ADVERTISEMENT

രക്തത്തിലെ ബിലിറൂബിന്റെ അളവ് ക്രമാതീതമായി വർധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിനു കാരണമാകുന്നത്. ചർമത്തിനും കണ്ണുകൾക്കും നഖത്തിനും ഉണ്ടാകുന്ന മഞ്ഞനിറം, വിശപ്പില്ലായ്മ, ഛർദി, ക്ഷീണം, പനി, ഇരുണ്ട മൂത്രം എന്നിവ രോഗലക്ഷണങ്ങളാണ്. രോഗത്തെ അതിജീവിക്കാൻ ശരിയായ ഭക്ഷണരീതി ആവശ്യമാണ്. 

ഉയർന്ന അളവിൽ നല്ലയിനം മാംസ്യം, അന്നജം, മിതമായ അളവിൽ കൊഴുപ്പ് എന്നിവ അടങ്ങുന്ന ഭക്ഷണമാണ് കഴിക്കേണ്ടത്. നിർജ്ജലീകരണം തടയുന്നതിനും ശരീരത്തിലെ വിഷാംശം പുറംതള്ളുന്നതിനും ദിവസം രണ്ട് ലീറ്റർ വെള്ളം കുടിക്കണം. രുചിക്കുറവും ഓക്കാനവും അകറ്റാൻ നാരങ്ങ, മധുരനാരങ്ങ ജ്യൂസുകൾ കുടിക്കാം. ഇവയിലുള്ള വൈറ്റമിനുകളായ സി, എ, ആന്റിഓക്സിഡന്റുകൾ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും. 

തൊലിയോടു കൂടിയ ധാന്യങ്ങളും കഴിക്കാം. ഓട്സിലെ ബീറ്റാഗ്ലൂക്കൺ കരളിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനൊപ്പം പ്രതിരോധശേഷിയും വർധിപ്പിക്കും. നട്സും പയർവർഗങ്ങളും വൈറ്റമിൻ ഇ, ഫിനോലിക് ആസിഡ് എന്നിവ നൽകുന്നു.

തക്കാളി, പപ്പായ, തണ്ണിമത്തൻ, മധുരനാരങ്ങ, കാരറ്റ് എന്നിവയിൽ ലൈകോപീൻ, ബീറ്റാകരോട്ടിൻ എന്നിവ കൂടിയ അളവിലുണ്ട്. ഇവ കരളിന്റെ സംരക്ഷണം ഉറപ്പാക്കുന്നു. കാപ്പി, ചായ എന്നിവയിൽ ആന്റിഓക്സിഡന്റുമുണ്ട്. രക്തത്തിൽ സോഡിയത്തിന്റെ അസന്തുലിതാവസ്ഥയ്ക്കു സാധ്യതയുള്ളതിനാൽ ഉപ്പിന്റെ അളവ് നിയന്ത്രിക്കണം. പകുതി പാചകം ചെയ്തതോ, ശരിയായി പാകം ചെയ്യാത്തതോ ആയ മൽസ്യം കഴിക്കരുത്. പ്രത്യേകിച്ചും കക്ക, ഞണ്ട്, കൊഞ്ച് എന്നിവ.

ബേക്കറി പലഹാരങ്ങൾ, വറുത്തതും പൊരിച്ചതും സംസ്കരിച്ചതുമായ ഭക്ഷണം, കൃത്രിമ നിറങ്ങൾ ചേർത്ത ഭക്ഷ്യവസ്തുക്കൾ എന്നിവ രോഗം കൂടാൻ കാരണമാകും. അതിനാൽ ഇവ ഒഴിവാക്കാം. റെഡ്മീറ്റിലെ പൂരിത കൊഴുപ്പും അമിനോ ആസിഡും കരൾ കോശങ്ങൾക്കു കൂടുതൽ നാശം വരുത്താം. അതിനാൽ ഇതും ഒഴിവാക്കുന്നതാണു നല്ലത്. 

English Summary : Hepatitis symptoms and healthy eating for patients

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com