പ്രായം വെറും 86, റിട്ട. അധ്യാപകന്റെ ജീവിതം മാറ്റിമറിച്ചത് കാലിക്കുപ്പികൾ; ഇതാണ് ലൈഫ്!
Mail This Article
ഒരു റിട്ട. അധ്യാപകന് എന്തൊക്കെ ഹോബികളാകാം? വായന, എഴുത്ത്, പ്രഭാഷണം...അങ്ങനെ ഉത്തരം പലതാകാം. എന്നാൽ ഇക്കാര്യത്തിൽ ആരും സഞ്ചരിക്കാത്ത വഴിയിലൂടെ സഞ്ചരിച്ചയാളാണ് എൺപത്താറുകാരനായ കെ.ടി.ജോസഫ്. സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി ശേഖരിച്ച 5000 ചില്ലു കുപ്പികളുടെ ഒരു മ്യൂസിയമാണ് ഇപ്പോൾ പാലാ പൂവരണി കൊല്ലക്കൊമ്പിൽ കെ.ടി.ജോസഫിന്റെ വീട്. 12000 രൂപ വില കൊടുത്തു വാങ്ങിയ കാലിക്കുപ്പി വരെയുണ്ട് ഈ അപൂർവശേഖരത്തിൽ.
കുപ്പികൾ തേടി 30 വർഷം
30 വർഷം കൊണ്ടാണ് വ്യത്യസ്തമായ 5000 കുപ്പികൾ ജോസഫ് ശേഖരിച്ചത്. വീടിനു മുന്നിൽ 30 അടി ഉയരത്തിലുള്ള വലിയ കുപ്പിയുടെ മാതൃക ആദ്യം കാണാം. ഉള്ളിൽ കടന്നാൽ ചില്ലു കുപ്പി മ്യൂസിയത്തിലേക്ക് പ്രവേശിക്കാം. രണ്ടാം നിലയിലേക്ക് എത്തിയാൽ വിദേശ രാജ്യങ്ങളിൽ നിന്നെത്തിച്ചതും സ്വദേശികളുമായ ചില്ലു കുപ്പികളുടെ വൻശേഖരം.
56–ാം വയസ്സിൽ മുക്കുളം സെന്റ് ജോർജ് ഹൈസ്കൂളിൽ നിന്നു സാമൂഹികശാസ്ത്ര അധ്യാപകനായി വിരമിച്ചതു മുതൽ ആരംഭിച്ചതാണ് ചില്ലുകുപ്പി ശേഖരിക്കൽ. പറമ്പിലൂടെ നടക്കുന്നതിനിടെ പണ്ടുകാലത്ത് കുട്ടികൾക്കു മരുന്നു നൽകിയിരുന്ന ഔൺസ് കുപ്പി ലഭിച്ചു. മക്കളെ കാണിച്ചപ്പോൾ അവർക്ക് കൗതുകം. തുടർന്ന് കൗതുകമുള്ള കുപ്പികളുടെ ശേഖരണം തുടങ്ങി. നാട്ടിലും ജില്ല മുഴുവനും തിരുവനന്തപുരം, കന്യാകുമാരി, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലുമെല്ലാം സഞ്ചരിച്ച് വ്യത്യസ്ത രൂപത്തിലുള്ള ചില്ലു കുപ്പികൾ ശേഖരിച്ചു. ആക്രിക്കടകളിൽ നിന്നു വില നൽകി കുപ്പി വാങ്ങി. ചില്ലുകുപ്പി ശേഖരണം നാട്ടിൽ പാട്ടായതോടെ നാട്ടുകാർ വ്യത്യസ്തമായ കുപ്പികൾ വീട്ടിലെത്തിച്ചു നൽകി.
പെറുവിൽ നിന്നെത്തിയ കീചെയ്നുകൾ
മകൻ റ്റോജിയുടെ ഭാര്യ ജോഷിലയുടെ സഹോദരൻ ഫാ. ടോമി മുഴയിൽ പെറുവിലാണ്. അവിടെ ആഘോഷങ്ങളുടെ ഭാഗമായി കീചെയ്നുകൾ സമ്മാനമായി നൽകുന്ന പതിവുണ്ട്. ഇങ്ങനെ ഫാ.ടോമിക്ക് ലഭിച്ച 800 കീചെയ്നുകൾ കെ.ടി.ജോസഫിനു നൽകി. കൂടാതെ തിരികല്ല്, പഴയ ഫോണുകൾ, ഭരണികൾ എന്നിവയും ജോസഫിന്റെ ശേഖരത്തിലുണ്ട്. ലോകത്ത് വിവിധ കാലങ്ങളിൽ നിർമിക്കപ്പെട്ട വ്യത്യസ്തമായ കുപ്പികളെക്കുറിച്ചും ബോട്ടിൽ കലക്‌ഷനെക്കുറിച്ചും പ്രതിപാദിക്കുന്ന വിദേശഗ്രന്ഥങ്ങൾ ഉൾപ്പെടെയുള്ള പുസ്തകങ്ങളുടെ ശേഖരവും ജോസഫിന്റെ കൈവശമുണ്ട്.
പിതാവിന്റെ ചില്ലുകുപ്പി സ്നേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മക്കളായ റ്റോജി ജോസ്, ആനി ലക്കിയ, ആഗ്നസ് ടീനഎന്നിവരുമുണ്ട്. 2011ലാണ് കെ.ടി.ജോസഫിന്റെ ഭാര്യ റിട്ട. അധ്യാപിക ഏലിയാമ്മ മരിച്ചത്. അക്കാലമത്രയും ഏലിയാമ്മയും കുപ്പി ശേഖരണത്തിനു ജോസഫിനൊപ്പമുണ്ടായിരുന്നു.
ഈ ചില്ലുകുപ്പികൾ ജോസഫിന് വെറും കാലിക്കുപ്പികളല്ല. വിരസമാകാമായിരുന്ന ഒരു റിട്ടയേഡ് ജീവിതത്തിന് സ്ഫടികത്തിളക്കം സമ്മാനിച്ച അമൂല്യനിധിശേഖരമാണ്.