തടി കുറയ്ക്കാൻ വ്യായാമം തുടങ്ങി, ഫലം ലഭിച്ചപ്പോൾ ഒപ്പം പോന്നത് സംസ്ഥാന പുരസ്കാരം
Mail This Article
ആരോഗ്യമാണ് സമ്പത്ത്– പ്രൈമറി സ്കൂൾ ക്ലാസുകളിൽ പഠിച്ച പല ഉപദേശ വാചകങ്ങളിലൊന്ന് എന്ന മട്ടിൽ പലരും നിസ്സാരമാക്കുന്ന ഈ വാക്യം ആരോഗ്യം മോശമാകുമ്പോഴോ കൃത്യമായി ഭക്ഷണം കഴിക്കാതിരിക്കുമ്പോഴോ ഉറക്കമില്ലായ്മ അലട്ടുമ്പോഴോ അസുഖം വരുമ്പോഴോ പ്രിയപ്പെട്ടവർ നമ്മെ മുറ തെറ്റാതെ ഓർമിപ്പിക്കുകയും ചെയ്യും. അനാരോഗ്യം വല്ലാതെ പ്രശ്നമാകുമ്പോഴാണ് പലരും ഈ ആരോഗ്യം ‘സംരക്ഷിക്കാൻ’ ഇറങ്ങിപ്പുറപ്പെടുക. ചിലപ്പോളത് കൃത്യമായ സമയമാകാം, വൈകിപ്പോയാൽ ഏറെ പണിപ്പെടേണ്ടിയും വരാം. പലപ്പോഴും വ്യായാമം ചെയ്യാതിരിക്കാൻ നമ്മൾ കണ്ടെത്തുന്ന ന്യായം സമയക്കുറവാണ്. എന്നാൽ, മാധ്യമപ്രവർത്തകയായി ജോലി ചെയ്യുന്നതിനിടെ ആരോഗ്യത്തിൽ ശ്രദ്ധിക്കേണ്ടി വന്നപ്പോൾ എനിക്കു തുറന്നുകിട്ടിയത് പുതിയ തിരിച്ചറിവുകളിലേക്കും പുതിയ മേഖലകളിലേക്കുള്ള വാതിൽ കൂടിയാണ്.
എന്റെ അനുഭവം പറയുംമുൻപ് ഒന്നുരണ്ടു കാര്യം കൂടി. നമ്മെ ആശങ്കപ്പെടുത്തുന്ന ഒരു പഠനം പുറത്തുവന്നിട്ടുണ്ട്. പ്രായപൂർത്തിയായ ഇന്ത്യക്കാരിൽ പകുതിയിലേറെപ്പേരും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡപ്രകാരമുള്ള ശരീരവ്യായാമം ഇല്ലാത്തവരാണ് എന്നാണ് ‘ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത്’ എന്ന പ്രസിദ്ധീകരണം പുറത്തുവിട്ട കണക്കിൽ പറയുന്നത്. വ്യായാമം ചെയ്യാത്തവരുടെ റാങ്കിങ്ങിൽ ഇന്ത്യ പന്ത്രണ്ടാം സ്ഥാനത്താണത്രേ. അതിലാകട്ടെ, ശരീരമനങ്ങാതെ മടിപിടിച്ചിരിക്കുന്നതിൽ സ്ത്രീകളാണു മുന്നിൽ. ഇങ്ങനെ പോയാൽ അഞ്ചു വർഷത്തിനുള്ളിൽ ഇന്ത്യയിലെ ഭൂരിപക്ഷവും ‘അൺഫിറ്റ്’ ആകുമെന്നാണ് റിപ്പോർട്ട് പറയുന്നത്.
മടി സ്വാഭാവികമാണ്. മടി മാത്രമല്ല, മിക്കവർക്കും സമയവും ഒരു പ്രശ്നമാണ്. പ്രത്യേകിച്ച് ജോലിക്കു പോകുകയും വീട്ടുകാര്യങ്ങൾ നോക്കുകയും ചെയ്യുന്ന സ്ത്രീകൾക്ക്. എന്നാൽ ഏതെങ്കിലും ഒരു പോയിന്റിൽ ‘ഞാൻ ഇങ്ങനെയായാൽ പോരാ’ എന്നൊരു തോന്നൽ ഉണ്ടാകും. അതിലുറച്ചു മുന്നോട്ടുപോയാൽ തീർച്ചയായും ബാക്കിയെല്ലാം ഒരു കാരണമേ അല്ലാതാകും. നമ്മുടെ മുൻഗണനാ പട്ടികയിൽ വ്യായാമം ആദ്യ സ്ഥാനങ്ങളിൽ ഇടംപിടിക്കുകയും ചെയ്യും.
