ADVERTISEMENT

അരവണ്ണവും കുടവയറും കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളാണോ നിങ്ങൾ? എങ്കിൽ ചില പച്ചക്കറികൾ അതിനു സഹായിക്കും. ഭക്ഷണനിയന്ത്രണത്തോടും വ്യായാമത്തോടും ഒപ്പം പോഷക സമ്പുഷ്ടമായ ചില പച്ചക്കറികള്‍ കൂടി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുടവയർ ഇല്ലാതാക്കാൻ സഹായിക്കും. അല്ലാതെ ഏതെങ്കിലും ഒരു ഭക്ഷണ പദാർഥം മാത്രം കഴിച്ചെന്നു കരുതി ശരീരഭാരമോ കുടവയറോ കുറയില്ല. ഏതൊക്കെ പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാലാണ് ഗുണമെന്ന് അറിയാം:

പച്ചച്ചീര
സ്പിനാച്ച് എന്നറിയപ്പെടുന്ന പച്ചച്ചീര കുടവയർ കുറയ്ക്കാൻ സഹായിക്കും. ഇതിൽ കലോറി കുറവും നാരുകൾ ധാരാളവും ഉണ്ട്. സ്പിനാച്ചിൽ ഉള്ള തൈലാകോയ്ഡ്സ് വിശപ്പ് 95 ശതമാനം വരെ കുറയ്ക്കുന്നുവെന്ന് ആപ്പിറ്റൈറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. സാലഡിലും സ്മൂത്തികളിലും ചേർത്തും ഇത് കഴിക്കാം. മഗ്നീഷ്യം ധാരാളം അടങ്ങിയതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സ്പിനാച്ച് സഹായിക്കും. കൂടാതെ ഇത് ശരീരഭാരം നിയന്ത്രിക്കുകയും ചെയ്യും.

Vegetable Bottle Gourd Green Kitchen Tips
Representative image. Photo Credit: chengyuzheng/istockphoto.com

ചുരയ്ക്ക
വേനൽക്കാലത്താണ് ചുരയ്ക്ക (Bottle gourd) പ്രധാനമായും ലഭ്യമാകുന്നത്. ഇതിൽ കാലറി വളരെ കുറവും ജലാംശം വളരെ കൂടുതലുമാണ്. അതുകൊണ്ടു തന്നെ ശരീരഭാരം കുറയ്ക്കാൻ ഇത് ഒരു മികച്ച ഭക്ഷണമാണ്. ജലാംശവും നാരുകളും ധാരാളം ഉള്ളതിനാൽ ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കാനും ചുരയ്ക്ക സഹായിക്കുമെന്ന് ‘ഇന്റർനാഷണൽ ജേണൽ ഓഫ് ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷനിൽ’ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ചുരയ്ക്ക കറിയാക്കിയും ജ്യൂസ് ആക്കിയും റെയ്ത്ത ആക്കിയും കഴിക്കാം.

കോളിഫ്ലവർ
കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു പച്ചക്കറിയാണ് കോളിഫ്ലവർ. ഇതിൽ കാലറി വളരെ കുറവും ഫൈബർ ധാരാളവും ഉണ്ട്. ഏറെ നേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കാൻ ഇത് സഹായിക്കും. കോളിഫ്ലവറിൽ ഇൻഡോൾസ് എന്ന സംയുക്തങ്ങളുണ്ട്. ഇത് ഹോർമോണുകളെ നിയന്ത്രിക്കാനും കുടവയർ കുറയ്ക്കാനും സഹായിക്കും. കോളിഫ്ലവർ പോലുള്ള ക്രൂസിഫെറസ് പച്ചക്കറികൾ കൂടുതൽ കഴിക്കുന്നത് വിസറൽ ഫാറ്റ് കുറയ്ക്കാൻ സഹായിക്കും. ചോറിനു പകരമായോ ആലൂഗോബി, ഗോബി പറാത്ത തുടങ്ങിയ വിഭവങ്ങൾ ആക്കിയും കോളിഫ്ലവർ കഴിക്കാം.

