ADVERTISEMENT

രക്തത്തെ നിരന്തരം ശുദ്ധീകരിച്ച് ശരീരത്തില്‍ നിന്ന് പല വിഷാംശങ്ങളും മറ്റ് കെമിക്കല്‍ മാലിന്യങ്ങളും നീക്കം ചെയ്യുന്ന വളരെ പ്രധാനപ്പെട്ട അവയവമാണ് കരള്‍. മറ്റ് അവയവങ്ങള്‍ പരിമിതമായ ജോലികള്‍ ചെയ്യുമ്പോൾ  ശരീരത്തിലെ 500ലധികം പ്രവര്‍ത്തനങ്ങളില്‍ കരള്‍ ഭാഗഭാക്കാകുന്നു. നാം കഴിക്കുന്നതെല്ലാം-  അത് ഭക്ഷണമാകട്ടെ, മദ്യമാകട്ടെ മരുന്നാകട്ടെ അവയെ സംസ്കരിക്കുന്നത് കരളാണ്. നാം കഴിക്കുന്ന ഭക്ഷണപാനീയങ്ങളിലെ വിഷാംശങ്ങളാണ് കരളിനെ നശിപ്പിക്കുന്നതും. രക്തത്തിലെ അണുബാധയും കരളിലെത്തി അതിന് നാശം വരുത്തുന്നു. ശരീരത്തിലെ മറ്റ് അണുബാധകളും നീര്‍ക്കെട്ടുകളും അര്‍ബുദം അടക്കമുള്ള രോഗങ്ങളും കരളിനെയും കൂടി ലക്ഷ്യമിടുന്നു. 

 

കരളില്‍ കൊഴുപ്പ് അടിഞ്ഞുണ്ടാകുന്ന ഫാറ്റി ലിവര്‍ രോഗം ക്രമേണ പുരോഗമിച്ച് കരള്‍ വീക്കത്തിലേക്കും കരള്‍ സ്തംഭനത്തിലേക്കുമെല്ലാം നയിക്കാമെന്ന് മുംബൈ മസിന ആശുപത്രിയിലെ കണ്‍സല്‍റ്റിങ് ചെസ്റ്റ് ഫിസിഷ്യന്‍ ഡോ. സുലൈമാന്‍ ലധാനി എച്ച്ടി ലൈഫ്സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മദ്യപാനം മൂലമുള്ള ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗവും മദ്യപാനം മൂലമല്ലാത്ത നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗവും ഉണ്ട്. അമിത വണ്ണമുള്ളവര്‍, പ്രമേഹ രോഗികള്‍ തുടങ്ങിയവരെല്ലാം ഫാറ്റി ലിവര്‍ രോഗം വരാന്‍ സാധ്യത കൂടിയവരാണെന്നും ഡോ. സുലൈമാന്‍ ചൂണ്ടിക്കാട്ടി. ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ അള്‍ട്രാ സോണോഗ്രാഫിയിലൂടെയോ ഫൈബ്രോ സ്കാനിലൂടെയോ തിരിച്ചറിയാം. 

 

മഞ്ഞപ്പിത്തത്തെ തുടര്‍ന്ന് ചര്‍മവും കണ്ണുകളും മഞ്ഞനിറമാകല്‍, വയറിന് മേല്‍ വലതു വശത്ത് വേദന, വയര്‍വീര്‍ക്കല്‍, മനംമറിച്ചില്‍, ക്ഷീണം, ആശയക്കുഴപ്പം, ഉറക്കംതൂങ്ങല്‍ എന്നിവയെല്ലാം കരള്‍ രോഗത്തിന്‍റെ ലക്ഷണങ്ങളാകാമെന്ന് മുംബൈ ഗ്ലോബല്‍ ഹോസ്പിറ്റലിലെ ഡോ. ഗൗരവ് ചൗബല്‍ പറയുന്നു.

