ADVERTISEMENT

കണ്ണിലും മൂക്കിലും വായിലും നിന്ന്‌ രക്തമൊഴുക്കി അതിദാരുണമായി മനുഷ്യനെ കൊലപ്പെടുത്തുന്ന മാരക വൈറസാണ്‌ മാബര്‍ഗ്‌. ഒരിടവേളയ്‌ക്ക്‌ ശേഷം ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയില്‍ പടര്‍ന്നു പിടിക്കുകയാണ്‌ ബ്ലീഡിങ്‌ ഐസ്‌ വൈറസ്‌ എന്ന്‌ കൂടി അറിയപ്പെടുന്ന മാബര്‍ഗ്‌.ഈ വൈറസ്‌ പടര്‍ച്ച മൂലം 15 പേരാണ്‌ ഇപ്പോള്‍ റുവാണ്ടയില്‍ മരണപ്പെട്ടത്‌.

രക്തക്കുഴലുകളുടെ ഭിത്തിയില്‍ ക്ഷതമുണ്ടാക്കി ആന്തരിക രക്തസ്രാവത്തിലൂടെയും അവയവ സ്‌തംഭനത്തിലൂടെയുമാണ്‌ മാബര്‍ഗ്‌ ജീവന്‍ കവരുന്നത്‌. ഈ വൈറസ്‌ ബാധിക്കപ്പെട്ടവരുടെ മരണനിരക്ക്‌ 24 മുതല്‍ 88 ശതമാനം വരെയാണ്‌. എബോള വൈറസിന്റെ കുടുംബമായ ഫിലോവിരിഡേയില്‍ ഉള്‍പ്പെട്ട മാബര്‍ഗ്‌ പക്ഷേ എബോളയേക്കാള്‍ ഭീകരനാണ്‌. 

ലക്ഷണങ്ങള്‍
വൈറസ്‌ ഉള്ളിലെത്തി രണ്ട്‌ മുതല്‍ 21 ദിവസങ്ങള്‍ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകും. ഉയര്‍ന്ന പനി, കടുത്ത തലവേദന,  പേശീ വേദന   തുടങ്ങിയ ലക്ഷണങ്ങളോടെയാണ്‌ രോഗം ആരംഭിക്കാറുള്ളത്‌. അതിതാരം, വയര്‍വേദന, ഓക്കാനം, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങള്‍ മൂന്നാം ദിവസം മുതല്‍ പ്രത്യക്ഷമാകും. ഒരാഴ്‌ച വരെ അതിസാരം നീണ്ടു നില്‍ക്കാം. കണ്ണുകള്‍ കുഴിഞ്ഞ്‌, മുഖത്ത്‌ ഭാവങ്ങളൊന്നുമില്ലാതെ അത്യധികം ക്ഷീണവുമായി പ്രേതസമാനമായ മുഖഭാവങ്ങള്‍ ഈ വൈറസ്‌ രോഗികളില്‍ ഉണ്ടാക്കാമെന്ന്‌ പറയപ്പെടുന്നു.

അഞ്ച്‌ മുതല്‍ ഏഴ്‌ ദിവസങ്ങള്‍ക്കുള്ളില്‍ രക്തസ്രാവം ആരംഭിക്കും. മൂക്കില്‍ നിന്നും മോണകളില്‍ നിന്നും യോനിയില്‍ നിന്നും വരെ രക്തസ്രാവം  ഉണ്ടാകാം. . മലത്തിലും ഛര്‍ദ്ദിയിലും രക്തത്തിന്റെ സാന്നിധ്യം പ്രത്യക്ഷപ്പെടാം. ആശയക്കുഴപ്പം, ദേഷ്യം എന്നിവയും രോഗികളില്‍ കാണപ്പെടാം. രോഗത്തിന്റെ അവസാന ഘട്ടങ്ങളില്‍ വൃഷ്‌ണങ്ങള്‍ വീര്‍ത്തു വരുന്ന അവസ്ഥയും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌. ലക്ഷണങ്ങള്‍ ആരംഭിച്ച്‌ എട്ട്‌ മുതല്‍ ഒന്‍പത്‌ ദിവസത്തിനുള്ളില്‍ രോഗിയുടെ നില വഷളാക്കി മരണത്തിലേക്ക്‌ നയിക്കാന്‍ ശേഷിയുള്ള മാരക വൈറസാണ്‌ മാബര്‍ഗ്‌.

ആദ്യം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌ ജര്‍മ്മനിയില്‍
ജര്‍മ്മനിയിലെ മാബര്‍ഗ്‌, ഫ്രാങ്ക്‌ ഫര്‍ട്ട്‌ നഗങ്ങളിലും സെര്‍ബിയയിലെ ബെല്‍ഗ്രേഡിലും 1967ലാണ്‌ ഈ വൈറസ്‌ ആദ്യമായി റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നത്‌. യുഗാണ്ടയില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌ത ആഫ്രിക്കന്‍ ഗ്രീന്‍ കുരങ്ങുകളെ ഉപയോഗിച്ചുള്ള ലാബ്‌ പരീക്ഷണങ്ങളുമായി ബന്ധപ്പെട്ടായിരുന്നു അന്ന്‌ വൈറസ്‌ പൊട്ടിപ്പുറപ്പെട്ടത്‌. പിന്നീട്‌ അംഗോള, കോംഗോ, കെനിയ, ദക്ഷിണാഫ്രിക്ക, യുഗാണ്ട എന്നിവിടങ്ങളില്‍ വൈറസ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടു. 2008ല്‍ യുഗാണ്ടയിലെ രണ്ട്‌ സഞ്ചാരികള്‍ക്കും വൈറസ്‌ സ്ഥിരീകരിച്ചിരുന്നു.

