‘തിരികെ സ്കൂളിൽ പോകണം, പഠിച്ച് നിമിഷ് ഡോക്ടറുടെ കൂടെ ജോലി ചെയ്യണം’; അപൂർവ രോഗത്തെ കീഴടക്കി അനൂഷ
Mail This Article
കൊച്ചി ∙ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് മടങ്ങുമ്പോൾ അനൂഷയ്ക്ക് ഒരു ആഗ്രഹം മാത്രം – തിരികെ സ്കൂളിൽ പോകണം, പഠിച്ച് നിമിഷ് ഡോക്ടറുടെ കൂടെ ജോലി ചെയ്യണം. തുടർ പരിശോധനയ്ക്കായി രാജഗിരി ആശുപത്രിയിൽ എത്തിയപ്പോഴാണ് ചികിത്സിച്ച ഡോക്ടറോട് അനൂഷ ആഗ്രഹം വെളിപ്പെടുത്തിയത്. സ്വന്തം പ്രതിരോധ ശേഷി തന്നെ തലച്ചോറിലെ കോശങ്ങളെ ആക്രമിക്കുന്ന എൻഎംഡിഎ എൻസെഫലൈറ്റിസ് എന്ന രോഗത്തെ തുടർന്ന് ആറ് മാസത്തോളം അനൂഷ രാജഗിരിയിൽ ചികിത്സയിലായിരുന്നു. പന്ത്രണ്ടാം ക്ലാസിലെ പഠനത്തിന് ഇടയിലാണ് അപസ്മാരത്തെ തുടർന്ന് തൊടുപുഴ സ്വദേശി അനൂഷയെ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തലവേദന, ഓർമ്മ കുറവ്, സംസാര രീതിയിലെ മാറ്റം തുടങ്ങിയ ലക്ഷണങ്ങൾ അനൂഷ കാണിച്ചിരുന്നെങ്കിലും വീട്ടുകാർ അത് കാര്യമാക്കിയിരുന്നില്ല. തുടർച്ചയായി വന്ന അപസ്മാരത്തെ തുടർന്ന് തീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്റർ പിന്തുണയിലേക്ക് അനൂഷയെ മാറ്റി. എംആർഐ, ഇഇജി പരിശോധന ഫലങ്ങളെ അടിസ്ഥാനമാക്കി ന്യൂറോളജിസ്റ്റ് ഡോ.നിമിഷ് വിജയകുമാർ ചികിത്സ ആരംഭിച്ചു. തുടർന്ന് നടത്തിയ നട്ടെല്ല് തുളച്ചുള്ള പരിശോധനയിലാണ് എൻഎംഡിഎ എൻസെഫലൈറ്റിസ് എന്ന രോഗമാണെന്ന് സ്ഥിരീകരിച്ചത്. പതിനഞ്ച് ലക്ഷത്തിൽ ഒരാൾക്ക് മാത്രം കാണുന്ന ഒരു അപൂർവ്വ ഓട്ടോ-ഇമ്മ്യൂൺ രോഗാവസ്ഥയാണിത്.
തുടർ പരിശോധനകളിൽ രക്തത്തിൽ ആന്റിബോഡികളുടെ സാന്നിധ്യം വളരെ കൂടുതലാണെന്ന് വ്യക്തമായി. ഇത് കുറയ്ക്കുന്നതിന് മരുന്നുകൾ തെരഞ്ഞെടുത്ത്, ക്രമീകരിക്കുകയായിരുന്നു വലിയ വെല്ലുവിളി. അപസ്മാരം, രക്ത സമ്മർദം, ഉയർന്ന ഹൃദയമിടിപ്പ്, അണുബാധ എന്നിവ നിയന്ത്രിക്കാൻ മൂന്ന് മാസത്തോളം വെന്റിലേറ്റർ പിന്തുണ തുടർന്നു. ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവി ഡോ. ജേക്കബ് വർഗീസിന്റെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ സംഘം ഇതിനായി രൂപീകരിച്ചു. ഡോ. ബിജി തോമസ് ഫിലിപ്പ്, ഡോ.മീര ഹരിദാസ്, ഡോ.ഹരികുമാർ എന്നിവർ ചികിത്സയിൽ പങ്കാളികളായി. ഡോക്ടർമാരുടെ അക്ഷീണ പ്രയത്നത്തിനൊടുവിൽ വെന്റിലേറ്റർ പിന്തുണ സാവധാനം നിയന്ത്രിച്ച്, മരുന്നുകളുടെ അളവ് കുറയ്ക്കാൻ സാധിച്ചു. പിന്നാലെ അനൂഷ ബോധം വീണ്ടെടുത്തു. സാധാരണ പോലെ സംസാരിക്കാനും ഭക്ഷണം കഴിക്കാനും, നടക്കാനും തുടങ്ങി. മസ്തിഷ്കത്തിന്റെ പ്രവർത്തനം ക്രമേണ മെച്ചപ്പെട്ടതോടെ 135 ദിവസം നീണ്ട ആശുപത്രി വാസത്തിനുശേഷം രോഗത്തെ അതിജീവിച്ചു അനൂഷ വീട്ടിലേക്കു മടങ്ങി.