എംപോക്സ്: കരുതൽ വേണ്ടത് ആർക്കൊക്കെ? ലക്ഷണങ്ങളും പ്രതിരോധവും അറിയാം
Mail This Article
എംപോക്സ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ജാഗ്രതയിലാണ് സംസ്ഥാനം. യുഎഇയില്‍ നിന്നും വന്ന 38 വയസുകാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. ആഫ്രിക്കയിൽ പടർന്നുപിടിച്ച എംപോക്സ് അടുത്തകാലങ്ങളിലായി ലോകത്തെ മുഴുവൻ ആശങ്കയിലാക്കിയിരുന്നു. അതിർത്തികൾക്ക് ഒരു പകർച്ചവ്യാധിയെയും പിടിച്ചുകെട്ടാന്‍ കഴിയില്ല എന്നതുതന്നെ കാരണം. ഇത് കണക്കിലെടുത്ത് ലോകാരോഗ്യസംഘടന ജാഗ്രതാനിര്‍ദേശം പുറപ്പെടുവിക്കുകയും ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കയും ചെയ്തിരുന്നു. ഇത്രയും ജാഗ്രത ആവശ്യമുള്ള മങ്കിപോക്സ് എന്നറിയപ്പെട്ടിരുന്ന എംപോക്സ് എന്താണ്?
1958ൽ ഡെൻമാർക്കിൽ ശാസ്ത്ര പരീക്ഷണങ്ങള്‍ക്കുവേണ്ടി സൂക്ഷിച്ചിരുന്ന കുരങ്ങുകളിലാണ് ആദ്യമായി എംപോക്സ് വൈറസ് കണ്ടെത്തുന്നത്. 1970ൽ ആഫ്രിക്കയിലെ ഡെമോക്രാറ്റിക് റിപബ്ലിക് ഓഫ് കോംഗോയില്‍ 9 മാസം പ്രായമുള്ള ആൺകുഞ്ഞിനാണ് മനുഷ്യരിൽ തന്നെ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കുരങ്ങിൽ മാത്രമല്ല അണ്ണാൻ, മുള്ളൻപന്നി, ചില കാട്ട് എലികൾ, ചിലതരം ചെറിയ സസ്തിനികൾ എന്നിവയിലും വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് തെറ്റിദ്ധാരണ ഒഴിവാക്കുന്നതിലേക്കായി മങ്കിപോക്സ് എന്നതിനു പകരം എംപോക്സ് എന്ന പേര് ലോകാരോഗ്യ സംഘടന തീരുമാനിക്കുന്നത്.
മൃഗങ്ങളുമായി വളരെ അടുത്തിടപഴകുന്ന അവസരങ്ങളിലാണ് ഈ വൈറസ്ബാധ കൂടുതലായി ഉണ്ടാകുന്നത്.മൃഗങ്ങളുമായി സമ്പർക്കമുള്ളവർ, വേട്ടയ്ക്കു പോകുന്നവർ, കാടുകളിൽ കൂടുതൽ മൃഗങ്ങളുമായി ഇടപഴകുന്നവർ, കാട്ടുമൃഗങ്ങളുടെ അല്ലെങ്കിൽ രോഗം ബാധിച്ച മൃഗങ്ങളുടെ മാംസം ശരിയായ രീതിയിൽ പാചകം ചെയ്യാതെ ഉപയോഗിക്കുന്നവർ എന്നിവർക്ക് ഈ രോഗം പകരാം.
അതല്ലെങ്കിൽ രോഗം ബാധിച്ച മനുഷ്യരിൽ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് ഇത് പകരാം. തൊടുക, അടുത്തിടപഴകുക, ഒരേ വസ്ത്രം മാറി ഉപയോഗിക്കുക അങ്ങനെയുള്ള അവസരങ്ങളില്‍ രോഗം പകരാം. നേരിട്ട് സമ്പർക്കമുള്ള ആളുകൾക്ക് രോഗം പകരാനുള്ള സാധ്യത കൂടുതലാണ്.
വായുവിൽ കൂടിയും രോഗം പകരാവുന്നതാണ്. മങ്കി പോക്സ് ഉള്ള ആളിന്റെ അടുത്തു നിന്ന് സംസാരിക്കുകയോ, ചുമ, ശ്വാസോച്ഛ്വാസം, കൂടുതൽ ഇടപഴകുകയോ വഴി വൈറസ് മറ്റൊരാളിലേക്കെത്താം. രോഗി ഉപയോഗിച്ച വസ്ത്രം, കിടക്കവിരി, ഇരിക്കുന്ന കസേര, ഉപയോഗിച്ച കംപ്യൂട്ടർ, മൊബൈൽ തുടങ്ങിയ വസ്തുക്കളിലൊക്കെയും വൈറസ് 10–15 മിനിറ്റ് നശിക്കാതെ കിടക്കും. ഈ വസ്തുക്കളുമായി ഇടപെടുന്ന വ്യക്തിക്ക് രോഗം പകരാനുള്ള സാധ്യതയുണ്ട്. ഒന്നിലധികം ലൈംഗികപങ്കാളിയുള്ളവർക്കും രോഗസാധ്യത കൂടുതലാണ്.
