ADVERTISEMENT

5 വർഷത്തെ സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകളിൽ നിന്നറിയാം കേരളത്തിൽ ജീവനൊടുക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന്. 2017ല്‍ 7870 പേര്‍ ആത്മഹത്യ ചെയ്തെങ്കിൽ 2021ൽ അത് 9549 ആയി. അതായത് 21.3 % വർധന. 2017 ല്‍,  ഒരു ലക്ഷം പേരിൽ 22.86 പേര്‍ ജീവനൊടുക്കിയപ്പോൾ 2021ൽ ഈ നിരക്ക്  27.20 ആയി. ലോകാരോഗ്യ സംഘടന ആരോഗ്യമേഖലയില്‍ ലക്ഷ്യം വച്ച ഒട്ടുമിക്ക കാര്യങ്ങളും നമ്മുടെ സംസ്ഥാനം കൈവരിച്ചുവെങ്കിലും ആത്മഹത്യയുടെയും മാനസികാരോഗ്യത്തിന്‍റെയും കാര്യത്തിൽ ഈ ലക്ഷ്യങ്ങളെല്ലാം തകിടം മറിഞ്ഞിരിക്കുകയാണ്.

suicide-trends-in-kerala-study-by-dr-p-n-suresh-kumar-infomation-one

2021ൽ ഇന്ത്യയിലെ ആത്മഹത്യാനിരക്ക് ഒരു ലക്ഷത്തില്‍ 11.3 ആണ്. കേരളത്തില്‍ ഇത് രണ്ടിരട്ടിയിലേറെ വരും. നാഷനല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2020 ല്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടന്ന സംസ്ഥാനമായ സിക്കിമിലെ നിരക്ക് ലക്ഷത്തില്‍ 42 ആണ്. ഛത്തീസ്ഗഡില്‍ 26.4, കേരളത്തിൽ 24 എന്നിങ്ങനെയാണിത്. 

5 വര്‍ഷം മുമ്പ് കേരളം ആത്മഹത്യാനിരക്കില്‍ രാജ്യത്ത് അഞ്ചാം സ്ഥാനത്തായിരുന്നു. അവിടെനിന്നാണ് മൂന്നാം സ്ഥാനത്തെത്തിയത്. ഒരു ആത്മഹത്യ നടന്നാല്‍ അതിന്‍റെ 20 ഇരട്ടി ആത്മഹത്യാശ്രമങ്ങള്‍ നടക്കുന്നുണ്ടാകുമെന്നാണ് ശാസ്ത്രീയ പഠനങ്ങള്‍ പറയുന്നത്. അങ്ങനെ നോക്കുമ്പോള്‍ 2021ല്‍ ഏകദേശം ഒരു ലക്ഷത്തിതൊണ്ണൂറായിരം ആത്മഹത്യാശ്രമങ്ങളെങ്കിലും കേരളത്തില്‍ നടന്നിട്ടുണ്ടാകും. കേരളത്തില്‍ പ്രതിദിനം 26 ആത്മഹത്യകളും 523 ആത്മഹത്യാശ്രമങ്ങളും നടക്കുന്നു. എത്രയോ വലിയ വെല്ലുവിളിയാണിത്. 

suicide-trends-in-kerala-study-by-dr-p-n-suresh-kumar-infomation-two

കേരളത്തിൽ കഴിഞ്ഞ അഞ്ചു വര്‍ഷമായി ആത്മഹത്യാ നിരക്കിൽ മുന്നിലുള്ളത് തിരുവനന്തപുരം ജില്ലയാണ് (2017ല്‍ ലക്ഷത്തില്‍ 36.8, 2022ല്‍ 42). എന്തുകൊണ്ട് തിരുവനന്തപുരത്ത് മാത്രം ഇത്രയധികം ആത്മഹത്യകള്‍ നടക്കുന്നു എന്നത് പഠനവിധേയമാക്കേണ്ട വസ്തുതയാണ്. 

