ഇരുന്ന് ജോലി ചെയ്യുന്നവർ നിർബന്ധമായും ചെയ്യേണ്ട യോഗാസനം ഇതാണ്; നടുവേദന മാറും
Mail This Article
സ്ത്രീകൾക്കും ഇരുന്ന് ജോലി ചെയ്യുന്നവർക്കും ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന നല്ലൊരു യോഗാസനമാണ് ഇത്. സ്ത്രീശരീരത്തിൽ വളരെ പ്രധാനപ്പെട്ട ഒരു ഭാഗമാണല്ലോ ഇടുപ്പ്. അതുകൊണ്ട് തന്നെ ഇടുപ്പിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് ദൈനംദിന ജീവിതത്തിലും ഗർഭധാരണത്തിനുമെല്ലാം പ്രധാനമാണ്.
ഓഫിസിൽ കംപ്യൂട്ടറിനു മുന്നിൽ എപ്പോഴും ഇരിക്കുന്ന ഏതൊരു വ്യക്തിക്കും ആരോഗ്യപരമായി പല പ്രശ്നങ്ങളും നേരിടേണ്ടി വരും. അങ്ങനെയുള്ളവർക്ക് ചെയ്യാവുന്ന ഒരു യോഗാസനം കൂടിയാണിത്.
നട്ടെല്ലിനു പ്രശ്നമുള്ളവരും ഗർഭിണികളും ഈ യോഗാസനം ചെയ്യുന്നതിനു മുൻപ് വിദഗ്ധരുടെ അഭിപ്രായം തേടേണ്ടത് അത്യാവശ്യമാണ്.
കാലുകൾ നീട്ടി നട്ടെല്ല് നിവർന്നിരുന്ന് വലതുകാൽ മടക്കി ഇടതു തുടയുടെ അടിയിൽ വയ്ക്കുക. ഇടതുകാൽ മടക്കി വലതു തുടയുടെ അടിയിലും വയ്ക്കുക. ഇങ്ങനെ ഇരിക്കുന്ന പൊസിഷനെയാണ് സുഖാസനം എന്നു പറയുന്നത്. ശരീരത്തിൽ മുറുകിയിരിക്കുന്ന പേശികളെ അയവുവരുത്താനായി ഇടയ്ക്കിടെ ഇങ്ങനെ ചെയ്യാവുന്നതാണ്.
അതിനുശേഷം മുട്ട് മടക്കി, ഉപ്പൂറ്റിയിലൂന്നി വജ്രാസനത്തിൽ ഇരിക്കുക. ഇങ്ങനെ ഇരിക്കുമ്പോൾ നടുവ് വളയ്ക്കാതെ നിവർന്ന് ഇരിക്കണം. ശേഷം അന്നേ ദിവസം വീട്ടിലും ഓഫിസിലുള്ള സമ്മർദ്ദവും മറ്റു കാര്യങ്ങളുമെല്ലാം മനസ്സിൽ കൂടി കടന്നു പോകാൻ അനുവദിക്കുക. അതിനുശേഷം നിങ്ങളെ ദീർഘമായിട്ടുള്ള ശ്വാസം എടുക്കുകയും വിടുകയും ചെയ്യുക.
ഇനി പതുക്കെ വലതു കൈ വലതു തോളിന്റെ നേരെ താഴെയും ഇടതു കൈ ഇടതു തോളിന്റെ താഴെയും വയ്ക്കുക. കാലുകൾ ചെറിയ രീതിയിൽ വിടർത്തി വയ്ക്കുക. ശേഷം നമ്മുടെ പുറം ഒട്ടകത്തിന്റെ പുറം പോലെ മുകളിലേക്ക് ഉയർത്തുക. ശേഷം നടുവ് മുഴുവനായും താഴ്ത്തി മുകളിലേക്ക് നോക്കുക. ശ്വാസം വിട്ടുകൊണ്ട് ഉള്ളിലേക്ക് വരിക. ശ്വാസം എടുത്തു കൊണ്ട് മുകളിലേക്ക് വരിക. ശേഷം വീണ്ടും വജ്രാസനത്തിലേക്ക് ഇരിക്കുക. ഈ പറഞ്ഞ രീതിയിൽ ശ്വാസം എടുക്കാനോ വിടാനോ ബുദ്ധിമുട്ടുണ്ടെങ്കിൽ സാധാരണ ശ്വാസമെടുക്കുന്നതു പോലെ ചെയ്താലും മതി.
നടുവേദന ഉള്ളവർക്ക് ഇത് ചെയ്യുന്നത് വളരെ ആശ്വാസമാണ്. എപ്പോഴും കംപ്യൂട്ടറിന്റെ മുൻപിലിരിക്കുന്ന ഐടി പ്രഫഷനലുകൾ ഉറപ്പായിട്ടും ഇത് പ്രാക്ടീസ് ചെയ്യുക.
