ADVERTISEMENT

കുടലിലെ അര്‍ബുദത്തെ നേരിടാന്‍ കീമോതെറാപ്പിക്ക്‌ പകരം അര്‍ബുദ മുഴകളെ അലിയിച്ചു കളയുന്ന മരുന്ന്‌ കണ്ടെത്തി യുകെയിലെ ഒരു കൂട്ടം ശാസ്‌ത്രജ്ഞര്‍. പെംബ്രോലിസുമാബ്‌ എന്ന ഈ ഇമ്മ്യൂണോതെറാപ്പി മരുന്ന്‌ ഭാവിയില്‍ ഒരു പക്ഷേ അര്‍ബുദ ശസ്‌ത്രക്രിയയുടെ ആവശ്യം തന്നെ ഇല്ലാതാക്കിയേക്കാമെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ ശാസ്‌ത്രജ്ഞര്‍ പറയുന്നു.

യൂണിവേഴ്‌സിറ്റി കോളജ്‌ ലണ്ടന്‍, യൂണിവേഴ്‌സിറ്റി കോളജ്‌ ലണ്ടന്‍ ഹോസ്‌പിറ്റല്‍, ക്രിസ്റ്റി എന്‍എച്ച്‌എസ്‌ ഫൗണ്ടേഷന്‍ ട്രസ്റ്റ്‌, സെന്റ്‌ ജെയിംസ്‌ ഹോസ്‌പിറ്റല്‍, സതാംപ്‌ടണ്‍ യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റല്‍, ഗ്ലാസ്‌ഗോ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകര്‍ ചേര്‍ന്നാണ്‌ ഈ പഠനം നടത്തിയത്‌. പ്രതിരോധ കോശങ്ങളുടെ പ്രതലത്തിലുള്ള ഒരു പ്രത്യേക തരം പ്രോട്ടീനെ ലക്ഷ്യം വയ്‌ക്കുന്ന പെംബ്രോലിസുമാബ്‌ അര്‍ബുദകോശങ്ങളെ തേടിപ്പിടിച്ച്‌ കണ്ടെത്തി നശിപ്പിക്കുമെന്ന്‌ ഗവേഷകര്‍ പറയുന്നു.

colorectal-cancer-mi_viri-Shutterstock
Representative image. Photo Credit:mi_viri/Shutterstock.com

ലോകത്തിലെ അര്‍ബുദ വിദഗ്‌ധരുടെ ഏറ്റവും വലിയ സമ്മേളനമായ അമേരിക്കന്‍ സൊസൈറ്റി ഓഫ്‌ ക്ലിനിക്കല്‍ ഓങ്കോളജിയുടെ വാര്‍ഷിക യോഗത്തിലാണ്‌ ഈ കണ്ടെത്തല്‍ അവതരിപ്പിക്കപ്പെട്ടത്‌. ലോകത്തിലെ അര്‍ബുദ മരണങ്ങളില്‍ രണ്ടാം സ്ഥാനത്താണ്‌ കുടലിലെ അര്‍ബുദങ്ങള്‍ മൂലമുള്ള മരണങ്ങള്‍. ഓരോ വര്‍ഷവും 19 ലക്ഷം പുതിയ അര്‍ബുദ കേസുകളും 9 ലക്ഷത്തോളം മരണങ്ങളും ഈ അര്‍ബുദം മൂലം ഉണ്ടാകുന്നുണ്ടെന്ന്‌ ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.

രണ്ടും മൂന്നും സ്‌റ്റേജുകളിലുള്ള 32 കുടല്‍ അര്‍ബുദ രോഗികളിലാണ്‌ പഠനം നടത്തിയത്‌. ഇവര്‍ക്ക്‌ ശസ്‌ത്രക്രിയക്ക്‌ മുന്‍പ്‌ കീമോതെറാപ്പിക്ക്‌ പകരം 9 ആഴ്‌ച പെംബ്രോലിസുമാബ്‌ നല്‍കി. 59 ശതമാനം രോഗികള്‍ക്ക്‌ പെംബ്രോലിസുമാബ്‌ ഉപയോഗിച്ചുള്ള ചികിത്സയ്‌ക്ക്‌ ശേഷം അര്‍ബുദത്തിന്റെ ലക്ഷണങ്ങള്‍ അവശേഷിച്ചിരുന്നില്ലെന്ന്‌ ഗവേഷകര്‍ നിരീക്ഷിച്ചു. ശേഷിക്കുന്ന 41 ശതമാനം രോഗികള്‍ക്ക്‌ ശസ്‌ത്രക്രിയയോട്‌ കൂടി അര്‍ബുദം നിശേഷം തുടച്ച്‌ നീക്കപ്പെട്ടു.

pills-anandaBGD-istockphoto
Representative image. Photo Credit: anandaBGD/istockphoto.com

ഇതേ ജനിതക പ്രൊഫൈലുള്ള രോഗികള്‍ക്ക്‌ കീമോതെറാപ്പി നല്‍കിയപ്പോള്‍ അഞ്ച്‌ ശതമാനം പേര്‍ക്ക്‌ മാത്രമാണ്‌ ശസ്‌ത്രക്രിയക്ക്‌ ശേഷം അര്‍ബുദ ലക്ഷണങ്ങള്‍ പൂര്‍ണ്ണമായും ഇല്ലാതായതെന്നും ഗവേഷണ റിപ്പോര്‍ട്ട്‌ കൂട്ടിച്ചേര്‍ക്കുന്നു. ഈ മരുന്ന്‌ നല്‍കിയ രോഗികളുടെ അതിജീവനത്തിന്റെയും അര്‍ബുദം വീണ്ടും വരുന്നതിന്റെയും നിരക്കുകള്‍ അടുത്ത വര്‍ഷങ്ങളില്‍ പഠനവിധേയമാക്കുമെന്ന്‌ ഗവേഷകര്‍ പറയുന്നു. കൂടുതല്‍ ഗവേഷണ പഠനങ്ങള്‍ക്ക്‌ ശേഷമേ പെംബ്രോലിസുമാബ്‌ കുടല്‍ അര്‍ബുദത്തിനുള്ള സാധാരണ ചികിത്സ മാര്‍ഗ്ഗമായി അംഗീകരിക്കപ്പെടുകയുള്ളൂ.

English Summary:

UK Scientists Discover Tumor-Dissolving Drug for Colon Cancer: A Potential Game-Changer in Oncology

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com