ശരീരം പറഞ്ഞു; അരിയും മധുരവും കുറച്ചു
ശരീരത്തിനു കൂടുതൽ ശ്രദ്ധ നൽകണമെന്ന ചിന്ത എനിക്കുണ്ടാകുന്നത് 28 വയസ്സിലാണ്. തടി കൂടിയതും നടക്കുമ്പോഴും പടികളോ കയറ്റമോ കയറുമ്പോഴും കിതപ്പ് അനുഭവപ്പെട്ടതുമൊക്കെ അതിനു കാരണമായെന്നു പറയാം. വയറു കൂടിയതിനാൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ സാധിക്കാത്തതും ഇടുപ്പിൽ അമിതമായി അടിഞ്ഞുകൂടിയ കൊഴുപ്പും മറ്റൊരു പ്രധാന കാരണമായി. ആദ്യമൊക്കെ രാവിലെയോ വൈകിട്ടോ സമയം കിട്ടുമ്പോൾ 10–15 മിനിറ്റ് സാധാരണ വ്യായാമം ചെയ്തും ഓഫിസിൽനിന്ന് തിരികെ വീട്ടിലേക്കു നടന്നുമൊക്കെ നോക്കി. എന്നാൽ വലിയ പ്രയോജനമൊന്നും ഉണ്ടായില്ല. മാത്രമല്ല, അതൊന്നും കൃത്യമായി നടന്നുമില്ല.
വിവാഹം കഴിഞ്ഞ് ഒരു മാസം കഴിഞ്ഞപ്പോഴാണ് ഭർത്താവും സഹപ്രവർത്തകരുമൊക്കെ ജിമ്മിൽ പോയാലോ എന്നൊരു ആശയവുമായി വന്നത്. ആദ്യം അവരൊന്നു പോയി നോക്കട്ടെയെന്ന് ഞാനും കരുതി. കൃത്യം ഒരു മാസം കഴിഞ്ഞപ്പോൾ ഞാനും കോട്ടയം കളത്തിപ്പടിയിലെ സോളമൻസ് ജിമ്മിൽ അംഗമായി. ഡ്യൂട്ടി അനുസരിച്ച് രാവിലെയും വൈകുന്നേരവും മാറിമാറി പോയിത്തുടങ്ങി. ഗ്രൗണ്ട് എക്സൈർസൈസുകളും ചെറിയ വെയ്റ്റ് ട്രെയിനിങ്ങുമൊക്കെയായി അതങ്ങനെ ആരംഭിച്ചു. ആദ്യ മൂന്നുമാസം കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകാതെ വന്നപ്പോൾ ചെറിയ നിരാശ തോന്നി. വ്യായാമം മാത്രം പോരല്ലോ, ഭക്ഷണ ക്രമീകരണത്തിൽ എന്തെങ്കിലും മാറ്റം വേണമോയെന്ന് കുറച്ച് വിഷമത്തോടെതന്നെ ഞാൻ ട്രെയിനർ സോളമൻ തോമസിനോട് ചോദിച്ചു. അരിഭക്ഷണം ഒരുനേരമാക്കി ചുരുക്കാനും പഞ്ചസാരയെ അകറ്റി നിർത്താനും രാവിലെ ഓട്സ്, പുഴുങ്ങിയ മുട്ട തുടങ്ങിയവ പറ്റുംപോലെ ശീലമാക്കാനും പറഞ്ഞതല്ലാതെ മറ്റൊന്നും അത്ര കർശനമായി പറഞ്ഞില്ല അദ്ദേഹം. വെള്ളം ധാരാളം കുടിക്കാനും നിർദേശിച്ചു.
ഫലം ലഭിച്ചു; ഒപ്പം സംസ്ഥാന പുരസ്കാരവും
പതിയെ വെയ്റ്റ് ട്രെയിനിങ് കൂടുതലായി ചെയ്യാൻ തുടങ്ങി. ലെഗ് പ്രസിലാണ് തുടക്കം. പതിയെ 120 കിലോ ഭാരമിട്ട് ഒരു ദിവസം പരീക്ഷണം, പിന്നീട് അത് 180 ആക്കി ഉയർത്തി. ഇതോടെ വെയ്റ്റ് ട്രെയിനിങ് ഹരമായി. പിന്നീടുള്ള ദിവസങ്ങളിൽ സ്ക്വാട്ട്, ഡെഡ് ലിഫ്റ്റ്, ബെഞ്ച് പ്രസ് ഇതൊക്കെ ഭാരം കൂടുതലിട്ട് ചെയ്ത് തുടങ്ങി. അടുത്ത മൂന്നു നാലു മാസത്തിൽ ഈ മാറ്റങ്ങളൊക്കെ എന്റെ ശരീരത്തിൽ പ്രതിഫലിക്കാനും തുടങ്ങി. ശരീരത്തിൽ അടിഞ്ഞു കൂടിയ കൊഴുപ്പ് അകന്നപ്പോൾത്തന്നെ കാതലായ മാറ്റമുണ്ടായി. നാലു മാസം കൊണ്ട് അഞ്ചു കിലോയോളം കുറഞ്ഞു. തടി കുറയ്ക്കാനും പടി കയറുമ്പോഴുള്ള കിതപ്പകറ്റാനുമൊക്കെയാണ് ഞാൻ ജിമ്മിൽ പോയിത്തുടങ്ങിയതെങ്കിലും ഇപ്പോൾ ഇത് ജീവിതത്തിന്റെ ഒരു ഭാഗമായി മാറി.