ഗർഭിണിയായ അമ്മയിൽ നിന്നും കുഞ്ഞിലേക്ക് പകരുന്നപക്ഷം ഗർഭം അലസി പോകാനും, ചാപിള്ളയാകുനുമുള്ള സാധ്യത ഏറെയാണ്. രോഗപ്രതിരോധശേഷി കുറഞ്ഞവർ, കുട്ടികൾ, ഗർഭിണികൾ എച്ച്ഐവി രോഗികൾ എന്നിവർക്ക് രോഗം ഗുരുതരമാകാനും ജീവനു തന്നെ ഭീഷണിയാവാനുമുള്ള സാധ്യത കൂടുതലാണ്. രോഗാണു ശരീരത്തിൽ കയറിയാൽ രോഗലക്ഷണങ്ങൾ പ്രകടമാകുന്നതു വരെയുള്ള സമയമാണ് ഇൻകുബേഷൻ പീരിയഡ്. ഇത് 5–15 ദിവസം വരെയാകാം. പലർക്കും പല രീതിയിലാകാം രോഗബാധയുടെ തീവ്രത. ചിലർക്ക് ചർമത്തിൽ അണുബാധ വളരെ അധികമായിരിക്കാം, കാഴ്ചയ്ക്ക് മങ്ങലേൽക്കാം, ന്യൂമോണിയ, വയറിളക്കം, ഛർദ്ദി എന്നിവയും ഉണ്ടായേക്കാം.
സാധാരണ ഒരു പനി വരുമ്പോൾ ഉണ്ടാകുന്നത് പോലെയുള്ള പനി, ജലദോഷം, തൊണ്ടവേദന, ശരീരവേദന എന്നീ രോഗലക്ഷണങ്ങളാണ് എംപോക്സ് വൈറസ്ബാധയുടെ ആദ്യത്തെ ഘട്ടം. രോഗിക്ക് തലവേദന, ചുമ കഴലവീക്കം എന്നിവയും ഉണ്ടാകും. രണ്ടാമത്തെ ഘട്ടത്തിൽ ചിക്കൻപോക്സിന് സമാനമായ കുമിളകൾ ശരീരത്തിലാകെ പ്രത്യക്ഷപ്പെടുന്നു. ആദ്യം ചെറിയ രീതിയിലുള്ള പാടുകളായി പ്രത്യക്ഷപ്പെട്ട ശേഷമാണ് മൂന്ന് നാല് ദിവസങ്ങൾക്കുള്ളിൽ ഇവ കുമിളകളായി മാറുന്നത്. ഇവ മുഖത്താണ് ഏറ്റവും കൂടുതൽ കാണപ്പെടുന്നത്. കൈവെള്ള, കാൽവെള്ള, കൈയുടെ പുറംഭാഗം എന്നിവിടങ്ങളിൽ കുമിളകളുടെ എണ്ണം കൂടുതലായിരിക്കും. ജനനേന്ദ്രിയങ്ങളുടെ അടുത്തും ജനനേന്ദ്രിയങ്ങളിലും കുമിളകൾ പ്രത്യക്ഷപ്പെടാം. ഈ കുമിളകൾ വേദനയും അസ്വസ്ഥതയും ഉണ്ടാക്കുമെങ്കിലും പൊട്ടിക്കുവാൻ പാടില്ല. പിന്നീടിത് പഴുപ്പിന്റെ നിറത്തിലേക്കു മാറുകയും ഒരാഴ്ചയ്ക്കുള്ളിൽ കുമിളകൾ പൂർണമായും കരിഞ്ഞ് ഉണങ്ങുകയും ചെയ്യും.
രോഗം പകരാതിരിക്കാനുള്ള ഏറ്റവും വലിയ മാർഗം രോഗിയെ മാറ്റി പാർപ്പിക്കുകയാണ്. രോഗപകർച്ച ഉണ്ടാകുന്ന സമയം വരെ രോഗിയെ മാറ്റിപ്പാർപ്പിക്കുകയും രോഗിയെ പരിചരിക്കുന്നവർ കൃത്യമായ വ്യക്തി ശുചിത്വം പാലിക്കുകയും വേണം. രോഗി മാസ്ക് ധരിക്കുകയും, ഇടയ്ക്കിടെ കൈകൾ കഴുകുകയും വേണം. വീട്ടിലുള്ളവർ രോഗിയുടെ അടുത്തേക്ക് പോകുമ്പോൾ മാസ്കും ഗ്ലൗസും ധരിക്കുന്നതാണ് നല്ലത്. രോഗിയെ സ്പർശിച്ച ശേഷം സോപ്പ് ഉപയോഗിച്ച് ശരിയായ രീതിയില്‍ കൈകഴുകണം.
ശരീരത്തിൽ പാടുകൾ വന്നുതുടങ്ങി, മങ്കിപോക്സ് ആണെന്ന് തിരിച്ചറിയുന്നതിനു രണ്ടു ദിവസം മുൻപേ ഇത് രോഗമുള്ളയാളിൽ നിന്ന് മറ്റൊരു രോഗിയിലേക്ക് പടരുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വളരെ ശ്രദ്ധിച്ചെങ്കിൽ മാത്രമേ രോഗം പടരുന്നത് തടയാനായി സാധിക്കുകയുള്ളൂ. വൈറസിന്റെ തീവ്രതയും ചികിത്സാ സൗകര്യങ്ങളും അനുസരിച്ച് മങ്കിപോക്സിന്റെ മരണനിരക്കിൽ വ്യത്യാസമുണ്ടാകാം. നിലവിൽ 1–10 ശതമാനം വരെയാണ് മരണ നിരക്ക്.
(വിവരങ്ങൾക്കു കടപ്പാട്: ഡോ. വിനോദ് പി, ജനറൽ മെഡിസിൻ കൺസൽറ്റന്റ്, കോട്ടയം ജനറൽ ഹോസ്പിറ്റൽ)