ദഹനത്തിനും പ്രതിരോധശേഷി കൂട്ടാനും നല്ലത്; ആരോഗ്യം നന്നാക്കാൻ 8 ഹെൽത്തി ഡ്രിങ്കുകൾ
Mail This Article
ഡിസംബർ ഇങ്ങെത്തി, ഒപ്പം നല്ല തണുപ്പും. ശരീരത്തിനു ഊർജ്ജവും ആരോഗ്യവും നൽകുന്ന പാനീയങ്ങൾ അറിയാം.
1. മസാല ചായ
ചായയില്ലാത്ത ഒരു ദിവസമുണ്ടോ മലയാളികൾക്ക്? തണുപ്പ് കാലത്ത് ഒരു ചൂട് ചായ കുടിക്കുന്നത് ശരീരത്തിനും മനസ്സിനുമൊക്കെ സന്തോഷം തന്നെയാണ്. ഇഞ്ചി, ഏലയ്ക്ക, കറുകപ്പട്ട, ഗ്രാമ്പു എന്നിവ നന്നായി ചതച്ച് ഉണ്ടാക്കുന്ന മസാല ചായ രുചിയിൽ മാത്രമല്ല ഗുണത്തിന്റെ കാര്യത്തിലും കേമൻ തന്നെ. ദഹനം സുഗമമാക്കുകയും, ഹൃദയത്തിന്റെ ആരോഗ്യത്തിനു സഹായിക്കുകയും ചെയ്യുന്ന മസാല ചായ ആന്റിഓക്സിഡന്റുകളാലും സമ്പന്നമാണ്.
2. ടർമറിക് മിൽക്
ആയുർവേദത്തിൽ മഞ്ഞള്‍ ചേർത്ത പാലിന് വളരെ പ്രാധാന്യമുണ്ട്. പ്രതിരോധശേഷി വർധിപ്പിക്കാനും ശരീരത്തിലെ നീര് കുറയ്ക്കാനും സഹായിക്കും. പാലിൽ ഒരു നുള്ള് മഞ്ഞൾപ്പൊടി ചേർത്ത് തിളപ്പിച്ചാൽ ടര്‍മറിക് മിൽക് റെഡി.
3. ആം പന്ന
മലയാളികൾക്കു കേട്ടു പരിചയമില്ലാത്തൊരു പേരാണെങ്കിലും സംഭവം തനി നാടൻ തന്നെ. വേനലിൽ വൻ ഡിമാന്റുള്ള ഈ പാനീയം രുചിയിലും ഗുണത്തിലും അടിപൊളിയാണ്. നല്ല പച്ച മാങ്ങ വെള്ളവും പഞ്ചസാരയും ജീരകപ്പൊടിയും ഉപ്പും ചേർത്ത് മിക്സിയിലൊന്ന് കറക്കിയെടുത്താൽ ആം പന്ന റെഡി. ദഹനത്തിനും ഹൃദ്രേഗങ്ങൾ തടയുന്നതിനും സഹായിക്കും.
4. കേസർ മിൽക്
കുങ്കുമപ്പൂവ് ചേർത്ത് പാൽ തിളപ്പിച്ചെടുക്കേണ്ട താമസം മാത്രമേയുള്ളു. നല്ല ഉറക്കം കിട്ടാനും മൂഡ് നന്നാക്കാനും സഹായിക്കും. ആന്റിഓക്സിഡന്റുകളുമുണ്ട്. കുറച്ച് കുങ്കുമപ്പൂവ് ചേർത്താൽ തന്നെ നല്ല നിറവും മണവും രുചിയുമെല്ലാം കിട്ടും.
5. മോര്
സംഭാരമെന്നും മോര് എന്നുമെല്ലാം പറയുന്ന ഈ പാനീയം കുട്ടിക്കാലം മുതൽ നമ്മൾ കുടിക്കുന്നതാണ്. പുറത്തെ ചൂടിൽ നിന്നും വീട്ടിലേക്ക് കയറിയാൽ ഒരു ഗ്ലാസ് മോര് കുടിക്കുമ്പോൾ ശരീരത്തിൽ പടരുന്ന തണുപ്പ് എല്ലാവർക്കും അറിയാം. എന്നാൽ വേനലിൽ മാത്രമല്ല ഇത് കുടിക്കാവുന്നത്. ശരീരത്തിന്റെ പ്രവർത്തനത്തിനു സഹായകമാവുന്ന ഘടകങ്ങൾ സംഭാരത്തിലുള്ളതിനാൽ ആരോഗ്യത്തിനു മികച്ച പാനീയമാണ് മോര്.
6.ബദാം മിൽക്
പോഷകസമൃദ്ധമായ പാനീയമാണ് ബദാം മിൽക്. തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും, എല്ലുകള്‍ക്കു ബലം നൽകുന്നതിനും ശരീരത്തിനു വേണ്ട വൈറ്റമിനുകളും മിനറലുകളും കൊടുക്കുന്നതിലും ബദാം മിൽക്ക് വളരെ ഫലവത്താണ്. രാത്രി കുതിർത്തുവച്ച ബദാം തൊലി കളഞ്ഞ് ഒരു കപ്പ് പാലിനൊപ്പം ചേർത്ത് അരച്ചെടുക്കുക. റെസിപ്പി സിംപിൾ ആണെങ്കിലും ഗുണം ചില്ലറയല്ല.
7. കഞ്ചി
ഇത് നമ്മുടെ കഞ്ഞി അല്ല കേട്ടോ. കറുത്ത നിറത്തിലെ കാരറ്റിനെപ്പറ്റി അറിയാമോ? അത്ര പരിചയമില്ലല്ലേ. എന്നാൽ അങ്ങനെയൊന്നുണ്ട്. ഈ ബ്ലാക്ക് കാരറ്റ് അരിഞ്ഞ്, കടുക്, ഉപ്പ് വെള്ളം എന്നിവ ചേര്‍ത്ത് കുറച്ച് ദിവസത്തേക്ക് പുളിപ്പിക്കാൻ വെക്കണം. അതിനു ശേഷം ഉപയോഗിക്കാം. ഈ പാനീയം ദഹനത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും കുടലിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കും.
8. മാതളജ്യൂസ്
ആന്റിഓക്സിഡന്റ്സും വൈറ്റമിനുകളും ധാരാളമുള്ള മാതളജ്യൂസ് കുടിച്ചാൽ ഗുണങ്ങൾ പലതാണ്. ശരീരത്തിൽ ജലാംശം നിലനിർത്താനും ചർമത്തിന്റെ ആരോഗ്യത്തിനുമെല്ലാം മാതളത്തിന്റെ ജ്യൂസ് ഉപയോഗിക്കാം