ഹെയര്‍ ട്രീറ്റ്മെന്റുകള്‍ വൃക്ക പ്രശ്നം ഉണ്ടാക്കുമോ? പഠനങ്ങള്‍ പറയുന്നത് അറിയാം
Mail This Article
ഗ്ലൈക്കോളിക് ആസിഡോ ഗ്ലൈഓക്‌സാലിക് ആസിഡോ അടങ്ങിയ കെരാറ്റിന്‍ അധിഷ്‌ഠിത ഹെയര്‍ സ്‌ട്രെയ്‌റ്റനിങ് ഉത്‌പന്നങ്ങള്‍ ഉപയോഗിക്കുന്നത് വൃക്കരോഗമായ അക്യൂട്ട് കിഡ്‌നി ഇഞ്ചുറിയുടെ സാധ്യത വര്‍ധിപ്പിക്കുന്നതായി പഠനം. വൃക്കകളില്‍ ഓക്‌സലേറ്റ് പരലുകള്‍ രൂപപ്പെടാനും ഇത്തരം ഉത്‌പന്നങ്ങള്‍ കാരണമാകാമെന്ന് ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നു.
എലികളില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. ഹെയര്‍ സ്‌ട്രെയ്‌റ്റനിങ് ക്രീം പുരട്ടിയ എലികളില്‍ 28 മണിക്കൂറിന് ശേഷം പ്ലാസ്‌മ ക്രിയാറ്റിനിന്‍ തോത് ഗണ്യമായി ഉയര്‍ന്നിട്ടുണ്ടെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ഇവയുടെ വൃക്കകളുടെ സിടി സ്‌കാനില്‍ കാല്‍സ്യം ഓക്‌സലേറ്റ് മോണോഹൈഡ്രേറ്റ് നിക്ഷേപങ്ങളുടെ സാന്നിധ്യവും സ്ഥിരീകരിച്ചു.
അമേരിക്കന്‍ ജേണല്‍ ഓഫ് കിഡ്‌നി ഡിസീസില്‍ പ്രസിദ്ധീകരിച്ച മറ്റൊരു പഠനവും ഇതേ അഭിപ്രായം പങ്കുവയ്‌ക്കുന്നുണ്ട്. ഹെയര്‍ സ്‌ട്രെയ്‌റ്റനിങ് ഉത്‌പന്നങ്ങളില്‍ മാത്രമല്ല ക്ലീനറുകള്‍, ടോണറുകള്‍, മോയിസ്‌ച്യുറൈസറുകള്‍ എന്നിവയിലെല്ലാം അടങ്ങിയിട്ടുള്ള ഘടകമാണ് ഗ്ലൈകോളിക് ആസിഡ്.
എന്നാല്‍ ഇവയൊന്നും വൃക്കകള്‍ക്ക് നാശമുണ്ടാക്കുന്നതായി തെളിവുകളില്ല. ഹെയര്‍ ട്രീറ്റ്‌മെന്റ് ഉത്‌പന്നങ്ങളെ അപേക്ഷിച്ച് ചര്‍മ്മ പരിചരണ ഉത്‌പന്നങ്ങളില്‍ ഗ്ലൈകോളിക് ആസിഡിന്റെ സാന്നിധ്യം കുറവായതാകാം ഇതിന് കാരണമെന്ന് കരുതപ്പെടുന്നു. കെരാറ്റിന്‍ അധിഷ്‌ഠിത ഉത്‌പന്നങ്ങൾ വൃക്കകളിലുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ ആവശ്യമാണെന്നും ഗവേഷകര്‍ കൂട്ടിച്ചേര്‍ത്തു.
കുട്ടികളിലെ കിഡ്നി രോഗലക്ഷണങ്ങൾ: വിഡിയോ