'ഡയറ്റിങ് നിർത്തിക്കോ, അതല്ല ശരീരത്തിനു വേണ്ടത്': ആരോഗ്യം കാക്കാൻ ശിൽപ്പ ഷെട്ടിയുടെ ടിപ്സ്
Mail This Article
ശിൽപ്പ ഷെട്ടിയുടെ പ്രായം 50 ആകാൻ പോകുന്നു എന്നു കേട്ടാൽ ആരുമൊന്ന് ഞെട്ടും. ഇപ്പോഴും ഇരുപതുകളിലാണെന്ന് തോന്നിക്കുന്ന ബോളിവുഡ് താരത്തിന് പ്രായമാകുന്നില്ലേ എന്നാണ് ആരാധകരുടെ സംശയം. കൃത്യമായ വ്യായാമവും ചിട്ടയായ ശീലങ്ങളും തന്റെ ശരീരത്തിനും ആരോഗ്യത്തിനും എന്നും സഹായമായിരുന്നുവെന്ന് പല അവസരങ്ങളിലും ശിൽപ്പ െഷട്ടി പറഞ്ഞിട്ടുണ്ട്.
അടുത്തിടെ സോഷ്യൽമീഡിയയിൽ പങ്കുവച്ച വിഡിയോയിൽ ശിൽപ്പ ചോദിക്കുന്നത് എന്താണ് ആരോഗ്യം എന്നാണ്? ഉത്തരവും താരത്തിന്റെ കയ്യിലുണ്ട്. ഒരു വ്യക്തിയും അയാളുടെ ശരീരവും തമ്മിലുള്ള ബന്ധമാണ് ആരോഗ്യം. ഭക്ഷണം എത്ര കഴിക്കുന്നു എത്രത്തോളം ദേഹം അനങ്ങുന്നു എന്നത് തമ്മിലെ ഒരു ബാലൻസ് ആണ് ആരോഗ്യത്തിന് ആവശ്യം– ശിൽപ്പ പറയുന്നു.
പട്ടിണി കിടക്കുന്നതിൽ കാര്യമില്ലെന്ന് എല്ലാവർക്കും അറിയാമല്ലോ. കഴിക്കുന്ന ഭക്ഷണവും വ്യായാമവും ശ്രദ്ധിച്ചാൽ ഇഷ്ടമുള്ള രീതിയിൽ ശരീരത്തെ മാറ്റിയെടുക്കാൻ സാധിക്കും. പലപ്പോഴും ഡയറ്റിങ് ആരംഭിച്ച് രണ്ട് ദിവസം കഴിയുമ്പോൾ ഉപേക്ഷിക്കുന്നവരാമല്ലോ നമ്മളിൽ പലരും. അതുകൊണ്ട് തന്നെയാണ് ഡയറ്റിങ് അല്ല വേണ്ടതെന്ന് ശിൽപ്പ ഷെട്ടി പറയുന്നത്.
'ഡയറ്റിങ് അല്ല പരിപാലനമാണ് ശരീരത്തിന് വേണ്ടത്. അറിഞ്ഞ് കൊണ്ട് വേണം ഭക്ഷണം കഴിക്കാൻ. പ്രചോദനത്തെക്കാൾ അച്ചടക്കമാണ് വേണ്ടത്. ഒരു വ്യക്തിക്ക് നിയന്ത്രണങ്ങളല്ല, നല്ല ശീലങ്ങളെയാണ് ഉണ്ടാക്കിയെടുക്കേണ്ടത്. ആരോഗ്യം നിങ്ങളുടെ കയ്യിലാണ്. അതുകൊണ്ട് വെറുതെ ഇരുന്ന് ആരോഗ്യത്തിന് വേണ്ടി ആഗ്രഹിക്കാതെ അതിനു വേണ്ടി പണിയെടുക്കണം.' - ശിൽപ്പ പറയുന്നു.