ADVERTISEMENT

നിരന്തരമായ ഉറക്കമില്ലായ്‌മ സ്‌ത്രീകളില്‍, പ്രത്യേകിച്ച്‌ ആര്‍ത്തവവിരാമം വന്ന സ്‌ത്രീകളില്‍ ഇന്‍സുലിന്‍ പ്രതിരോധം വളര്‍ത്തി പ്രമേഹത്തിലേക്കു നയിക്കാമെന്നു പഠനം. അമേരിക്കയിലെ നാഷണല്‍ ഹാര്‍ട്ട്‌, ലങ്‌ ആന്‍ഡ്‌ ബ്ലഡ്‌ ഇന്‍സ്റ്റിറ്റ്യൂട്ടും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഡയബറ്റീസ്‌ ആന്‍ഡ്‌ ഡൈജസ്റ്റീവ്‌ കിഡ്‌നി ഡിസീസസും ചേര്‍ന്ന്‌ നടത്തിയ പഠനത്തിലാണ്‌ ഈ കണ്ടെത്തല്‍. 

ആറാഴ്‌ചത്തേക്ക്‌ രാത്രി 6.2 മണിക്കൂറോ അതില്‍ കുറവോ ആയി ഉറക്കം ചുരുക്കുന്നത്‌ സ്‌ത്രീകളിലെ ഇന്‍സുലിന്‍ പ്രതിരോധം 14.8 ശതമാനം വര്‍ദ്ധിപ്പിക്കുമെന്നു പഠന റിപ്പോര്‍ട്ട്‌ പറയുന്നു. ആര്‍ത്തവവിരാമം വന്ന സ്‌ത്രീകളില്‍ ഇത്‌ 20.1 ശതമാനം വരെ ഉയരാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. 

diabetes-woman-health-deepak-sethi-istockphoto-com
Representative image. Photo Credit: Deepak Sethi/istockphoto.com

20 മുതല്‍ 75 വയസ്സ്‌ വരെയുള്ള 40 സ്‌ത്രീകളിലാണ്‌ ഗവേഷണം നടത്തിയത്‌. ഗവേഷണം ആരംഭിക്കുന്നതിന്‌ മുന്‍പ്‌ കുറഞ്ഞത്‌ ഏഴ്‌ മുതല്‍ 9 മണിക്കൂര്‍ വരെ ഓരോ രാത്രിയിലും ഉറങ്ങിയിരുന്ന ഈ സ്‌ത്രീകളുടെ രക്തത്തിലെ പഞ്ചസാരയുടെ തോതും സാധാരണമായിരുന്നു. തുടര്‍ന്ന്‌ ആറാഴ്‌ച നീളുന്ന രണ്ട്‌ ഘട്ടങ്ങളിലായി ഇവരില്‍ പരീക്ഷണം നടത്തി. ഒരു ഘട്ടത്തില്‍ അവര്‍ അവരുടെ സാധാരണ ഉറക്കക്രമം പിന്തുടര്‍ന്നപ്പോള്‍ അടുത്ത ഘട്ടത്തില്‍ ഉറക്കം നിയന്ത്രിക്കപ്പെട്ടു. ഈ രണ്ട്‌ ഘട്ടത്തിനും ഇടയില്‍ ആറാഴ്‌ചത്തെ ഇടവേളയും ഇവരെടുത്തു. 

കയ്യില്‍ കെട്ടിയ സെന്‍സറിലൂടെയാണ്‌ ഇവരുടെ ഉറക്കത്തിന്റെ ദൈര്‍ഘ്യം അളന്നത്‌. ആദ്യ ഘട്ടത്തില്‍ ശരാശരി ഏഴര മണിക്കൂര്‍ വച്ച്‌ ഓരോ രാത്രിയും ഉറങ്ങിയ ഇവര്‍ക്ക്‌ രണ്ടാം ഘട്ടത്തില്‍ 6.2 മണിക്കൂര്‍ മാത്രമേ ഉറങ്ങാന്‍ സാധിച്ചുള്ളൂ. പഠനത്തിന്റെ തുടക്കത്തിലും അവസാനത്തിലും ഈ സ്‌ത്രീകളുടെ രക്തത്തിലെ ഗ്ലൂക്കോസ്‌ തോതും ശരീരത്തിലെ ഇന്‍സുലിന്‍ തോതും അളക്കപ്പെട്ടു. എംആര്‍ഐ സ്‌കാനിനും ഇവര്‍ വിധേയരായി. 

തുടര്‍ന്ന്‌ നടത്തിയ അവലോകനത്തിലാണ്‌ ഉറക്കം പരിമിതപ്പെടുത്തുന്നത്‌ ഇന്‍സുലിന്‍ പ്രതിരോധത്തിലേക്കും രക്തത്തിലെ ഗ്ലൂക്കോസ്‌ തോത്‌ ഉയരുന്നതിലേക്കും നയിക്കുമെന്നു കണ്ടെത്തിയത്‌. ഈ സ്‌ത്രീകള്‍ വീണ്ടും ഏഴ്‌ മുതല്‍ ഒന്‍പത്‌ മണിക്കൂര്‍ ഉറങ്ങാന്‍ തുടങ്ങിയതോടെ അവരുടെ ഇന്‍സുലിന്‍, ഗ്ലൂക്കോസ്‌ തോതുകള്‍ വീണ്ടും സാധാരണ നിലയിലായതായും ഗവേഷകര്‍ നിരീക്ഷിച്ചു. ഡയബറ്റീസ്‌ കെയര്‍ ജേണലിലാണ്‌ ഗവേഷണഫലം പ്രസിദ്ധീകരിച്ചത്‌. 

പ്രമേഹം ചികത്സിച്ചു മാറ്റാമോ? :വിഡിയോ

English Summary:

Sleep deprivation leads to insulin resistance and higher glucose levels in women

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com