കരള്‍ രോഗത്തിന്‍റെ വിവിധ ഘട്ടങ്ങൾ അറിയാം 

 

ഒന്നാം ഘട്ടം

ഈ ഘട്ടത്തില്‍ കരളില്‍ കൊഴുപ്പ് അടിഞ്ഞു തുടങ്ങുന്നതേ ഉണ്ടാകൂ. ഇതിനാല്‍ അണുബാധ ആരംഭിച്ചിട്ടുണ്ടാകില്ല. ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും നിത്യവുമുള്ള വ്യായാമത്തിലൂടെയും അമിതമായ ഈ കൊഴുപ്പ് കുറയ്ക്കാവുന്നതാണ്. ഈ ആദ്യ ഘട്ടത്തില്‍ നിന്ന് 10-20 ശതമാനം പേരില്‍ മാത്രമേ അടുത്ത ഘട്ടത്തിലേക്ക് രോഗം പുരോഗമിക്കൂ. 

 

രണ്ടാം ഘട്ടം

കരളില്‍ കൊഴുപ്പടിയുന്നതിനൊപ്പം കുറച്ച് അണുബാധയും കണ്ടു തുടങ്ങുന്നതാണ് ഈ ഘട്ടം. ജനസംഖ്യയില്‍ അഞ്ച് ശതമാനം പേര്‍ക്ക് ഇത് സംഭവിക്കുന്നു. ഈ ഘട്ടത്തില്‍ കരള്‍ വികസിക്കാന്‍ തുടങ്ങുകയും രോഗിക്ക് വയറിന് മുകള്‍ ഭാഗത്ത് വലതു വശത്തായി വേദന വരുകയും ചെയ്യുന്നു. ഈ ഘട്ടത്തിലും കരള്‍ രോഗം ചികിത്സിച്ച് മാറ്റാവുന്നതാണ്. എന്നാല്‍ നോൺ  ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഉള്ളവരില്‍ ഈ ഘട്ടത്തിലും കാര്യമായ ലക്ഷണങ്ങള്‍ ഉണ്ടാകില്ല. 

 

മൂന്നാം ഘട്ടം

ഈ ഘട്ടത്തില്‍ കരളിലെ കോശങ്ങള്‍ പതിയെ നശിച്ച് ഇവിടെ നിര്‍ജീവമായ സ്കാര്‍ കോശങ്ങള്‍ വരുന്നു. ആരോഗ്യകരമായ കരള്‍ കോശങ്ങള്‍ക്ക് പകരം സ്കാര്‍ കോശങ്ങള്‍ കരളില്‍ നിറയുന്നു. ഫൈബ്രോസിസ് എന്നാണ് ഈ ഘട്ടത്തിന് പേര്. കരളിലും കരളിനു ചുറ്റുമുള്ള രക്ത കോശങ്ങളിലും സ്കാര്‍ കോശങ്ങള്‍ ഈ ഘട്ടത്തില്‍ വരും. കരള്‍ ഈ ഘട്ടത്തിലും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരുമെങ്കിലും ചികിത്സ നല്‍കിയില്ലെങ്കില്‍ കരളിന്‍റെ പ്രവര്‍ത്തനങ്ങളെ രോഗം പതിയെ ബാധിച്ച് തുടങ്ങും. ഈ ഘട്ടത്തിലും ശരിയായ മരുന്നുകളും ജീവിതശൈലി മാറ്റങ്ങളും കൊണ്ട് രോഗം മാറ്റാന്‍ കഴിയും. 

 

നാലാം ഘട്ടം  

ഈ ഘട്ടത്തില്‍ സ്കാര്‍ കോശങ്ങള്‍ പൂര്‍ണമായും  കരളിനെ കീഴടക്കും. കരള്‍വീക്കം അഥവാ സിറോസിസ് എന്ന അവസ്ഥയാണ് ഇത്. ഈ ഘട്ടത്തില്‍ കരള്‍ ശരിയായി പ്രവര്‍ത്തിക്കാതെ വരുകയും മഞ്ഞപ്പിത്തം, വാരിയെല്ലിന്‍റെ കീഴില്‍ വേദന, വയറില്‍ ഫ്ളൂയിഡ് കെട്ടികിടക്കല്‍ പോലുള്ള ലക്ഷണങ്ങള്‍ പ്രത്യക്ഷമാകുകയും ചെയ്യും. രോഗിക്ക് വിശപ്പില്ലാതായി ഭാരം കുറയുകയും തലച്ചോര്‍, വൃക്ക, ഹൃദയം പോലുള്ള മറ്റ് അവയവങ്ങള്‍ കൂടി ബാധിക്കപ്പെട്ട് തുടങ്ങുകയും ചെയ്യും. ഈ ഘട്ടത്തില്‍ നിന്ന് കരളിന് പഴയ പോലെയാകാന്‍ സാധിക്കില്ല. 

