കൃത്രിമ ഗര്‍ഭധാരണത്തിന്റെ വിജയശതമാനം വർധിപ്പിക്കാനും ഇനി നിര്‍മിത ബുദ്ധി
Mail This Article
നിരവധി ഡോക്ടര്‍മാരെ കാണിച്ചിട്ടും മനസ്സിലാകാതിരുന്ന രോഗം നിര്‍ണയിക്കാന്‍ ചാറ്റ് ജിപിടി (Chat GPT) എന്ന നിര്‍മിത ബുദ്ധി ആപ്ലിക്കേഷന്‍ (Artificial intelligence) സഹായിച്ചതിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ വന്നിരുന്നല്ലോ. ആരോഗ്യപരിചരണ രംഗത്തെ നിര്‍മിത ബുദ്ധിയുടെ അപാര സാധ്യതകളെ കുറിച്ചുള്ള ചെറിയൊരു സൂചന മാത്രമായിരുന്നു ഈ സംഭവം. ഇപ്പോള്‍ കൃത്രിമ ഗര്‍ഭധാരണത്തിലൂടെ കുഞ്ഞുങ്ങളെ ജനിപ്പിക്കുന്ന ഐവിഎഫ് ചികിത്സയുടെ വിജയനിരക്ക് വർധിപ്പിക്കാനും നിര്‍മിത ബുദ്ധിക്ക് കഴിയുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ശാസ്‌ത്രലോകം. ഐവിഎഫ് ചികിത്സയുടെ കൃത്യതയും കാര്യക്ഷമതയും വർധിപ്പിക്കാന്‍ നിര്‍മിത ബുദ്ധി സഹായിക്കുമെന്ന് അടുത്തിടെ ലഖ്‌നൗവില്‍ നടന്ന ഇന്ത്യന്‍ ഫെര്‍ട്ടിലിറ്റി സൊസൈറ്റിയുടെ (ഐഎഫ്‌എസ്) സമ്മേളനം അഭിപ്രായപ്പെട്ടു. ഐവിഎഫിനായി തിരഞ്ഞെടുക്കുന്ന അണ്ഡത്തിന്റെയും ബീജകോശത്തിന്റെയും ഗുണനിലവാരം ഇതിന്റെ വിജയത്തെ നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ്. ഇക്കാര്യത്തില്‍ നിര്‍ണായക സംഭാവനകള്‍ നിര്‍മിത ബുദ്ധിക്ക് നല്‍കാന്‍ സാധിക്കുമെന്ന് സമ്മേളനത്തില്‍ പങ്കെടുത്ത വിദഗ്‌ധര്‍ വിലയിരുത്തി.
Read Also : ഗർഭാവസ്ഥയിൽ കണ്ടുപിടിക്കുന്ന മുഴകൾക്ക് എന്താണ് ചികിൽസ?
മികച്ച അണ്ഡ-ബീജ കോംബിനേഷനുകള്‍ തിരഞ്ഞെടുക്കാന്‍ നിര്‍മിത ബുദ്ധി സഹായിക്കുമെന്ന് സമ്മേളനത്തില്‍ സംസാരിക്കവേ ഐഎഫ്‌എസ് വൈസ് പ്രസിഡന്റ് ഡോ. ഗീത ഖന്ന പറഞ്ഞു. രോഗികളുടെ ആരോഗ്യസ്ഥിതിയും പ്രത്യുത്‌പാദനക്ഷമതയും അനുസരിച്ച് വ്യക്തിഗത ചികിത്സാ പദ്ധതികള്‍ക്ക് രൂപം നല്‍കാനും നിര്‍മിത ബുദ്ധിക്ക് കഴിയുമെന്ന് ഡോ. ഗീത കൂട്ടിച്ചേര്‍ത്തു. ഒവേറിയന്‍ ഫോളിക്കിളുകളുടെ വലുപ്പം, അണ്ഡത്തിന്റെ രൂപം എന്നിങ്ങനെ പല ഘടകങ്ങളും ഐവിഎഫില്‍ സ്‌ത്രീകളുടെ അണ്ഡത്തിന്റെ ഗുണനിലവാരം നിശ്ചയിക്കുന്നു. ബീജത്തിന്റെ ഘടന, സംയോജനം, ചലനക്ഷമത എന്നിവ പുരുഷ ബീജത്തിന്റെ നിലവാരത്തില്‍ പങ്ക് വഹിക്കുന്നു. ഇവയുടെ തിരഞ്ഞെടുപ്പില്‍ മനുഷ്യര്‍ വരുത്തുന്ന തെറ്റുകള്‍ പരിഹരിച്ച് കൂടുതല്‍ വസ്‌തുനിഷ്‌ഠ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്താമെന്ന് ഐഎഫ്‌എസ് പ്രസിഡന്റ് ഡോ. കുല്‍ദീപ് നായരും അഭിപ്രായപ്പെട്ടു. കോവിഡിന് ശേഷം സ്‌ത്രീകളുടെ അണ്ഡകോശങ്ങളുടെ അളവിലും നിലവാരത്തിലും കുറവ് വന്നിട്ടുണ്ടെന്ന നിരീക്ഷണവും സമ്മേളനം പങ്കുവച്ചു. കോവിഡ് രോഗം പുരുഷ ബീജത്തിനും നാശമുണ്ടാക്കിയതായി ഡോക്ടര്‍മാര്‍ പറഞ്ഞെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉയര്‍ന്ന രക്തസമ്മർദം, പ്രമേഹം, തൈറോയ്‌ഡ് പ്രശ്‌നങ്ങള്‍, വൈകിയുള്ള ഗര്‍ഭധാരണം എന്നിവയും വന്ധ്യതയ്‌ക്ക് കാരണമാകുന്നതായി സമ്മേളനം അഭിപ്രായപ്പെട്ടു. രാജ്യത്തെ നാനൂറിലധികം ഐവിഎഫ് വിദഗ്‌ധരും ഗൈനക്കോളജിസ്‌റ്റുകളും സമ്മേളനത്തില്‍ പങ്കെടുത്തു.
സ്ത്രീകൾ ചെയ്യേണ്ട വ്യായാമങ്ങൾ – വിഡിയോ
Content Summary : AI can help in improving the success rate of IVF