കറ്റാർവാഴ മുതൽ മല്ലി വരെ; ചൂടിനെ പ്രതിരോധിക്കാൻ ആയുർവേദ വഴികൾ
Mail This Article
ഈ വേനൽച്ചൂടിനെ പ്രതിരോധിക്കാൻ സഹായിക്കുന്ന ചില ആയുർവേദ സസ്യങ്ങളുണ്ട്. ഇവ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ആരോഗ്യവും സൗഖ്യവും ഏകും.
തുളസി
മിക്ക വീടുകളിലും തുളസിച്ചെടി ഉണ്ടാകും. ചുമ, ജലദോഷം, പനി, അണുബാധകൾ ഇവയെ പ്രതിരോധിക്കാൻ മാത്രമല്ല, വേനൽച്ചൂടിനെ പ്രതിരോധിക്കാനും തുളസിയില സഹായിക്കും. ക്ലെൻസിങ്ങ് ഗുണങ്ങളുള്ള തുളസിവിഷാംശങ്ങളെ നീക്കി ശരീരത്തെ തണുപ്പിക്കും. ദിവസവും നാലഞ്ചു തുളസിയില ചവച്ചു കഴിക്കുന്നത് ചൂടിെന കുറയ്ക്കും. തുളസി ചേർത്ത ഐസ്ട്രീ കഴിക്കുന്നതും ശരീരത്തിനു തണുപ്പു നൽകും.
പുതിന
ദിവസവും ഭക്ഷണത്തിൽ പുതിന ഉൾപ്പെടുത്തുന്നത് മനസ്സിനും ശരീരത്തിനും ഉന്മേഷം നൽകും. പ്രത്യേകിച്ച് വേനൽക്കാലത്ത്. ഔഷധഗുണങ്ങൾ ഏറെയുള്ള പുതിന ദഹനത്തിനു സഹായിക്കും. ഉദരാരോഗ്യമേകും. പുതിനയിട്ട വെള്ളം ഇടയ്ക്കിടെ കുടിക്കുന്നതു നല്ലതാണ്. പുതിനചമ്മന്തിയും ഭക്ഷണത്തിൽ ധൈര്യമായി ഉൾപ്പെടുത്താം. ലെമണേഡ്, മോക്ക്ടെയ്‌ൽ തുടങ്ങിയവയിൽ ചേർത്തും പുതിന ഉപയോഗിക്കാവുന്നതാണ്.
കറ്റാർവാഴ
കറ്റാർവാഴയ്ക്ക് ആരോഗ്യഗുണങ്ങൾ അനവധിയാണ്. ചർമത്തിന്റെ അസ്വസ്ഥതകളെ അകറ്റും. കൂടാതെ ദഹനവ്യവസ്ഥയെ ഡീടോക്സിഫൈ ചെയ്യാനും വേനൽച്ചൂടിനെ പ്രതിരോധിക്കാനും കറ്റാർവാഴ ജ്യൂസ് സഹായിക്കും.
മല്ലി
മല്ലിയിൽ ആന്റിഓക്സിഡന്റുകൾ ധാരാളമുണ്ട്. വേനൽക്കാലത്ത് ദഹനപ്രശ്നങ്ങൾ അകറ്റാനും ശരീരത്തിൽ തണുപ്പ് നിലനിർത്താനും മല്ലി സഹായിക്കും. മല്ലിയില ഭക്ഷണത്തിൽ ചേർത്തും മല്ലിച്ചമ്മന്തി ആക്കിയും ഉപയോഗിക്കാവുന്നതാണ്.
ഇഞ്ചി
ദഹനക്കേട്, വായുകോപം, വയറു കമ്പിക്കൽ തുടങ്ങിയ ദഹനപ്രശ്നങ്ങൾ അകറ്റാൻ ഇഞ്ചി സഹായിക്കും. ചൂടും സൂര്യപ്രകാശം ഏൽക്കുന്നതു മൂലവും വേനൽക്കാലത്ത് ഇൻഫ്ലമേഷൻ കൂട്ടാം. ഇഞ്ചിയ്ക്ക് ആന്റിഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതിനാൽ വേനൽക്കാലത്ത് ഇഞ്ചി ഭക്ഷണത്തിൽ തീർച്ചയായും ഉൾപ്പെടുത്തണം. രോഗപ്രതിരോധശക്തി വർധിപ്പിക്കാനും ഇഞ്ചി സഹായിക്കും.