ശരീരത്തിലെ കൊഴുപ്പ് 39% നിന്ന് 7% ആക്കിയ കാർത്തിക് ആര്യന്റെ ഡയറ്റ് രഹസ്യം ഇതാണ്
Mail This Article
സിനിമയ്ക്ക് വേണ്ടി ശരീരഭാരം കുറച്ചും കൂട്ടിയും നമ്മെ ഞെട്ടിച്ച പല താരങ്ങളുമുണ്ട്. അത്തരത്തിൽ അടുത്ത കാലത്ത് വിസ്മയിപ്പിച്ച ഒന്നായിരുന്നു ബോളിവുഡ് താരം കാർത്തിക് ആര്യന്റെ മാറ്റം. ശരീരത്തിലെ കൊഴുപ്പിന്റെ തോത് 39 ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായാണ് 14 മാസം കൊണ്ട് കാർത്തിക് കുറച്ചത്. അമ്പരപ്പിക്കുന്ന ഈ മാറ്റത്തിന് പിന്നിലെ രഹസ്യം വളരെ ലളിതമാണ്. പഞ്ചസാരയും കാർബോഹൈഡ്രേറ്റ് ഭക്ഷണവും കുറയ്ക്കുക.
ഊർജത്തിന് വേണ്ടി മനുഷ്യശരീരം പ്രാഥമികമായി ആശ്രയിക്കുന്നത് കാർബോഹൈഡ്രേറ്റിനെയും കൊഴുപ്പിനെയുമാണ്. കാർബോഹൈഡ്രേറ്റ് ഗ്ലൈക്കോജനായി പേശികളിലും കരളിലും സൂക്ഷിക്കപ്പെടുകയും രക്തപ്രവാഹത്തിൽ ഗ്ലൂക്കോസായി ചംക്രമണം ചെയ്യപ്പെടുകയും ചെയ്യുന്നു. ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് തോത് കുറയുമ്പോൾ ശരീരം ഊർജത്തിനായി ശേഖരിച്ച് വച്ചിരിക്കുന്ന കൊഴുപ്പ് ഉപയോഗിക്കാൻ തുടങ്ങുന്നു. കൊഴുപ്പിനെ ഫാറ്റി ആസിഡായും പിന്നീട് കീറ്റോണുകളായും ശരീരം മാറ്റുകയും ഇവ തലച്ചോറും പേശികളും മറ്റ് അവയവങ്ങളും ഊർജത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നു.
ഈ പ്രക്രിയ ഫലപ്രദമായി നടക്കണമെങ്കിൽ ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പായ്ക്ക് ചെയ്ത ഭക്ഷണം എന്നിങ്ങനെ കാർബോഹൈഡ്രേറ്റിന്റെ സമ്പന്നമായ സ്രോതസ്സുകൾ ഉപേക്ഷിക്കേണ്ടി വരും. പകരം ലീൻ മീറ്റ്, മീൻ, മുട്ട, നട്സ്, വിത്തുകൾ, സ്റ്റാർച്ച് കുറഞ്ഞ പച്ചക്കറികളായ ബ്രൊക്കോളി, ചീര, കെയ്‌ൽ എന്നിവ ഉപയോഗിക്കേണ്ടതാണ്.
കാർബോഹൈഡ്രേറ്റ് കുറയ്ക്കുന്നത് ശരീരത്തിലെ ഇൻസുലിൻ തോത് കുറയ്ക്കുകയും ഗ്ലൂക്കഗൺ എന്ന കൊഴുപ്പ് പുറന്തള്ളലിനെ പ്രോത്സാഹിപ്പിക്കുന്ന ഹോർമോൺ വർധിപ്പിക്കുകയും ചെയ്യും. ഇത് അരക്കെട്ട്, വയർ എന്നിവിടങ്ങളിലെ കൊഴുപ്പ് കത്തിക്കലിനെ വേഗത്തിലാക്കും.
എന്നാൽ ഈ ഭക്ഷണക്രമം സിനിമയിലെ കഥാപാത്രത്തിന് വേണ്ടി ഭാരം കുറയ്ക്കാൻ കാർത്തിക് ആര്യൻ ഉപയോഗിച്ചു എന്നത് ശരി. എന്നുവച്ച് എല്ലാവർക്കും ഇത് പ്രയോഗിച്ചു നോക്കാനായെന്ന് വരില്ല. ഈ ഭക്ഷണക്രമത്തിന് പാർശ്വഫലങ്ങൾ പലതും ഉണ്ടെന്നതാണ് കാരണം. മലബന്ധം, വായ്നാറ്റം എന്നിങ്ങനെ പല പ്രശ്നങ്ങളും ഭക്ഷണക്രമത്തിലെ കാർബോഹൈഡ്രേറ്റ് കുറയ്ക്കുന്നതു കൊണ്ട് ഉണ്ടാകാം.
കർശനമായ ഭാരം കുറയ്ക്കലിന് പലരും ദിവസം 50 ഗ്രാമിൽ താഴെ പഞ്ചസാരയും സ്റ്റാർച്ചുമാണ് ശുപാർശ െചയ്യാറുള്ളത്. ഇത് ഒരു 130 ഗ്രാം ആക്കുന്നത് കൂടുതൽ സുസ്ഥിരമായ ഭാരം കുറയ്ക്കലിന് സഹായിക്കും. ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ഭക്ഷണനിയന്ത്രണവും വ്യായാമവും ഉൾപ്പെടുന്ന നീണ്ടു നിൽക്കുന്നതും ആരോഗ്യകരവുമായ മാർഗങ്ങൾ അവലംബിക്കുന്നതായിരിക്കും അനുയോജ്യം.
പട്ടിണി കിടന്നാൽ തടി കുറയുമോ? വിഡിയോ