ADVERTISEMENT

കോളറ ബാധിച്ചുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ആകെ ആശങ്കയിലാണ് സംസ്ഥാനം. ഏറെ നാൾക്കു ശേഷമാണ് കോളറ വീണ്ടും ആശങ്കയുളവാക്കുന്ന രീതിയിലേക്ക് മാറിയത്. സംസ്ഥാനത്ത് കഴിഞ്ഞ 6 മാസത്തിനിടെ 9 പേർക്കാണ് കോളറ സ്ഥിരീകരിച്ചത്. 2017ലാണ് കേരളത്തിൽ ഒടുവിലായി കോളറ ബാധിച്ച് മരണം സംഭവിക്കുന്നത്. എന്താണ് കോളറയെന്നും പ്രതിരോധമെങ്ങനെയെന്നും കോട്ടയം ജനറൽ ആശുപത്രിയിലെ ജനറൽ മെഡിസിൻ കൺസൾട്ടന്റ് ഡോ. വിനോദ് പി മനോരമ ഓൺലൈനിനോട് വ്യക്തമാക്കുന്നു.

വയറിളക്ക രോഗങ്ങൾ ഉണ്ടാക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട കാരണമാണ് കോളറ. വിബ്രിയോ എന്നതാണ് കോളറയുടെ ശാസ്ത്രനാമം. വിബ്രിയോ എൽടോർ, ക്ലാസിക്കൽ എന്നിങ്ങനെ രണ്ടു തരം കോളറയുണ്ട്. ഇപ്പോൾ പ്രധാനമായും കണ്ടു വരുന്നത് എൽടോർ വിഭാഗത്തിൽപെട്ട കോളറയാണ്. കോളറയുടെ അണുക്കൾ കലർന്ന മലിനജലം കുടിക്കുന്നതിലൂടെയോ, ഭക്ഷണപദാർഥങ്ങൾ കഴിക്കുന്നതിലൂടെയോ ആണ് കോളറ ബാധിക്കുന്നത്. സാധാരണഗതിയിൽ 10– 20 ശതമാനം ആൾക്കാർക്കു മാത്രമേ ഗുരുതരമായ രീതിയിൽ രോഗം ബാധിക്കാറുള്ളൂ. ബാക്കിയുള്ള ആളുകളിൽ ചെറിയ രീതിയിലുളള രോഗലക്ഷണങ്ങളായിരിക്കും കാണിക്കുക. ബാക്കിയുള്ളവരിൽ രോഗലക്ഷണങ്ങള്‍ കാണിക്കാറുമില്ല. 

Photo Credit: Dr_Microbe/ Istockphoto.com
Photo Credit: Dr_Microbe/ Istockphoto.com

പക്ഷേ ഈ രോഗലക്ഷണങ്ങൾ കാണിക്കാത്തവരിലും അല്ലെങ്കിൽ ചെറിയ രീതിയിൽ രോഗലക്ഷണങ്ങൾ കാണിക്കുന്നവരിൽ നിന്നുമാണ് കൂടുതലായി കോളറ പകരുന്നത്. കാരണം ഗുരുതരമായ അസുഖം ബാധിച്ചവർ തീർച്ചയായും ചികിൽസ തേടിയെത്തും. ബാക്കിയുള്ളവർ ചികിൽസ തേടാതിരിക്കുകയും അവരുടെ മലത്തിലൂടെ പുറത്തു വരുന്ന വിബ്രിയോ കോളറയുടെ അണുക്കൾ ജലത്തിൽ കലരുകയോ അല്ലെങ്കിൽ ആ ജലം ഉപയോഗിച്ച് പാകം െചയ്യുന്ന ഭക്ഷണപദാർഥങ്ങളിൽ കലരുകയോ ചെയ്യും. അതല്ലെങ്കിൽ വിബ്രിയോ കോളറ കൈകളിലോ മറ്റോ ഉണ്ടെങ്കിൽ അതിലൂടെ ഭക്ഷണപദാർഥങ്ങളിൽ കടന്ന് ശരീരത്തിനുള്ളിൽ ചെന്നാണ് രോഗം ഒരാളിൽ നിന്ന് മറ്റൊരു വ്യക്തിയിലേക്ക് എത്തിച്ചേരുന്നത്. ഇതിന്റെ പ്രധാനപ്പെട്ട ലക്ഷണം വയറിളക്കം തന്നെയാണ്. വളരെ പെട്ടെന്നുണ്ടാകുന്ന വയറിളക്കം തീർത്തും വെള്ളം പോലെ വയറ്റിൽ നിന്നും അറിയാതെ പോലും പോകുന്ന രീതിയിൽ ഉണ്ടാകും. അതിന്റെ കൂട്ടത്തിൽ വയറുവേദനയോ മറ്റു ബുദ്ധിമുട്ടുകളോ ഒന്നും ഉണ്ടാകില്ല. 

