ADVERTISEMENT

ശരീരഭാരം കുറയ്‌ക്കാനായി അവതാരകയും നടിയുമായ രഞ്‌ജിനി ഹരിദാസ്‌ വാട്ടര്‍ ഫാസ്റ്റിങ്‌ തെറാപ്പി ആരംഭിച്ച വിവരം വന്‍ ചര്‍ച്ചകള്‍ക്കാണ്‌ സാമൂഹിക മാധ്യമങ്ങളില്‍ തിരികൊളുത്തിയത്‌. ഇത്‌ ജീവന്‌ തന്നെ ആപത്താകും എന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ നിരവധി കോണുകളില്‍ നിന്ന്‌ ഉയര്‍ന്നിരുന്നു. 21 ദിവസം വെള്ളം മാത്രം കുടിച്ചുള്ള ഈ തെറാപ്പി ആരോഗ്യ വിദഗ്‌ധരുടെ കര്‍ശന നിരീക്ഷണത്തിലാണ്‌ ചെയ്യുന്നതെന്ന്‌ രഞ്‌ജിനി ഇന്‍സ്‌റ്റാഗ്രാമില്‍ കുറിച്ചു.

Journey through Japan. Image Credit: ranjini_h/instagram
Journey through Japan. Image Credit: ranjini_h/instagram

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം വാട്ടര്‍ ഫാസ്റ്റിങ്‌ അത്ര പുതുമയുള്ള സംഭവമല്ല. മതാനുഷ്‌ഠാനങ്ങളുടെ ഭാഗമായി വെള്ളം കുടിച്ചും കുടിക്കാതെയും പലതരത്തിലുള്ള വ്രതം നോക്കുന്നവരാണ്‌ നമ്മുടെ നാട്ടില്‍ നല്ലൊരു പങ്കും. ജലപാനം ചെയ്യാതെ തപസ്സ്‌ ചെയ്യുന്ന ഋഷിമാരുടെയും സന്യാസിമാരുടെയും കഥകള്‍ നാം പുരാണങ്ങളിലും വായിച്ചറിഞ്ഞിട്ടുമുണ്ട്‌. ശസ്‌ത്രക്രിയ ഉള്‍പ്പെടെയുള്ള വൈദ്യശാസ്‌ത്ര പ്രക്രിയകളുടെ ഭാഗമായും വാട്ടര്‍ ഫാസ്റ്റിങ്‌ നിര്‍ദ്ദേശിക്കപ്പെടാറുണ്ട്‌. 

ജലമൊഴികെ മറ്റ്‌ ഭക്ഷണങ്ങളെല്ലാം പൂര്‍ണ്ണമായും ഒഴിവാക്കിയുള്ള ഉപവാസമായ വാട്ടര്‍ ഫാസ്റ്റിങ്ങിന്‌ അടുത്ത കാലത്തായി പ്രചാരമേറിയിട്ടുണ്ട്‌. അമിതഭാരം കുറയ്‌ക്കാനും ശരീരത്തിലെ വിഷാംശങ്ങള്‍ പുറന്തള്ളാനുമൊക്കെയായി പലരും ഇതിനെ ഉപയോഗിച്ചു വരുന്നു. 

1124732864
Representative image. Photo Credit: vesalainen/istockphoto.com

ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങള്‍ വാട്ടര്‍ ഫാസ്റ്റിങ്ങ്‌ ചെയ്‌താല്‍ ഉണ്ടാകുമെന്ന്‌ കരുതപ്പെടുന്നു. ഭാരം കുറയ്‌ക്കാനും ശരീരത്തിലെ വിഷാംശം നീക്കാനും മാത്രമല്ല അര്‍ബുദം, ഹൃദ്രോഗം, പ്രമേഹം എന്നിവയുടെ സാധ്യത കുറയ്‌ക്കാനും വാട്ടര്‍ ഫാസ്റ്റിങ്‌ സഹായിക്കുമെന്ന്‌ ചില പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. ശരീരം അവയിലെ കോശങ്ങളിലെ ചില പഴയ ഭാഗങ്ങള്‍ ഉടച്ച്‌ സ്വയം നവീകരിക്കുന്ന ഓട്ടോഫാഗി പ്രക്രിയയെും വാട്ടര്‍ ഫാസ്റ്റിങ്‌ ഉത്തേജിപ്പിക്കും. 