രണ്ടാമത്തെ പൊസിഷൻ, വജ്രാസനത്തിൽ ഇരുന്നതിനു ശേഷം നിങ്ങളുടെ രണ്ടു കാലുകളും കഴിയുന്നത്ര അകലത്തിൽ മാറ്റി വയ്ക്കാൻ പറ്റുമോ എന്നു നോക്കുക. അതിനുശേഷം പതുക്കെ സ്ട്രെച്ച് ചെയ്ത് തല താഴ്ത്തി കിടക്കുക. ഇതിനെ ടാട്പോൾ പൊസിഷൻ എന്നു പറയും. അതിനുശേഷം ശ്വാസം വിട്ടുകൊണ്ട് വളരെ റിലാക്സായി കിടക്കുക. വളരെ സാവധാനം പടിപടിയായി എഴുന്നേറ്റു വരിക. കാലുകൾ വജ്രാസനത്തിൽ തന്നെ വയ്ക്കുക. ഇത് ടൈറ്റായിരിക്കുന്ന ഇടുപ്പിലെ പേശികളെ നല്ലതു പോലെ ടോൺ ചെയ്യാനും ഹെൽതി ആക്കാനും വളരെ പ്രധാനമാണ്.
കുറേ നേരം ഇരുന്ന് ജോലി ചെയ്യുന്ന നടുവേദന ഉള്ളവർക്ക് ശരീരത്തിന് മൊത്തതിൽ ഒരു സ്ട്രെച്ച് വേണമെങ്കിൽ വീണ്ടും നമ്മൾ പതുക്കെ കാലുകൾ സ്ട്രെച്ച് ചെയ്ത് നമ്മുടെ ശരീരത്തിനെ വളരെ സാവധാനം കയ്യിൽ താങ്ങി നിർത്തുന്ന (കോബ്ര) രീതിയിൽ നിൽക്കുക. അതിനുശേഷം കാലിന്റെ തള്ളവിരലിന്റെ സഹായത്തോടു കൂടി നിങ്ങൾക്കു ചെയ്യാൻ സാധിച്ചാൽ നിങ്ങൾ പതുക്കെ പർവതാസന (mountain pose)ത്തിൽ നിൽക്കുക. അതിനു ശേഷം കാലുകൾ സ്റ്റെപ് ബൈ സ്റ്റെപ്പായി പഴയ പൊസിഷനിലേക്ക് തിരികെ വരിക.
ഇതു കഴിഞ്ഞ് ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട പൊസിഷനാണ് ബദ്ധകോണാസനം (butterfly position) കാലുകൾ രണ്ടും പാദങ്ങളോട് ചേർത്ത് വച്ച് നിവർന്നിരുന്ന് ഇരുകാലുകൾ ചലിപ്പിക്കുക. പെൽവിസിന്റെ സ്ട്രെസ്സ് മുഴുവൻ ഈ ഒരു എക്സർസൈസിലൂടെ മാറ്റാൻ സാധിക്കും. അതുപോലെ ആർത്തവം ക്രമമാകാനും സഹായിക്കും. ശേഷം നമ്മൾ ശ്വാസം എടുത്തു കൊണ്ട് മുകളിലേക്ക് നോക്കി ശ്വാസം വിട്ടുകൊണ്ട് പതുക്കെ കാലിന്റെ തള്ളവിരലിൽ തൊടാനായി ശ്രമിക്കുക. ഇത് ആദ്യം ചെയ്യാൻ സാധിച്ചില്ലെങ്കിൽ പറ്റുന്നത്രയും കുനിഞ്ഞ് കൈകൾ രണ്ടും നിവർത്തു വയ്ക്കുക. ശേഷം വീണ്ടും സുഖാസനത്തിലേക്ക് തിരിച്ചു വരുന്നു. വീണ്ടും ഇരു കാലുകൾക്കും സ്ട്രെച്ച് കൊടുത്ത് മസില്‍സിനെ ഒന്നു കൂടി റിലാക്സ് ആക്കി പ്രാണായാമ അല്ലെങ്കിൽ നമ്മുടെ ബ്രീതിങ്ങിലേക്കു ശ്രദ്ധിക്കുക. കുറച്ചു നേരം നല്ല മ്യൂസിക്കൊക്കെ വച്ച് കണ്ണടച്ച് മൈൻഡ് ഫുൾ ആയി ഇരിക്കുക. അങ്ങനെ വീട്ടിൽ തന്നെ ഒരു കോർണർ ഉണ്ടാക്കി ഒരു 10–15 മിനിറ്റ് നിങ്ങൾക്കു വേണ്ടി മാത്രമായി ചെയ്തു നോക്കൂ. തീർച്ചയായിട്ടും നിങ്ങൾക്ക് അതിന്റെ ഫലം കിട്ടും.