വിശപ്പ് കാരണം ഡയറ്റിങ് നന്നായി നടക്കുന്നില്ലേ? ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ശരീരം ഭാരം എളുപ്പത്തിൽ കുറയ്ക്കാം
Mail This Article
ഡയറ്റിങ് ആരംഭിക്കുന്ന ഒരാൾ ആദ്യം ചെയ്യുക കഴിക്കുന്ന കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നതായിരിക്കും. കുറച്ച് ഭക്ഷണം കഴിച്ചാൽ ശരീരഭാരവും കുറയുമല്ലോ എന്നാണ് സ്വാഭാവികമായും ചിന്തിക്കുക. എന്നാൽ കഠിനമായ വിശപ്പ് തുടക്കത്തിൽ തന്നെ ഡയറ്റ് മുടക്കാറുമുണ്ട്. രണ്ടു ദിവസത്തിനു ശേഷം ഡയറ്റിങ് നിർത്തി വാരിവലിച്ചു കഴിക്കുന്ന വ്യക്തികളാണ് നമ്മളിൽ പലരും. എന്നാൽ വിശപ്പിനെ നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ ഡയറ്റിങ് എളുപ്പമാക്കാം.
1. ബ്രേക്ക് ഫാസ്റ്റ്
പ്രഭാതഭക്ഷണം നല്ല രീതിയിൽ കഴിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതും എളുപ്പവുമുള്ള കാര്യം. പ്രോട്ടീൻ ധാരാളമായുള്ള ഭക്ഷണപദാര്‍ഥങ്ങൾ രാവിലെ തന്നെ ആഹാരത്തിൽ ഉൾപ്പെടുത്തിയാൽ വയറു നിറഞ്ഞിരിക്കുമെന്നു മാത്രമല്ല വിശപ്പു കുറയാൻ സഹായിക്കുകയും ചെയ്യും. അടുത്ത നേരത്തെ ഭക്ഷണം അളവ് കുറച്ചു കഴിക്കാനും രാവിലെയുള്ള നല്ല ബ്രേക്ക്ഫാസ്റ്റ് സഹായിക്കും. മുട്ട, ചീസ്, കടല, ഓട്സ് തുടങ്ങിയവ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്താം.
2. പ്രൊസസ്ഡ് കാർബുകൾ ഒഴിവാക്കാം
ശരീരത്തിന്റെ ആരോഗ്യത്തിന് കാർബോഹൈഡ്രേറ്റ് അത്യാവശ്യമാണ്. എന്നാൽ ചോറ്, ചപ്പാത്തി തുടങ്ങിയ ഭക്ഷണത്തിൽ നിന്നും ലഭിക്കുന്നത് പ്രൊസസ്ഡ് കാർബുകളാണ്. അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും വീണ്ടും വിശപ്പുണ്ടാക്കുകയും ചെയ്യും. ഫൈബറുള്ള പച്ചക്കറിയിൽനിന്നും പഴങ്ങളിൽ നിന്നുമുള്ള കാർബുകളാണ് ശരീരഭാരം കുറയ്ക്കാൻ ഉപകാരപ്പെടുന്നത്.
3. ഉപയോഗിക്കാം ശുദ്ധമായ എണ്ണയും നെയ്യും
വറുത്തതും പൊരിച്ചതുമെല്ലാം കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഏറിയവരും. അതു പലപ്പോഴും ശരീരത്തിനു നല്ലതല്ലെന്ന് അറിഞ്ഞിട്ടും തുടർന്നും അതേ ഭക്ഷണം കഴിക്കുകയാണ് നിലവിലെ രീതി. അങ്ങനെയെങ്കിൽ ഭക്ഷണം പാകം ചെയ്യുമ്പോൾ ശുദ്ധമായ നെയ്യോ, എണ്ണയോ ഉപയോഗിക്കുന്നത് നല്ലതാണ്. ബ്ലഡ് ഷുഗർ ലെവൽ നിയന്ത്രിക്കാനും വിശപ്പ് കുറയ്ക്കാനും സഹായിക്കും.
4. ഉറക്കം മുടക്കല്ലേ
പലർക്കും ഉറക്കമില്ല. ഉറങ്ങുന്നെങ്കിൽതന്നെ ദിവസത്തിൽ എപ്പോഴെങ്കിലുമായിരിക്കും. എന്നാൽ രാത്രിയിൽ 7, 8 മണിക്കൂർ ഉറങ്ങുന്നത് ശരീരത്തിന്റെ ആരോഗ്യത്തിനു ആവശ്യമാണ്. കൃത്യ സമയത്തെ ഉറക്കം വിശപ്പ് നിയന്ത്രിക്കും. ഉറക്കക്കുറവ് വിശപ്പ് കൂട്ടുകയും ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യും. ഉറക്കം കുറഞ്ഞാൽ വയറിന്റെ ഭാഗത്ത് തടി കൂടുകയും ചെയ്യും.
5. വെള്ളം കുടിക്കാൻ മറക്കരുത്
ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുന്നതും വിശപ്പ് കൂടുന്നതിനുള്ള കാരണമാണ്. കൃത്യമായ അളവിൽ വെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനു സഹായിക്കും. പലപ്പോഴും ശരീരത്തിൽ ജലാംശം കുറയുമ്പോഴുണ്ടാകുന്ന അവസ്ഥയെ വിശപ്പായി തെറ്റിദ്ധരിക്കപ്പെടാറുമുണ്ട്. അതിനാൽ എപ്പോഴും ശരീരത്തില്‍ ജലാംശം ഉണ്ടായിരിക്കാൻ ശ്രദ്ധിക്കണം.
6. സ്നാക്സ് കരുതാം
ജോലിയിക്കിടയിലോ പഠിക്കുന്നതിനിടയ്ക്കോ വിശന്നാൽ എന്തുചെയ്യും? തൊട്ടടുത്ത കടയിൽ പോയി ഒരു പായ്ക്കറ്റ് ചിപ്സോ, ചോക്ലേറ്റോ, കൂൾ ഡ്രിങ്ക്സോ ഒക്കെ അകത്താക്കും. ഇതുതന്നെ പലയാവർത്തി സംഭവിക്കുകയാണെങ്കിൽ ഡയറ്റിങ്ങിന്റെ കാര്യം പറയണോ? ഇനി മുതൽ വിശക്കുമ്പോൾ എന്തെങ്കിലും വാങ്ങിക്കഴിക്കുന്ന പതിവ് മാറ്റുന്നതാണ് നല്ലത്. കയ്യിലൊരു ഹെൽത്തി സ്നാക്സ് കരുതാം. പഴം, ഫ്രൂട്സ്, നട്സ് എന്നിവ ഒപ്പമുണ്ടെങ്കിൽ എവിടെവച്ച് വിശന്നാലും ഹെൽത്തി ആയി കഴിക്കാം.
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