24 മുതല്‍ 72 മണിക്കൂര്‍ വരെയൊക്കെയാണ്‌ വാട്ടര്‍ ഫാസ്റ്റിങ്‌ പരമാവധി നടത്തേണ്ടത്‌. അതിനു മുകളില്‍ വൈദ്യ നിരീക്ഷണമില്ലാതെ വാട്ടര്‍ ഫാസ്റ്റിങ്‌ നടത്തരുതെന്ന്‌ ആരോഗ്യ വിദഗ്‌ധര്‍ പറയുന്നു. 

ദോഷങ്ങള്‍
എന്നാല്‍ എങ്ങനെ വാട്ടര്‍ ഫാസ്റ്റിങ്‌ ചെയ്യണമെന്നതിനെ പറ്റി ശാസ്‌ത്രീയമായ മാര്‍ഗ്ഗരേഖയൊന്നും നിലവിലില്ല. എല്ലാ വിഭാഗക്കാര്‍ക്കും പറ്റിയ ഒന്നല്ല വാട്ടര്‍ ഫാസ്റ്റിങ്‌. ഗൗട്ട്‌, പ്രമേഹം, ഭക്ഷണം കഴിക്കുന്നതുമായി ബന്ധപ്പെട്ട തകരാറുകള്‍ ഉള്ളവര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവരൊന്നും വാട്ടര്‍ ഫാസ്റ്റിങ്ങിന്‌ മുതിരരുതെന്ന്‌ ഡോക്ടര്‍മാര്‍ പറയുന്നു. 

1124272225
Representative image. Photo Credit: Motortion/Shutterstock.com

മുന്‍പ്‌ വാട്ടര്‍ ഫാസ്റ്റിങ്‌ ചെയ്യാത്തവര്‍ ഇതിനായി 3-4 ദിവസത്തേക്ക്‌ അല്‍പാല്‍പമായി ഭക്ഷണം കഴിച്ച്‌ ശരീരത്തെ ഒരുക്കിയെടുക്കേണ്ടതാണ്‌. ഓരോ തവണയും വളരെ കുറച്ച്‌ കഴിച്ചും ഏതെങ്കിലുമൊരു നേരം കഴിക്കാതിരുന്നുമൊക്കെ ഇത്‌ നടപ്പാക്കാം. 

വാട്ടര്‍ ഫാസ്റ്റിങ്‌ ചെയ്യുമ്പോള്‍ തലകറക്കം അനുഭവപ്പെടുമെന്നതിനാല്‍ വാഹനം ഓടിക്കുന്നത്‌ പോലുള്ള ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഈ ഉപവാസം ചെയ്യരുത്‌. 

വാട്ടര്‍ ഫാസ്റ്റിങ്ങിന്‌ ശേഷം 
ഒന്ന്‌ മുതല്‍ മൂന്ന്‌ ദിവസം വരെ വാട്ടര്‍ ഫാസ്റ്റിങ്‌ ചെയ്‌ത ശേഷം ഭക്ഷണം വാരിവലിച്ച്‌ കഴിക്കാതിരിക്കാന്‍ ഏതാനും ദിവസത്തേക്ക്‌ ശ്രദ്ധിക്കണം. ഉപവാസത്തിന്‌ ശേഷം പെട്ടെന്ന്‌ വലിയ തോതില്‍ ഭക്ഷണം കഴിക്കുന്നത്‌ ശരീരത്തിലെ ദ്രാവകങ്ങളുടെയും ഇലക്ട്രോലൈറ്റുകളുടെയും തോതില്‍ വ്യതിയാനം ഉണ്ടാക്കും. 

രഞ്‌ജിനി ഹരിദാസ്‌ ആരോഗ്യവിദഗ്‌ധരുടെ മേല്‍നോട്ടത്തിലാണ്‌ വാട്ടര്‍ ഫാസ്റ്റിങ്‌ ചെയ്യുന്നതെന്ന കാര്യം  പ്രത്യേകം ഓര്‍മ്മിക്കേണ്ടതാണ്‌. ഇത്തരം ഫാസ്റ്റിങ്ങുകളൊക്കെ വെറുതേ പരീക്ഷിച്ചു നോക്കുന്നത്‌ അപകടങ്ങള്‍ക്ക്‌ കാരണമാകാം. 

English Summary:

Pros and Cons of Water Fasting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com