ഉമ്മ വയ്ക്കുമ്പോൾ പകരും ഈ രോഗം; ലക്ഷണങ്ങള്‍ ഇവ
Mail This Article
ഉമിനീരിലൂടെ പകരുന്ന എപ്സ്റ്റീന്‍-ബാര്‍ വൈറസ് മൂലമുണ്ടാകുന്ന പകര്‍ച്ചവ്യാധിയാണ് ഇന്‍ഫെക്‌ഷ്യസ് മോണോന്യൂക്ലിയോസിസ്. മോണോ എന്ന ചുരുക്കപ്പേരിലും ഈ രോഗം അറിയപ്പെടുന്നു. രണ്ട് പേര്‍ ചുംബിക്കുമ്പോൾ ഈ വൈറസ് പകരാന്‍ സാധ്യത അധികമായതിനാല്‍ കിസ്സിങ് ഡിസീസ് എന്നും ഇതിന് പേരുണ്ട്. രോഗി ഉപയോഗിച്ച ഗ്ലാസോ, ഭക്ഷണം കഴിക്കാന്‍ ഉപയോഗിച്ച പാത്രങ്ങളോ പങ്കുവയ്ക്കുന്നവര്‍ക്കും രോഗം വരാന്‍ സാധ്യത അധികമാണ്.
ക്ഷീണം, തൊണ്ട വേദന, പനി, കഴുത്തിലെയും കക്ഷത്തിലെയും ലിംഫ് നോഡുകള്‍ നീര് വയ്ക്കല്‍, ടോണ്‍സിലിലെ നീര്, തലവേദന, ചര്‍മത്തില്‍ തിണര്‍പ്പുകള്‍, പ്ലീഹയില്‍ നീര് എന്നിവയെല്ലാം മോണോ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. പൊതുവേ സ്കൂള്‍ കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കുമാണ് ഈ രോഗം പിടിപെടാറുള്ളത്. ചെറിയ കുട്ടികളില്‍ കാര്യമായ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകാറില്ല. എന്നാല്‍ 20 വയസ്സിന് മുകളിലുള്ളവരില്‍ ആഴ്ചകളോളം ലക്ഷണങ്ങള്‍ തുടരാം.
കൈകള്‍ ഇടയ്ക്കിടെ കഴുകുന്നതും ഉമ്മ വയ്ക്കാതിരിക്കുന്നതും രോഗിയുടെ ഗ്ലാസുകളും പാത്രങ്ങളും ഉപയോഗിക്കാതെ ഇരിക്കുന്നതും വൈറസ് പടരാതിരിക്കാന്‍ സഹായിക്കും. ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണ്. രോഗികള്‍ വെള്ളവും മറ്റ് പാനീയങ്ങളും ധാരാളം കുടിക്കണം. സാധാരണ ഗതിയിൽ രണ്ട് മുതല്‍ നാല് ആഴ്ചകള്‍ക്കുള്ളില്‍ രോഗമുക്തി ലഭിക്കാം. ചിലരില്‍ അപൂര്‍വമായി ആറ് മാസം വരെയൊക്കെ ലക്ഷണങ്ങള്‍ നീണ്ടു നില്‍ക്കാറുണ്ട്.
Content Summary: Kissing disease; Sore throat and fatigue could be symptoms