നൃത്തം ചെയ്യുന്നതു പോലെ ശരീരം വിറയ്ക്കും; ഡിംഗാ ഡിംഗാ രോഗം പടർന്നുപിടിക്കുന്നു, ആശങ്ക
Mail This Article
ഉഗാണ്ടയിലെ ബുണ്ടിബുഗിയോ ജില്ലയിൽ ഡിംഗാ ഡിംഗാ എന്ന ഒരിനം അപൂർവ രോഗം പടരുന്നു. നൃത്തം ചെയ്യുന്നതു പോലെ കുലുങ്ങുക എന്നാണ് ഡിംഗാ ഡിംഗാ എന്ന വാക്കിനർഥം.
സ്ത്രീകളെയും കുട്ടികളെയും ആണ് ഈ രോഗം കൂടുതലായി ബാധിക്കുന്നത്. ശരീരം നന്നായി വിറയ്ക്കുകയും നടക്കാൻ പോലും പ്രയാസം അനുഭവപ്പെടുകയും ചെയ്യും.
ലക്ഷണങ്ങൾ
∙അനിയന്ത്രിതമായി ശരീരം വിറയ്ക്കുക ഈ രോഗത്തിന്റെ ഏറ്റവും പ്രധാന ലക്ഷണം ആണ്. നൃത്തത്തോട് സാമ്യമുള്ള തരത്തില്‍ ശരീരം ചലിക്കും.
∙ രോഗികൾക്ക് കടുത്ത പനിയും ക്ഷീണവും അനുഭവപ്പെടും.
∙ശരീരം തളർന്നതുപോലെ തോന്നുക. തളർച്ച ബാധിച്ച അനുഭവമാണ് പല രോഗികൾക്കും ഉണ്ടാവുന്നത്. നടക്കാൻ പോലും പ്രയാസം അനുഭവപ്പെടും.
ബുണ്ടിയാഗോയിൽ ഇതുവരെ മുന്നൂറ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആരുടെയും സ്ഥിതി ഗുരുതരമല്ല. മിക്കവരും ചികിത്സ തേടി ഒരാഴ്ചയ്ക്കുള്ളിൽ സുഖം പ്രാപിക്കുന്നുണ്ട്. വൈദ്യശാസ്ത്രരംഗത്തെ വിദഗ്ധർ ഈ രോഗത്തെക്കുറിച്ച് പഠിക്കുകയാണ്. രോഗം ബാധിച്ചവരിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഉഗാണ്ടയിലെ ആരോഗ്യമന്ത്രാലയത്തിൽ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സയ്ക്ക് ഫലപ്രാപ്തി കാണുന്നുണ്ട്. അശാസ്ത്രീയമായ ചികിത്സ തേടാതെ ജില്ലാ ആരോഗ്യകേന്ദ്രത്തിന്റെ സൗകര്യങ്ങൾ ഉപയോഗിച്ച് ചികിത്സ തേടണമെന്ന് ജില്ലാ ആരോഗ്യ ഓഫിസർ ഡോ. കിയിതാ ക്രിസ്റ്റഫർ പ്രാദേശിക മാധ്യമങ്ങളോട് സംസാരിക്കവേ അറിയിച്ചു.
പൊതുജനാരോഗ്യ പ്രവർത്തകർ, രോഗം വ്യാപിക്കുന്ന ഇടങ്ങളിൽ രോഗത്തെക്കുറിച്ചുള്ള അവബോധം ജനങ്ങളിൽ ഉണ്ടാക്കാനും ലക്ഷണങ്ങളെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ തേടാനും ക്യാംപയിനുകള്‍ നടത്തുന്നുണ്ട്.
കാരണം?
ഡിംഗാ ഡിംഗാ വ്യാപിക്കാനുള്ള കാരണങ്ങൾ വ്യക്തമല്ല. വൈറസ് മൂലമോ മറ്റ് പാരിസ്ഥിതിക ഘടകങ്ങൾ മൂലമോ ആകാം രോഗം ബാധിക്കുന്നത്. എന്നാൽ കൃത്യമായ കാരണങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഫ്രാൻസിലെ സ്ട്രാസ്ബർഗിൽ 1518 ൽ ഉണ്ടായ ഡാൻസിങ്ങ് പ്ലേഗുമായി ഈ അവസ്ഥയ്ക്ക് സാമ്യമുണ്ട്. ദിവസങ്ങളോളം ആളുകൾ നൃത്തം ചെയ്യുന്ന അവസ്ഥയായിരുന്നു അത്.
ഡിംഗാ ഡിംഗായെ ചുറ്റിപ്പറ്റിയുള്ള നിഗൂഢത തുടരുമ്പോഴും രോഗവ്യാപനം തടയാൻ ഉള്ള ശ്രമത്തിലാണ് ആരോഗ്യപ്രവർത്തകരും രോഗമുക്തരും. ആന്റിബയോട്ടിക്കുകൾ കഴിച്ചയുടനെ രോഗം മാറുന്നു എന്നത് ആശ്വാസകരമാണ്. പനിയും വിറയലും പോലുള്ള ലക്ഷണങ്ങൾ പ്രാരംഭഘട്ടത്തിൽ തന്നെ തിരിച്ചറിഞ്ഞ് ഉടൻ തന്നെ വൈദ്യസഹായം തേടേണ്ടതാണ്.