വയറിളക്കത്തോടൊപ്പം ഉണ്ടാകുന്ന പ്രധാന പ്രശ്നം ഛർദ്ദി മാത്രമാണ്. ഓരോ പ്രാവശ്യവും വയറിളക്കം ഉണ്ടാകുമ്പോൾ വളരെ വലിയ തോതിലുള്ള ജലനഷ്ടം ഉണ്ടാകാം.ചിലപ്പോൾ ഒരു ലീറ്റർ വരെ ജലം ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ടു പോകാം. ഏറ്റവും ഗുരുതരമായ േകസുകളിൽ ഒരു ദിവസം 40 പ്രാവശ്യം വരെ ഒരു രോഗിക്ക് വയറിളക്കം ഉണ്ടാകാം. അങ്ങനെ ഓരോ ദിവസവും ലിറ്ററ് കണക്കിന് ജലവും ലവണാംശങ്ങളും ശരീരത്തിൽ നിന്ന് നഷ്ടപ്പെട്ടു പോകും. ഇങ്ങനെ നഷ്ടപ്പെട്ടു പോകുന്ന ജലവും ലവണാംശങ്ങളും കൃത്യമായ അളവിൽ ഒആർഎസ് ലായനി ഉപയോഗിച്ച് തിരിച്ചു നൽകിയില്ലെങ്കിൽ ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗി വളരെ ഗുരുതരാവസ്ഥയെ പ്രാപിക്കും. രോഗിക്ക് ഗുരുതരമായ നിർജലീകരണം ഉണ്ടാകും. അതുവഴി പ്രഷറു കുറയുകയും കിഡ്നിയുടെ പ്രവർത്തനം തടസ്സപ്പെടുകയും ചെയ്യും. ഇത് രോഗിയുടെ മരണത്തിന് വരെ ഇടയാക്കുന്നു. കോളറ ഗുരുതരമായി ബാധിച്ചവരിൽ കൃത്യമായ ചികിൽസ,അതായത് ഒആർഎസ് ഉപയോഗിച്ചുള്ള ഡീഹൈഡ്രേഷൻ തെറപ്പിയും, ആന്റിബയോട്ടിക്കും നൽകിയില്ലെങ്കിൽ നാൽപതു ശതമാനത്തോളം മരണ സാധ്യതയുണ്ട്. 

ഇതുപോലെ മഴക്കാലത്താണ് കോളറ കൂടുതലായും ഉണ്ടാകുന്നത്. തുറസ്സായ സ്ഥലങ്ങളിൽ മലവിസർജനം ചെയ്യുന്ന ശീലമുള്ള ആളുകൾ താമസിക്കുന്ന ഇടങ്ങളിൽ, മലത്തിലൂടെ പുറത്തു വരുന്ന കോളറയുടെ അണുക്കൾ അടുത്തുള്ള ജലാശയങ്ങളെ മലിനമാക്കുന്നു. കുളങ്ങൾ, കിണറുകൾ, തടാകങ്ങൾ ഇവയിലൊക്കെ കലരുകയും ഈ വെള്ളം തിളപ്പിക്കാതെ കുടിക്കുന്നതിലൂടെയാണ് ഇത് പെട്ടെന്ന് പകരുന്നത്. ശരീരത്തിനുള്ളിൽ പ്രവേശിച്ച് 1–2 ദിവസങ്ങൾക്കുള്ളില്‍ രോഗലക്ഷണങ്ങൾ കാണിക്കുകയും ഒരാൾക്ക് രോഗബാധ ഉണ്ടായാൽ 7 ദിവസം വരെ കോളറയുടെ അണുക്കൾ അയാളുടെ മലത്തിലൂടെ പുറത്ത് വന്ന് രോഗം പകരുന്നതിനുള്ള സാധ്യതയുണ്ട്. 

hand-wash-kieferpix-shutterstock-com
Representative image. Photo Credit:kieferpix/istockphoto.com