ഞങ്ങളുടെ ജിമ്മിൽ എഴുതി വച്ച ‘Once you see the results, it becomes addiction' (ഒരിക്കൽ ഫലം കണ്ടാൽ പിന്നീടത് ലഹരിയായി മാറും) എന്ന വാചകം എന്നെത്തന്നെ പ്രതിഫലിപ്പിക്കുന്നുവെന്നു തോന്നിയിട്ടുണ്ട്. ഞാൻ തിരഞ്ഞെടുത്ത വ്യായാമമാർഗം എന്റെ ദൈനംദിന ജീവിതത്തിൽ മാറ്റങ്ങൾ കൊണ്ടുവന്നപ്പോൾ അത് എനിക്കൊരു ലഹരിയായി മാറിയതാകാം; അതും അധികം നിയന്ത്രണങ്ങൾ വയ്ക്കാതെ. അധികം മധുരവും അരിയാഹാരവും ഒഴിവാക്കി (അത് പൂർണമായില്ല) എന്നല്ലാതെ ഇഷ്ടമുള്ളതെല്ലാം ഞാൻ കഴിക്കാറുണ്ട് (അധികമാകാതെ നോക്കുമെന്നു മാത്രം). എന്തു കഴിച്ചാലും, നാളെ ജിമ്മിൽ പോകുന്നുണ്ടല്ലോ എന്ന ചിന്തയാകാം കടുത്ത നിയന്ത്രണത്തിനു മുതിരാത്തതിനു കാരണം. ഇരുപത്തെട്ടാം വയസ്സിൽ ഞാനെടുത്ത നിർണായക തീരുമാനം ഈ മുപ്പതാം വയസ്സിൽ ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും (മുൻപ് വണ്ണം കൂടിയതിനാൽ ഒഴിവാക്കിയവ), ക്ഷീണമകറ്റാനും യാത്രകളിൽ അസ്വസ്ഥതകളില്ലാതെ ഉയരം കീഴടക്കാനും ശരീരത്തെ പാകപ്പെടുത്തുക മാത്രമല്ല ചെയ്തത്, സംസ്ഥാന ഇക്യുപ്ഡ് പവർലിഫ്റ്റിങ്ങിൽ രണ്ടാം സ്ഥാനം എന്ന നേട്ടം സമ്മാനിക്കുക കൂടിയാണ്.
ആരോഗ്യമാണ് സമ്പത്ത്!
മേൽ പറഞ്ഞതെല്ലാം എന്റെ വ്യക്തിപരമായ കാര്യങ്ങളും ആവശ്യങ്ങളുമാണ്. ശരീരത്തെക്കുറിച്ച് പലർക്കും പല കാഴ്ചപ്പാടാകും. വണ്ണമുള്ളവരും മെലിഞ്ഞവരും ഉണ്ടാകും. അത് അങ്ങനെ തന്നെ നിലനിർത്താൻ ആഗ്രഹിക്കുന്നവരുമുണ്ടാകും. പക്ഷേ ശരീരാകൃതി എന്തു തന്നെയായാലും അത് ആരോഗ്യകരമായി നിലനിർത്താൻ വ്യായാമം അത്യാവശ്യമാണ്. അതിന് ഏതു മാർഗം തിരഞ്ഞെടുക്കുന്നു എന്നതല്ല, വ്യായാമം ജീവിതത്തിന്റെ ഭാഗമാക്കുക എന്നതാണ് പ്രധാനം. അത് മിനിറ്റുകളോ മണിക്കൂറുകളോ ആകാം. ട്രെയിനറുടെ സഹാത്തോടെയോ അല്ലാതെയോ ചെയ്യാം. എത്ര ജോലിത്തിരക്കിലും അതിനായി സമയം മാറ്റിവയ്ക്കുക. ചെയ്യാതിരിക്കാൻ നൂറു കാരണങ്ങൾ ഉണ്ടാകാം, എന്നാൽ ചെയ്യാൻ ഒറ്റക്കാരണമേയുള്ളൂ– ആരോഗ്യമാണ് സമ്പത്ത്.