കുറെ വര്‍ഷങ്ങളായി ആത്മഹത്യകള്‍ ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്. (2017-ൽ ലക്ഷത്തില്‍ 7.6, 2022-11.5). എന്നിരുന്നാലും ഈ ജില്ലയിലും ആത്മഹത്യാനിരക്ക് കുറേശ്ശെയായി വർധിച്ചുവരുന്നത് കാണാന്‍ സാധിക്കും. 15 വയസ്സിനും 45 വയസ്സിനും ഇടയ്ക്കുള്ളവരാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജീവനൊടുക്കുന്നത്. സമൂഹത്തിന്‍റെ നട്ടെല്ലായ യുവാക്കളെയാണ് നമുക്ക് ഇതുമൂലം നഷ്ടപ്പെടുന്നത്. കേരളത്തിലെ ആത്മഹത്യകളുടെ സ്ത്രീ പുരുഷ അനുപാതം ഇങ്ങനെയാണ്;  മൂന്നു പുരുഷന്‍മാര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ ഒരു സ്ത്രീയേ ജീവനൊടുക്കുന്നുള്ളു. ആത്മഹത്യയിലെ ആഗോള സ്ത്രീ-പുരുഷ അനുപാതം 1:1.7 ആണ്. അങ്ങനെ നോക്കുമ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആത്മഹത്യ ചെയ്യുന്നത് പുരുഷന്മാരാണെന്ന് കാണാന്‍ കഴിയും. 

suicide-trends-in-kerala-study-by-dr-p-n-suresh-kumar-infomation-three

കുടുംബ ആത്മഹത്യകളുടെ കാര്യത്തിലും കേരളം പിന്നിലല്ല. 2020 ല്‍ കേരളത്തില്‍ 25 പേര്‍ കൂട്ടആത്മഹത്യയിലൂടെ ജീവന്‍ വെടിഞ്ഞിട്ടുണ്ട്. തൊട്ട് മുമ്പില്‍ നില്‍ക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ ആന്ധ്രാപ്രദേശ് –46, തമിഴ്നാട് –45, മധ്യപ്രദേശ് –39, രാജസ്ഥാന്‍ –39 എന്നിവയാണ്. ഭര്‍ത്താവും ഭാര്യയും കുഞ്ഞുങ്ങളുംകൂടി ഒന്നിച്ചുള്ള കൂട്ടമരണങ്ങള്‍ ഇന്ന് സെന്‍സേഷണല്‍ വാര്‍ത്തയായി മാറിയിരിക്കുകയാണ്.

പ്രണയനൈരാശ്യത്തില്‍നിന്ന് ഉടലെടുക്കുന്ന പക മൂലം പങ്കാളിയെ കൊലപ്പെടുത്തി കമിതാവ് ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളും സമീപകാലങ്ങളില്‍ കൂടിക്കൊണ്ടിരിക്കുന്നു. 

ആത്മഹത്യകൾക്ക് ഒരുതരത്തിലുമുള്ള പ്രചാരണം നൽകാതിരിക്കുകയാണു വേണ്ടത്. പ്രചാരണം അമിതമാകുമ്പോൾ ആത്മഹത്യയെ ജീവിതപ്രശ്നങ്ങൾക്കുള്ള പോംവഴിയായി കാണാൻ ജനം പ്രേരിതരായേക്കാം. 

suicide-trends-in-kerala-study-by-dr-p-n-suresh-kumar-infomation-four

ആത്മഹത്യ ചെയ്തവരിൽ 78 ശതമാനവും വിവാഹിതരാണ്. പാശ്ചാത്യ രാജ്യങ്ങളിലാകട്ടെ ആത്മഹത്യ ചെയ്യുന്നവര്‍ ഏറെയും അവിവാഹിതരാണ്. കുടുംബപ്രശ്നങ്ങളാണു കേരളത്തിലെ ആത്മഹത്യകളിൽ മുഖ്യഘടകമാകുന്നത് (39%) എന്ന് ഇതിൽ നിന്നറിയാം. കുടുംബബന്ധങ്ങളില്‍ ഉണ്ടാകുന്ന അലോസരങ്ങളും അത് നേരിടാനുള്ള കഴിവില്ലായ്മയും മറ്റു വഴികളെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള ക്ഷമയില്ലായ്മയും പുതുതലമുറയെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നു. കേരളത്തില്‍ ഗണ്യമായ ഒരു വിഭാഗം ശാരീരിക-മാനസിക പ്രശ്നങ്ങള്‍മൂലം (69.5%) മൂലം ആത്മഹത്യ ചെയ്തിട്ടുണ്ട്. കേരളത്തില്‍ മാനസികരോഗങ്ങള്‍ മൂലം ആത്മഹത്യ ചെയ്തവരുടെ നിരക്ക് (20.5%) ദേശീയ നിരക്കായ 5 ശതമാനത്തേക്കാള്‍ കൂടുതലാണെന്നോർക്കണം.

suicide-trends-in-kerala-study-by-dr-p-n-suresh-kumar-infomation-five

നാഷനല്‍ സാംപിള്‍ സര്‍വേയുടെ കണക്കനുസരിച്ച് ഭാരതത്തിലെ മൊത്തം മാനസികരോഗികളുടെ എണ്ണം ലക്ഷത്തില്‍ 132 ആണെന്നിരിക്കെ കേരളത്തില്‍ ഇത് 282 ആണ്. അതായത് ദേശീയ നിരക്കിലേക്കാള്‍ 2 മടങ്ങ് കൂടുതല്‍. കേരളത്തിൽ മാനസിക രോഗികളുടെ എണ്ണം കൂടുന്നുണ്ടെങ്കിലും നാം പലപ്പോഴും കണ്ണടച്ച് ഇരുട്ടാക്കുന്ന അവസ്ഥയിലാണ്. 

