ഓംബീസിയുടെ ഭക്ഷണവിതരണം അഞ്ചാം വർഷത്തിൽ

Mail This Article
വാൻകൂവർ ബ്രിട്ടിഷ് കൊളംബിയ, കാനഡ - വാൻകൂവർ എരിയായിലെ മലയാളികളുടെ ആത്മീയ സാമൂഹ്യ സേവന സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഹിന്ദു മലയാളിസ് (ഓംബീസി) നടത്തുന്ന ഭക്ഷണപ്പൊതി വിതരണം അഞ്ചാം വർഷത്തിലേക്ക്. കോവിഡ് സമയത്ത് വീടില്ലാതെ തെരുവിൽ താമസിക്കുന്നവർക്കും വിവിധ കാരണങ്ങളാൽ സർക്കാർ അല്ലെങ്കിൽ സാമൂഹ്യസേവന സംഘടനകളുടെ ഷെൽറ്ററുകളിൽ താമസിക്കുന്നവർക്കുമായാണ് ഭക്ഷൺ വിതരണം.
ഏതാനും ഭക്ഷണപ്പൊതികളുമായി തുടങ്ങിയ ഈ സേവനം ഇപ്പോൾ ഇരുന്നൂറോളം ഭക്ഷണപ്പൊതികളിൽ എത്തിനിൽക്കുന്നു. ചോറ്, സൂപ്പ്, സാൻഡ്വിച്ച്, സാലഡ്, മധുരം എന്നിങ്ങനെ അഞ്ച് വ്യത്യസ്ത പൊതികളാണ് വിതരണം ചെയ്യുന്നത്. സർക്കാരിന്റെ ഭക്ഷ്യവകുപ്പിന്റെ നിബന്ധനകൾ കൃത്യമായി പാലിച്ചുകൊണ്ടാണ് ഭക്ഷണവിതരണം.
ആവശ്യക്കാർക്ക് നേരിട്ട് കൊടുക്കുന്നതിനു പകരം പല ഷെൽറ്ററുകളിലേക്ക് ഭക്ഷണപ്പൊതികൾ എത്തിക്കുന്നു. പൊതികൾ കൊടുക്കുന്നതിനു മുൻപ് കർശനമായ പരിശോധനകൾ ഉണ്ട്. അംഗീകരിച്ച സംഘടനകൾക്ക് മാത്രമേ ഭക്ഷണം ഉണ്ടാക്കി കൊടുക്കാൻ അനുവാദമുള്ളൂ. സ്ത്രീകളുടെയും കുട്ടികളുടെയും റെസ്ക്യൂ ഷെൽറ്ററുകൾ, ഭവനരഹിതർക്കുള്ള താൽക്കാലിക സെന്ററുകൾ, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന, പ്രായമായവർ താമസിക്കുന്നയിടങ്ങൾ, ലഹരിമരുന്ന് ഉപയോഗം കൊണ്ട് വലയുന്നവർ, ഇങ്ങനെ പലതരം ആളുകൾക്കാണ് ഭക്ഷണം കൊടുക്കേണ്ടത്.

ഓരോ ആഴ്ചയും ഇമെയിൽ വഴി ആവശ്യമുള്ള പൊതികളുടെ എണ്ണം അറിയിക്കുന്നതിനനുസരിച്ച് ഭക്ഷണപ്പൊതികൾ അതത് ഇടങ്ങളിൽ എത്തിക്കുന്നു. അടുത്തയിടയ്ക്ക് ഇന്ത്യൻ വിദ്യാർഥികളും ഈ സേവനം ഉപയോഗപ്പെടുത്തുന്നു.

ഓംബീസി മലയാളികളുടെ ഇടയിൽ പ്രവർത്തിച്ചുതുടങ്ങിയിട്ട് എട്ട് വർഷത്തോളമായി. മാസത്തിലെ മൂന്നാമത്തെ ശനിയാഴ്ച റെജിയുടെയും ആശയുടെയും വീട്ടിലാണ് പൊതികൾ ഒരുക്കുന്നത്. മലയാളം മിഷനുമായി ചേർന്ന് മലയാളം ക്ലാസുകൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ, ക്ഷേത്രദർശനം, കുട്ടികൾക്കായുള്ള പരിപാടികൾ, ഭജൻ, എന്നിവയാണ് ഓംബീസിയുടെ മറ്റു പരിപാടികൾ.
ഐടി മേഖലയിൽ പ്രവർത്തിക്കുന്ന രമ്യ ആണ് ഓംബീസിയുടെ ഇപ്പോഴത്തെ പ്രസിഡന്റ്. ഈ മാസത്തെ ഭക്ഷണവിതരണത്തിന് ഓംബീസി ഡയറക്ടർമാരായ റെജിമോൻ, ആഷ, മാളവിക, വിവേക്, വിശ്വനാഥൻ, സുകുമാർ, എന്നിവരെക്കൂടാതെ 15 പേർ പങ്കെടുത്തു. റെജിമോൻ, ആഷ, രാമചന്ദ്രൻ നായർ എന്നിവരാണ് ഓംബീസി വൊളന്റിയർമാർ. വിവേക്, റെജിമോൻ, രമ്യ (പ്രസിഡന്റ്), വിശ്വനാഥൻ, സുകുമാർ എന്നിവരാണ് ഓംബീസിയിലെ ഡയറക്ടർമാർ.
(വാർത്ത ∙ ഡോ സുകുമാർ)