെ പാസ്പോർട്ട് ഡൊമിനിക്കൻ റിപ്പബ്ലിക്കൻ അധികൃതർ പിടിച്ചെടുത്തിരുന്നു. ഇതു ചൂണ്ടിക്കാട്ടി ഇന്നലെ അദ്ദേഹത്തിന്റെ അഭിഭാഷകൻ ബിയാട്രിസ് സാന്താന കോടതിയെ സമീപിച്ചു. ഇതുവരെ ജോഷ്വയ്‌ക്കെതിരെ കേസെടുത്തിട്ടില്ലെന്നും ഈ സാഹചര്യത്തിൽ തിരികെ നാട്ടിലേക്ക് മടങ്ങാൻ അനുവദിക്കണമെന്നുമാണ് അഭിഭാഷകൻ കോടതിയിൽ അറിയിച്ചത്. നിലവിൽ ഹോട്ടലിൽ തുടരുന്ന ജോഷ്വ റിബെയെ പൊലീസ് നിരീക്ഷിക്കുകയാണ്.

സ്വതന്ത്രമായി ഹോട്ടലിൽനിന്ന് പുറത്ത് പോകാൻ അദ്ദേഹത്തിന് അനുവാദമുണ്ടെങ്കിലും ഒപ്പം പൊലീസുകാർ ഉണ്ടാകും. അമേരിക്കയിലെ അയോവ സംസ്‌ഥാനത്തു നിന്നുള്ളയാളാണ് ജോഷ്വ. ഇയാളാണ് അവസാനമായി സുദിക്ഷയെ കണ്ട വ്യക്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിൽ മൊഴി മാറ്റി പറഞ്ഞതും പൊലീസ് ജോഷ്വയെ സംശയിക്കാൻ കാരണമായത്.