Representative Image. Photo Credit : Esben_H / iStock Photo.com
Representative Image. Photo Credit : Esben_H / iStock Photo.com

കാരറ്റ്
കാഴ്ചശക്തിക്കു മാത്രമല്ല അരവണ്ണം കുറയ്ക്കാനും കാരറ്റ് നല്ലതാണ്. വൈറ്റമിനുകളും ആന്റി ഓക്സിഡന്റുകളും ധാരാളം അടങ്ങിയ കാരറ്റിൽ കാലറി കുറവും ഫൈബർ ധാരാളവും ഉണ്ട്. കാരറ്റ് പോലെ നാരുകൾ ധാരാളമുള്ള പച്ചക്കറികൾ കഴിക്കുന്നത് ശരീരത്തിലെത്തുന്ന കലോറി കുറയ്ക്കാൻ സഹായിക്കുമെന്ന് ‘ന്യൂട്രീഷൻ’ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ലഘുഭക്ഷണമായി പച്ചയ്ക്കും കാരറ്റ് കഴിക്കാം. സാലഡിലും സൂപ്പിലും ചേർത്തും കറികൾ വച്ചും കാരറ്റ് ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

പാവയ്ക്ക
പലർക്കും പാവയ്ക്കയുടെ രുചി ഇഷ്ടമല്ല എങ്കിലും ശരീരഭാരം കുറയ്ക്കാൻ മികച്ച ഒരു പച്ചക്കറിയാണിത്. ഇൻസുലിന്‍ നിയന്ത്രിക്കാൻ സഹായിക്കുന്ന പച്ചക്കറികൾ അടങ്ങിയതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കുടവയർ കുറയ്ക്കാനും കാരറ്റ് മികച്ച ഒരു ചോയ്സ് ആണ്. പാവയ്ക്കാ സത്ത് എലികളിൽ വയറിലെ കൊഴുപ്പ് കുറച്ചതായി ബിഎംസി കോംപ്ലിമെന്ററി ആൻഡ് ആൾട്ടർനേറ്റീവ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കറിയായും ജ്യൂസ് ആയും പാവയ്ക്ക ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

Vegetable Cucumber Salad
Representative image. Photo Credit: susansam/istockphoto.com

സാലഡ് വെള്ളരി
സാലഡ് വെള്ളരി അഥവാ കുക്കുമ്പർ ഉന്മേഷം നൽകുകയും ശരീരത്തിൽ ജലാംശം നിലനിർത്തുകയും ചെയ്യുന്നു. ധാരാളം ജലാംശം അടങ്ങിയതിനാൽ ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു. കാലറി കുറഞ്ഞ കുക്കുമ്പർ, ശരീരത്തിലെ വിഷാംശങ്ങളെയും നീക്കുന്നു. കുക്കുമ്പർ പോലുള്ള, ജലാംശം ധാരാളം അടങ്ങിയ പച്ചക്കറികൾ ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുമെന്ന് ഹ്യൂമൻ ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ച് പഠനം പറയുന്നു. സാലഡിലും റെയ്ത്തയിലും ചേർത്തും ലഘു ഭക്ഷണമായും കുക്കുമ്പർ കഴിക്കാം.

ബ്രൊക്കോളി
കുടവയർ കുറയ്ക്കാൻ സഹായിക്കുന്ന ബ്രൊക്കോളി പോഷകസമ്പുഷ്ടവുമാണ്. നാരുകൾ ധാരാളം അടങ്ങിയ ബ്രൊക്കോളിയിൽ കൊഴുപ്പിനെ ഇല്ലാതാക്കുന്ന സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. വയറിനു ചുറ്റും അടിഞ്ഞു കൂടിയ കൊഴുപ്പ് (visceral fat) കുറയ്ക്കാൻ ബ്രൊക്കോളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ സാധിക്കും എന്ന് ‘ജേണൽ ഓഫ് ദി അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സിൽ’ പ്രസിദ്ധീകരിച്ച പഠനത്തിൽ കണ്ടു. സൂപ്പ് ആയും സാലഡ് ആയും വറുത്തും ബ്രൊക്കോളി കഴിക്കാം.

English Summary:

7 Powerful Vegetables to Help You Lose Belly Fat Quickly and Effectively

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com