ADVERTISEMENT

പ്രമേഹം നിയന്ത്രിക്കാനും ഭാരം കുറയ്‌ക്കാനും വിദേശരാജ്യങ്ങളിലൊക്കെ വ്യാപകമായി ഉപയോഗിച്ച്‌ വരുന്ന ടിര്‍സെപ്‌റ്റൈഡ്‌ മരുന്ന്‌ ഇറക്കുമതി നടത്താനും വിപണനം ചെയ്യാനും ഡ്രഗ്‌ കണ്‍ട്രോള്‍ ജനറല്‍ ഓഫ്‌ ഇന്ത്യയുടെ വിദഗ്‌ധ സമിതി അനുമതി നല്‍കി. എലി ലില്ലി നിര്‍മ്മിക്കുന്ന ഈ മരുന്ന്‌ മൗഞ്ചാരോ, സെപ്‌ബൗണ്ട്‌ എന്നീ പേരുകളിലാണ്‌ അമേരിക്കയില്‍ വിപണനം നടത്തുന്നത്‌. വിദഗ്‌ധ സമിതിയുടെ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ ഡ്രഗ്‌ കണ്‍ട്രോള്‍ ജനറല്‍ ഓഫ്‌ ഇന്ത്യ അന്തിമ അനുമതി നല്‍കും.

കുത്തിവയ്‌പ്പിലൂടെ എടുക്കുന്ന ഈ മരുന്ന്‌ ശരീരഭാരം 18 ശതമാനം വരെ കുറയ്‌ക്കാന്‍ സഹായിക്കുമെന്ന്‌ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മൗഞ്ചാരോ പ്രമേഹത്തിനും സെപ്‌ബൗണ്ട്‌ ഭാരം കുറയ്‌ക്കലിനും ഉദ്ദേശിച്ചുള്ളതാണ്‌.

pills-anandaBGD-istockphoto
Representative image. Photo Credit:anandaBGD/istockphoto.com

2.5 മില്ലിഗ്രാം മുതല്‍ 12.5 മില്ലിഗ്രാം വരെയുള്ള ആറ്‌ വ്യത്യസ്‌ത ഡോസുകള്‍ അടങ്ങിയ കുത്തിവയ്‌പ്പ്‌ രൂപത്തിലുള്ള മരുന്നുകള്‍ക്ക്‌ രണ്ട്‌ ആഗോള ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ്‌ ഇന്ത്യയിലെ വിദഗ്‌ധ സമിതി അംഗീകാരം നല്‍കിയത്‌. ടൈപ്പ്‌ 2 പ്രമേഹമില്ലാത്ത മുതിര്‍ന്നവരില്‍ 72 ആഴ്‌ച കൊണ്ട്‌ 18 ശതമാനം ഭാരം കുറയ്‌ക്കാന്‍ ടിര്‍സെപ്‌റ്റൈഡിന്‌ കഴിയുമെന്ന്‌ പഠനത്തില്‍ കണ്ടെത്തിയിരുന്നു. പ്രമേഹ ബാധിതരില്‍ ശരാശരി 12 ശതമാനം ഭാരം കുറയ്‌ക്കാനും മരുന്നിന്‌ സാധിച്ചു.

എന്നാല്‍ ഈ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്ന രോഗികളെ ശ്രദ്ധാപൂര്‍വം തിരഞ്ഞെടുക്കണമെന്നും വിദഗ്‌ധ സമിതി ശുപാര്‍ശ ചെയ്യുന്നു. പാന്‍ക്രിയാറ്റിക്‌ രോഗചരിത്രമുള്ളവര്‍ക്കും എന്‍ഡോക്രൈന്‍ സംവിധാനത്തിന്‌ തകരാറുകള്‍ ഉള്ളവര്‍ക്കും ഛര്‍ദ്ദി, ഓക്കാനം പോലുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും ഈ മരുന്നുകള്‍ നല്‍കരുതെന്ന്‌ സമിതി പറയുന്നു. രോഗികള്‍ ആദ്യം ഭക്ഷണക്രമീകരണവും വ്യായാമവും പിന്തുടരാന്‍ നിര്‍ദ്ദേശിക്കണമെന്നും സമിതി നിഷ്‌ക്കര്‍ഷിക്കുന്നു. ഇവയ്‌ക്കെല്ലാം ശേഷവും ഭാരം കുറയുന്നില്ലെങ്കില്‍ മാത്രമേ ഈ മരുന്നുകള്‍ ശുപാര്‍ശ ചെയ്യാവൂ എന്നും സമിതി കൂട്ടിച്ചേര്‍ക്കുന്നു. ഇന്ത്യയിലെ ഈ മരുന്നുകളുടെ വില അറിവായിട്ടില്ലെങ്കിലും പ്രതിമാസം 15,000 രൂപയെങ്കിലും ആകുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

English Summary:

India Approves New Weight Loss Drugs: Everything You Need to Know About Tireceptide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com