പങ്കാളിയോടൊപ്പം ആരോഗ്യം മെച്ചപ്പെടുത്തണോ? ഈ കാര്യങ്ങൾ ജീവിതം സുന്ദരമാക്കും
Mail This Article
പങ്കുവയ്‌ക്കാന്‍ ഒരാളുണ്ടെങ്കില്‍ ജീവിതത്തിലെ ഏത് ദുരിതക്കടലും നമുക്ക് താണ്ടി കടക്കാം. ദുഃഖങ്ങളും ദുരിതങ്ങളും പ്രതിസന്ധികളും മറികടക്കാന്‍ മാത്രമല്ല നല്ല ആരോഗ്യത്തിനും ഒരു പങ്കാളി കൂടെയുണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാണ്. കൂടുതല്‍ സ്ഥിരതയാര്‍ന്ന ഭാരം കുറയ്‌ക്കലിനും പങ്കാളികള്‍ ഒത്തൊരുമിച്ചുള്ള ശ്രമങ്ങള്‍ കരുത്ത് പകരും.
ആരോഗ്യം മെച്ചപ്പെടാന്‍ മാത്രമല്ല ബന്ധങ്ങളിലെ ഇഴയടുപ്പം വര്‍ധിപ്പിക്കാനും ഒരുമിച്ചുള്ള ഫിറ്റ്‌നസ് പരിശ്രമങ്ങള്‍ സഹായകമാണ്. ഒരുമിച്ച് ആരോഗ്യ ലക്ഷണങ്ങള്‍ കൈവരിക്കാന്‍ ശ്രമിക്കുന്ന പങ്കാളികള്‍ക്കുള്ള അഞ്ച് നിര്‍ദ്ദേശങ്ങള്‍ പങ്കു വയ്‌ക്കുകയാണ് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഡയറ്റീഷ്യനും ഫിറ്റെലോ സഹസ്ഥാപകനുമായ മെഹക്‌ദീപ് സിങ്.
1. യാഥാര്‍ഥ്യ ബോധമുള്ള ലക്ഷ്യങ്ങള്‍
ഭാരം കുറയ്‌ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കും മുന്‍പ് പങ്കാളികള്‍ ഇരുവരും ഇതിനെ കുറിച്ച് ചര്‍ച്ച ചെയ്‌ത് യാഥാര്‍ഥ്യപൂര്‍ണ്ണവും കൈവരിക്കാന്‍ സാധിക്കുന്നതുമായ ലക്ഷ്യങ്ങള്‍ കുറിക്കേണ്ടതാണ്. തങ്ങളുടെ ജീവിതശൈലിക്കും ജോലിക്രമത്തിനും ഒക്കെ ചേരും വിധമായിരിക്കണം ഈ ലക്ഷ്യങ്ങള്‍. കൃത്യവും അളക്കാവുന്നതും പ്രസക്തവും സമയബന്ധിതവുമാകണം ലക്ഷ്യങ്ങള്‍. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ സഹായിക്കുന്ന ഫാമിലി ഡയറ്റ് പ്ലാനിനും രൂപം നല്‍കാം. ഒരുമിച്ച് ചെയ്യാവുന്ന വര്‍ക്ഔട്ടുകളും ചര്‍ച്ച ചെയ്‌ത് തീരുമാനിക്കണം.
2. ഭക്ഷണത്തിനുള്ള തയ്യാറെടുപ്പ് ഒരുമിച്ചാക്കാം
ഒരു ആഴ്‌ചയിലേക്കുള്ള നിങ്ങളുടെ ഭക്ഷണവിഭവങ്ങള്‍ ആസൂത്രണം ചെയ്‌ത ശേഷം ഇതിനായുള്ള പച്ചക്കറിയും പലവ്യഞ്‌ജനങ്ങളുമൊക്കെ ഒരുമിച്ച് പോയി തിരഞ്ഞെടുക്കാം. ഇവയുടെ പാചകവും ഒരുമിച്ചാകാം. കൂടുതല്‍ ആരോഗ്യകരമായ രീതിയില്‍ ഭക്ഷണം പാകം ചെയ്യാന്‍ ഇത് വഴി സാധിക്കും. പുതിയ പുതിയ രുചിക്കൂട്ടുകള്‍ പരീക്ഷിക്കാനും മടിക്കരുത്. ഇത് പങ്കാളികള്‍ക്കിടയിലെ സൗഹൃദവും വളര്‍ത്തും.
3. സജീവമാകാം ഒരുമിച്ച്
ശാരീരികമായ പ്രവര്‍ത്തനങ്ങള്‍ ഭാരം കുറയ്‌ക്കാനും ആരോഗ്യം ഉറപ്പാക്കാനും ആവശ്യമാണ്. ഒരുമിച്ച് ആസ്വദിച്ച് ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടെത്തി അത് ദൈനംദിന ശീലങ്ങളില്‍ ഉള്‍പ്പെടുത്തുക. നടപ്പോ, പാര്‍ക്കിലെ ഓട്ടമോ, ജിമ്മിലെ ഫിറ്റ്‌നസ് ക്ലാസോ, നൃത്തമോ എന്തുമാകട്ടെ ഒരുമിച്ച് ചെയ്യാന്‍ ശ്രദ്ധിക്കുക. ഇത് വ്യായാമത്തിന് കൂടുതല്‍ പ്രചോദനം നല്‍കും. വീട് വൃത്തിയാക്കുന്നതൊക്കെ ഒരുമിച്ച് ചെയ്യുന്നത് ശരീരത്തിന് വ്യായാമമാകും.
4. പരസ്‌പരം പിന്തുണയാകാം
ജീവിത്തിലെ മറ്റ് പലതിലുമെന്ന പോലെ വെല്ലുവിളികള്‍ നിറഞ്ഞ വര്‍ക്ഔട്ടിലും പരസ്‌പരം പിന്തുണയും പ്രോത്സാഹനവുമാകാം. ഭാരം കുറയ്‌ക്കാനും ഫിറ്റാകാനുമുള്ള യാത്രയില്‍ കൈവരിക്കുന്ന ചെറിയ ചെറിയ വിജയങ്ങളെ ഒരുമിച്ച് ആഘോഷിക്കാം. കര്‍ശനമായ ഭക്ഷണക്രമത്തിനിടെ ഇടയ്‌ക്കൊന്ന് റിലാക്‌സ് ചെയ്യാന്‍ പ്രിയപ്പെട്ട ഭക്ഷണങ്ങള്‍ക്കൊപ്പം ഒരു ചീറ്റ് ഡേയും ആകാം.
5. തുറന്ന ആശയവിനിമയം
വ്യായാമത്തിലും ഭക്ഷണ നിയന്ത്രണത്തിലുമൊക്കെ ഏര്‍പ്പെടുന്ന പ്രയാസങ്ങള്‍ പരസ്‌പരം തുറന്ന് പറയാന്‍ മടിക്കരുത്. ഇവയ്‌ക്കുള്ള പരിഹാരങ്ങളും ഒരുമിച്ച് കണ്ടെത്താം. ഇവയെല്ലാം മികച്ച ആരോഗ്യത്തോടൊപ്പം കൂടുതല്‍ ദൃഢമായ ബന്ധവും ഊട്ടിയുറപ്പിക്കും.
കൂർക്കംവലി മാറ്റാൻ എളുപ്പവഴികൾ: വിഡിയോ