 

അഞ്ചാം ഘട്ടം

എന്‍ഡ് സ്റ്റേജ് ലിവര്‍ ഡിസീസ് എന്നറിയപ്പെടുന്ന ഈ ഘട്ടത്തില്‍ രോഗിക്ക് മരണം സംഭവിക്കാം. കരള്‍ സ്തംഭനം രണ്ട് തരത്തിലുണ്ട്. 48-72 മണിക്കൂറുകള്‍ക്കകം  സംഭവിക്കുന്ന അക്യൂട്ട് ലിവര്‍ ഫെയ്‌ലുവറും ക്രമമായി സംഭവിക്കുന്ന ക്രോണിക് ലിവര്‍ ഫെയ്‌ലുവറും. മദ്യപാനം, അനിയന്ത്രിതമായ പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, അമിതവണ്ണം എന്നിവയെല്ലാം ക്രോണിക് ലിവര്‍ ഫെയ്‌ലുവറിന് കാരണമാകുന്നു. വൈറല്‍ രോഗങ്ങള്‍, പ്രതിരോധ സംവിധാനം തന്നെ ശരീരത്തിലെ കോശങ്ങളെ നശിപ്പിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ രോഗങ്ങള്‍, ചയാപചയ രോഗങ്ങള്‍ എന്നിവയെല്ലാം കരള്‍ സ്തംഭനത്തിന് കാരണമാകാം.

 

ആറാം ഘട്ടം

കരളിനെ അര്‍ബുദം ബാധിക്കുന്നതാണ് ആറാം ഘട്ടം. അര്‍ബുദം മേല്‍പറഞ്ഞ ഏത് ഘട്ടത്തിലും ബാധിക്കാവുന്നതാണ്. കരള്‍ രോഗങ്ങള്‍ മൂലമല്ലാതെയും ഇത് സംഭവിക്കാം. അര്‍ബുദ കോശങ്ങള്‍ നീക്കിയില്ലെങ്കില്‍ രോഗിയുടെ മരണത്തിന് കരള്‍ അര്‍ബുദം കാരണമാകും. 

 

കരള്‍ വീക്കം പുരോഗമിച്ച്  മറ്റ് മരുന്നുകളൊന്നും ഫലിക്കാതിരിക്കുമ്പോഴും  കരള്‍ രോഗം തലച്ചോര്‍, വൃക്ക പോലുള്ള മറ്റ് അവയവങ്ങളെ കൂടി ബാധിച്ച് തുടങ്ങുമ്പോഴും  കരള്‍ വീക്കത്തിന് പശ്ചാത്തലമായി കരളില്‍ അര്‍ബുദം കൂടി വരുമ്പോഴുമൊക്കെ  കരള്‍ മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നു. മദ്യപാനം, പുകവലി പോലുള്ള ശീലങ്ങൾ ഉപേക്ഷിച്ചും ഫാസ്റ്റ് ഫുഡ്‌, അമിതമായ പഞ്ചസാര എന്നിവ ഭക്ഷണത്തിൽ നിയന്ത്രിച്ചും നിത്യവും വ്യായാമം ഉൾപ്പെടുന്ന സജീവ ജീവിത ശൈലി പിന്തുടർന്നും കരളിനെ ആരോഗ്യത്തോടെ സൂക്ഷിക്കാൻ സാധിക്കുമെന്നും ഡോക്ടർമാർ നിർദ്ദേശിക്കുന്നു.

Content Summary : Liver disease: Stages, symptoms, lifestyle changes to prevent it

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com