ഫ്ലോറിഡായിൽ കാർഷിക മേള

Mail This Article
ഫ്ലോറിഡ ∙ ഫ്ലോറിഡായിലെ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് റ്റാംപയുടെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടുകൂടി കാർഷിക മേള സംഘടിപ്പിക്കുന്നു. മാർച്ച് 22 ന് രാവിലെ ഒൻപതു മണി മുതൽ ക്നായി തൊമ്മൻ ഹാളിലാണു പരിപാടികൾ നടക്കുന്നത്
മധുരഫലം കായ്ക്കുന്ന വിവിധ ഇനത്തിൽപ്പെട്ട ഇരുപതിനം മാവിൻ തൈകൾ, തെങ്ങിൻ തൈകൾ, വാഴവിത്തുകൾ, കറിവേപ്പ്, കപ്പത്തണ്ട് തുടങ്ങിയവ കൂടാതെ പടവലങ്ങ, പാവയ്ക്കാ, വെണ്ട, വഴുതന, ചീര തുടങ്ങിയ നാടൻ പച്ചക്കറി വിത്തുകളും ലഭ്യമാണ്.
കാർഷിക വിത്തുകളും, തൈകളും ചെടികളും മറ്റുള്ളവരുമായി കൈമാറുന്നതിനുള്ള ഒരവസരം കൂടിയാണിത്. തട്ടുകടയാണ് ഈ മേളയുടെ പ്രധാന ആകർഷണം.കുടുംബ സമേതം ഈ കാർഷിക മേളയിൽ പങ്കെടുത്ത് ഇതൊരു വൻപിച്ച വിജയമാക്കിത്തീർക്കണമെന്ന്, അസോസിയേഷൻ പ്രസിഡന്റ് ജോൺ കല്ലോലിക്കൽ അഭ്യർഥിച്ചു.
(വാർത്ത ∙ രാജു മൈലപ്രാ)