വിഷാദരോഗം, അമിത മദ്യാസക്തി, ലഹരി അടിമത്തം, സ്കീസോഫ്രീനിയ എന്നീ രോഗങ്ങൾ മൂലമുള്ള ആത്മഹത്യ സാധ്യത 10 മുതല്‍ 15 വരെ ശതമാനമാണ്. രോഗത്തിന്‍റെ ആരംഭത്തിൽത്തന്നെ ശരിയായ ചികിത്സ എടുത്താല്‍ ഇത്തരം ആത്മഹത്യകള്‍ ഒഴിവാക്കാം.

suicide-trends-in-kerala-study-by-dr-p-n-suresh-kumar-infomation-six

സമൂഹത്തിന്‍റെ പങ്ക്

സങ്കീര്‍ണ്ണ പ്രതിഭാസമായ ആത്മഹത്യയെ ശാരീരിക, മാനസിക, സാമൂഹിക, സാമ്പത്തിക, സാംസ്കാരിക ഘടകങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. കേവലം ഒറ്റക്കാരണം പറഞ്ഞ് ആത്മഹത്യയെ ലളിതവല്‍ക്കരിക്കുന്നത് അശാസ്ത്രീയമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി പല മാറ്റങ്ങളും കേരളത്തില്‍ സംഭവിച്ചിട്ടുണ്ട്. സാമ്പത്തിക മാന്ദ്യം, ഗള്‍ഫില്‍നിന്നു ജോലി നഷ്ടപ്പെട്ട് തിരിച്ചു വരുന്ന പ്രവാസികള്‍, കോവിഡ് മൂലം കച്ചവടം തകര്‍ന്നുപോയ ബിസിനസുകാര്‍, ലഹരിക്കടിമയായ യുവാക്കൾ, ലോകഡൗണിന് ശേഷം കൗമാരപ്രായക്കാര്‍ക്ക് സംഭവിച്ചിട്ടുള്ള സ്വഭാവ വ്യതിയാനങ്ങള്‍, അന്ധമായ പാശ്ചാത്യ അനുകരണം, സാംസ്കാരിക ജീർണത, ആത്മഹത്യയെ അനുകൂലിക്കുന്ന സിനിമകള്‍, സീരിയലുകള്‍, വർധിച്ചുകൊണ്ടിരിക്കുന്ന പ്രകൃതിക്ഷോഭങ്ങള്‍ എന്നിവയെല്ലാം മലയാളിയുടെ മാനസിക പ്രതിരോധശക്തി തകര്‍ത്ത് പ്രതിസന്ധികളെ അതിജീവിക്കാന്‍ കഴിവില്ലാത്തവരായി തീര്‍ക്കുന്നു.

istock-acoholism-concept-man-drunk-laying-on-the-table-stock-photo-mmac72
Representative Image. Photo Credit : mmac72 / iStock.com

കുരയ്ക്കും പട്ടി കടിക്കും, മറക്കരുത്

ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗം തങ്ങളുടെ ചിന്ത പ്രത്യക്ഷമായോ പരോക്ഷമായോ മറ്റുള്ളവരുമായി പങ്കുവയ്ക്കാറുണ്ട്. ഇക്കാര്യം മറ്റുള്ളവര്‍ ലഘുവായി കാണുന്നത് മൂലമോ ശ്രദ്ധയില്‍പെടാതെ പോകുന്നതുകൊണ്ടോ തടയാനാവാതെ പോകുന്നു. ആത്മഹത്യയുടെ കാര്യത്തിലെങ്കിലും 'കുരയ്ക്കും നായ കടിക്കില്ല' എന്ന പഴമൊഴി തെറ്റാണ്. 

suicide-trends-in-kerala-study-by-dr-p-n-suresh-kumar-infomation-seven

വ്യക്തി നേരിട്ട് പറഞ്ഞില്ലെങ്കില്‍ കൂടി അയാളുടെ പെരുമാറ്റ രീതിയിലുള്ള വ്യത്യാസങ്ങള്‍ മുഖേന ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ആത്മഹത്യാ സാധ്യത കണ്ടുപിടിക്കാനാകും. 