പ്രതിരോധം
കോളറ തടയുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട കാര്യം വ്യക്തിശുചിത്വം തന്നെയാണ്. മലവിസർജനത്തിന് മുൻപും ശേഷവും കൈകള്‍ സോപ്പിട്ട് കഴുകുക. പാചകം ചെയ്യുന്നതിനു മുൻപും ഭക്ഷ്യവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിനു മുൻപും കൈകൾ നന്നായി സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക. 59 ഡിഗ്രി സെൽഷ്യസിൽ 30 മിനിട്ട് ചൂടാക്കിയാൽ സാധാരണ വിബ്രിയോ കോളറ നിർവീര്യമാക്കപ്പെടും. അതേസമയം തിളപ്പിക്കുകയാണെങ്കിൽ ഏകദേശം ഒരു മിനുട്ടിനുള്ളില്‍ തന്നെ കോളറയുടെ അണുക്കൾ നശിപ്പിക്കപ്പെടും. അതുപോലെ ബ്ലീച്ചിങ് പൗഡർ ഉപയോഗിച്ച് ജലാശയങ്ങൾ കിണറുകളും കുളങ്ങളും മലിനവിമുക്തമാക്കുന്നത് കോളറ തടയുന്നതിനുള്ള പ്രധാനപ്പെട്ട മാർഗമാണ്. 

കോളറ ഉണ്ടാകുന്നതിനുള്ള മറ്റൊരു കാരണം ഐസ് ആണ്. പലപ്പോഴും പല ചെറിയ കടകളിലും മറ്റും തണുത്ത വെള്ളത്തിനു വേണ്ടി ഐസുകൾ ഉപയോഗിക്കാറുണ്ട്. ഐസിനുള്ളിൽ രണ്ടാഴ്ച വരെ കോളറയുടെ അണുക്കൾ നശിപ്പിക്കപ്പെടാതെ ഇരിക്കും. ഇങ്ങനെ മലിനമാക്കപ്പെട്ട വെള്ളം ഉപയോഗിച്ചുണ്ടാക്കുന്ന ഐസ് കട്ടകൾ കുടിവെളളത്തിൽ ഇടുകയാണെങ്കിൽ കോളറ പടരുന്നതിനുള്ള സാധ്യത കൂടുന്നു. അതോടൊപ്പം തന്നെ പല തരത്തിലുള്ള ബോട്ടിൽഡ് ഡ്രിങ്ക്സിലൂടെയും കോളറ പകരുന്നതിനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ചികിൽസയെക്കാൾ ഏറ്റവും പ്രധാനം രോഗം പടരാതിരിക്കാനും വരാതിരിക്കാനും ഉള്ള ശ്രദ്ധ കൊടുക്കുകയാണ്. 

1124272225
Representative image. Photo Credit: Motoration/Shutterstock.com

ഓരോരുത്തരും അവരവരുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകി ഏറ്റവും നല്ല രീതിയിൽ ശുചിത്വം പാലിക്കുകയും തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും ചെയ്യുക. അതോടൊപ്പം കോളറ ബാധിത പ്രദേശങ്ങളിൽ വയറിളക്കം ഉണ്ടാകുന്നവരുണ്ടെങ്കിൽ എത്രയും വേഗം അടുത്തുള്ള ആശുപത്രിയെ സമീപിച്ച് വൈദ്യസഹായം തേടി കോളറ ആണോ അല്ലയോ എന്ന് ഉറപ്പു വരുത്തി അതിനുള്ള ചികിൽസ തേടേണ്ടതാണ്. 

കോളറ തിരിച്ചറിയുന്നതിനുള്ള പ്രധാന മാർഗം പെട്ടെന്നുണ്ടാകുന്ന ഛർദിയും വയറിളക്കവുമാണ്. രോഗിയുടെ ഭാഗത്തു നിന്ന് ഒരു ശ്രമം ഇല്ലാതെ തന്നെ വയറിളക്കം ഉണ്ടാകുകയാണ് ചെയ്യുക. പലപ്പോഴും രോഗി അറിയാതെ തന്നെ വയറിളകും. വയറ്റിൽ നിന്നും പോകുന്ന മലം ഏകദേശം കഞ്ഞിവെള്ളത്തിന്റെ നിറത്തിലായിരിക്കും.

English Summary:

Cholera - Know the symptoms and Treatment

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com