പഴം തീനി വവ്വാലുകളില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌
പഴം തീനി വവ്വാലുകളായ റോസെറ്റസില്‍ നിന്നാണ്‌ ഈ വൈറസ്‌ മനുഷ്യരിലേക്ക്‌ എത്തിയത്‌. ഈ വവ്വാലുകള്‍ തങ്ങുന്ന ഗുഹകളിലും ഖനികളിലും ദീര്‍ഘനേരം ചെലവിടുന്ന മനുഷ്യര്‍ക്ക്‌ വൈറസ്‌ വരാനുള്ള സാധ്യത അധികമാണ്‌. മനുഷ്യരില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ രക്തം, ശരീര സ്രവങ്ങള്‍, അവയവങ്ങള്‍, മുറിവുകള്‍ എന്നിവ വഴി വൈറസ്‌ പകരാം. രോഗി ഉപയോഗിച്ച വസ്‌ത്രങ്ങള്‍, ബെഡ്‌ ഷീറ്റുകള്‍ എന്നിവയും വൈറസ്‌ വ്യാപനത്തിന്‌ കാരണമാകാം.

രോഗനിര്‍ണ്ണയം
മലേറിയ, ടൈഫോയ്‌ഡ്‌, ഷിഗെലോസിസ്‌, മെനിഞ്ചൈറ്റിസ്‌, രക്തസ്രാവമുണ്ടാക്കുന്ന മറ്റ്‌ വൈറല്‍ പനികള്‍ എന്നിവയില്‍ നിന്ന്‌ മാബര്‍ഗ്‌ വൈറസ്‌ രോഗത്തെ  തിരിച്ചറിയുക എളുപ്പമല്ല. എലീസ ടെസ്റ്റ്‌, ആന്റിജന്‍ ക്യാപ്‌ച്ചര്‍ ഡിറ്റക്ഷന്‍ ടെസ്റ്റ്‌, സെറം ന്യൂട്രലൈസേഷന്‍ ടെസ്റ്റ്‌, ആര്‍ടി-പിസിആര്‍ പരിശോധന, ഇലക്ട്രോണ്‍ മൈക്രോസ്‌കോപി, കോശ സംസ്‌കരണത്തിലൂടെയുളള വൈറസ്‌ ഐസൊലേഷന്‍ എന്നിവ വഴിയെല്ലാം രോഗനിര്‍ണ്ണയം നടത്താം.

ചികിത്സ
നിലവില്‍ വാക്‌സീനുകളോ ആന്റി വൈറല്‍ ചികിത്സകളോ മാബര്‍ഗ്‌ വൈറസ്‌ മൂലമുള്ള രോഗത്തിന്‌ ലഭ്യമല്ല. നിര്‍ജലീകരണം തടഞ്ഞും ഓരോ ലക്ഷണങ്ങള്‍ക്കുള്ള ചികിത്സകള്‍ നല്‍കിയും രോഗി രക്ഷപ്പെടാനുള്ള സാധ്യകള്‍ വര്‍ദ്ധിപ്പിക്കാം. മോണോക്ലോണല്‍ ആന്റിബോഡികളും ആന്റിവൈറല്‍ മരുന്നുകളും വികസിപ്പിക്കാനുള്ള ഗവേഷണങ്ങള്‍ പുരോഗമിക്കുന്നുണ്ട്‌.

പ്രതിരോധം
വവ്വാലുകളില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ ഈ വൈറസ്‌ പടരുന്ന സാഹചര്യം ഒഴിവാക്കാന്‍ ഗുഹകളിലും ഖനികളിലും വിനോദസഞ്ചാരത്തിനും ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കും പോകുന്നവര്‍ മാസ്‌ക്‌, ഗ്ലൗ, അനുയോജ്യമായ വസ്‌ത്രങ്ങള്‍ എന്നിവ ധരിക്കണം. മനുഷ്യരില്‍ നിന്ന്‌ മനുഷ്യരിലേക്കുള്ള വൈറസ്‌ പടര്‍ച്ച തടയുന്നതിന്‌ വ്യക്തിശുചിത്വം മുഖ്യമാണ്‌. രോഗികളുമായുള്ള സമ്പര്‍ക്കം പൂര്‍ണ്ണമായും ഒഴിവാക്കണം.രോഗികള്‍ ഉപയോഗിച്ച ബെഡ്‌ ഷീറ്റ്‌, പാത്രങ്ങള്‍ എന്നിവ അണുമുക്തമാക്കണം. അവ മറ്റാരും ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.   മാസ്‌ക്‌ ഉപയോഗിക്കുന്നതും കൈകള്‍ സോപ്പിട്ട്‌ ഇടയ്‌ക്കിടെ കഴുകുന്നതും നല്ലതാണ്‌.

English Summary:

Could You Have Marburg? Early Symptoms and How the Virus Spreads. Marburg Virus Outbreak: What You Need to Know to Stay Safe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com