ദുഃഖഭാവം, നിർവികാരത, കരച്ചില്‍, ക്ഷീണം, ഉത്സാഹക്കുറവ്, അശ്രദ്ധ, കുറ്റബോധം, പരിഭ്രാന്തി, ഉള്‍വലിയല്‍, ഉറക്കക്കുറവ്, വിശപ്പ് കുറവ്, ലഹരി ഉപയോഗം, മരുന്നുകള്‍ കഴിക്കാന്‍ വിമുഖത കാണിക്കുക, അമിത വേഗതയിലുള്ള ഡ്രൈവിങ്, വില്‍പത്രം തയാറാക്കുക തുടങ്ങിയവയൊക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ചിലരാകട്ടെ പതിവു രീതി വിട്ട് അമിത ഊർജസ്വലത കാണിക്കാം. 

suicide-trends-in-kerala-study-by-dr-p-n-suresh-kumar-infomation-eight

ഏതെങ്കിലും വ്യക്തിക്ക് ഇത്തരം പ്രശ്നങ്ങളുണ്ടെങ്കില്‍ മനസ്സുതുറന്ന്  സ്വകാര്യ സംഭാഷണത്തിന് തയാറായാല്‍ ഒട്ടേറെ ആത്മഹത്യകള്‍ തടയാന്‍ നമുക്ക് കഴിയും. മാനസിക രോഗമാണ് മൂലകാരണമെങ്കില്‍ എത്രയും പെട്ടെന്ന് അവരെ ചികിത്സയ്ക്ക് വിധേയമാക്കുക.

കുടുംബപ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ എല്ലാം ഉള്ളില്‍വച്ച് സഹിക്കാതെ കുടുംബക്കാരോടോ ആത്മാർഥ സുഹൃത്തുക്കളോടോ മനസ്സ് തുറക്കാന്‍ ശ്രമിക്കുക. പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാണെങ്കില്‍ ശാസ്ത്രീയമായ കൗണ്‍സിലിങ്ങിനു പോകുക. സര്‍ക്കാരിനു ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം എല്ലാ താലൂക്ക്, ജില്ലാ ആശുപത്രികളിലും ആഴ്ചയില്‍ ഒരു ദിവസമെങ്കിലും പ്രവര്‍ത്തിക്കുന്ന ആത്മഹത്യാപ്രതിരോധ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക എന്നതാണ്.

suicide-trends-in-kerala-study-by-dr-p-n-suresh-kumar-infomation-nine

കേരളത്തില്‍ 78 ശതമാനം ആത്മഹത്യകളും തൂങ്ങിമരണമാണ്. കീടനാശിനികളുടെ സുഗമമായ ലഭ്യതയും (9.4%) മരുന്നുകള്‍ കുറിപ്പടി ഇല്ലാതെ ലഭിക്കുന്നതും (2.6%) ഒഴിവാക്കിയാല്‍ ഈ മാർഗങ്ങൾ ഉപയോഗിച്ച് നടക്കുന്ന ആത്മഹത്യകള്‍ കുറയ്ക്കാന്‍ കഴിയും. ആത്മഹത്യാ ചിന്തയുള്ള ആളിന് ഏത് സമയത്തും ബന്ധപ്പെടാവുന്ന ടെലിഫോണ്‍ ഹെൽപ്‌ലൈനുകൾ ലഭ്യമാണെങ്കില്‍ നൈമിഷികമായി ഉടലെടുക്കുന്ന കടുംകൈകൾ തടയാന്‍ കഴിയും. ആത്മഹത്യക്ക് കാരണമായേക്കാവുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നല്ലൊരു മാര്‍ഗ്ഗം നമ്മുടെ ഓരോ പൗരനെയും സാമൂഹിക-സാമ്പത്തിക ജീവിത മേഖലകളിലെ ഏതു പ്രശ്നത്തെയും ധൈര്യമായി നേരിടാന്‍ സജ്ജമാക്കുക എന്നതാണെന്നു മറക്കാതിരിക്കാം. 

dr-p-n-suresh-kumar-thanal-suicide-prevention-centre-kozhikode
ഡോ. പി.എന്‍. സുരേഷ്കുമാര്‍

(കോഴിക്കോട് തണല്‍ ആത്മഹത്യ പ്രതിരോധ കേന്ദ്രം സ്ഥാപക ഡയറക്ടറാണ് ലേഖകൻ)

Content Summary : Suicide Trends in Kerala - Study by Dr P N Suresh Kumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com