ADVERTISEMENT

പാട്ട് കേള്‍ക്കുന്നത് മനസ്സിനെ ശാന്തമാക്കാനും സന്തോഷം നല്‍കാനുമൊക്കെ നല്ലതാണെന്ന് നമുക്കറിയാം. പക്ഷേ, എന്ത് തരം പാട്ടു കേട്ടാലാണ് മാനസികാരോഗ്യം മെച്ചപ്പെടുന്നത് ? സന്തോഷം കിട്ടണമെങ്കില്‍ നല്ല അടിപൊളി പാട്ടോ മെലഡിയോ തന്നെ കേള്‍ക്കണമെന്നില്ല, ദുഖസാന്ദ്രമായ പാട്ട് കേട്ടാലും മാനസികാരോഗ്യവും മൂഡും മെച്ചപ്പെടുമെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.

സംഗീതമെന്നത് വളരെ വ്യക്തിപരവും തനതും വ്യത്യസ്തവുമായ അനുഭവലോകമാണ് ഓരോരുത്തര്‍ക്കും സമ്മാനിക്കുന്നതെന്നും സങ്കടമുളവാക്കുന്ന പാട്ട് പോലും മനസ്സിനെ വിമലീകരിക്കുമെന്നും ജേണല്‍ ഓഫ് ഏസ്റ്റെറ്റിക് എജ്യുക്കേഷനില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ഒക്‌സ്ഫഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്.

1348091836
Representative image. Photo Credit: Dima Berlin/istockphoto.com

ശോകപൂര്‍ണ്ണമായ ഗാനം ചിലപ്പോള്‍ നമ്മളിലെ ദുഖങ്ങളെ തൊട്ടുണര്‍ത്തിയാലും അതുമായി നമുക്ക് തോന്നുന്ന ആ ബന്ധം മാനസികാരോഗ്യത്തിന് നല്ലതാണെന്നാണ് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നത്. ദുഖകരമായ കാര്യങ്ങളെ കുറിച്ച് തീവ്രമായ സംഭാഷണങ്ങള്‍ നടത്തുന്ന വ്യക്തികള്‍ക്കിടയില്‍ ഉണ്ടാകുന്ന മാനസികൈക്യം പോലെ എന്തോ ഒന്ന് ദുഖകരമായ സംഗീതവും മനുഷ്യമനസ്സുകളും തമ്മിലുണ്ടാകുന്നുണ്ടെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.

ജനങ്ങള്‍ ശോകപൂര്‍ണ്ണമായ ഗാനം കേള്‍ക്കുന്നത് അവര്‍ സങ്കടപ്പെട്ടിരിക്കുമ്പോള്‍ തന്നെയാകണമെന്നില്ലെന്നും മുന്‍പഠനങ്ങളെ ഉദ്ധരിച്ച് ഗവേഷകര്‍ പറയുന്നു. 2014ല്‍ നടത്തിയ ഒരു പഠനത്തില്‍ പങ്കെടുത്ത മൂന്നിലൊന്ന് പേരും അവര്‍ പോസിറ്റീവായിരിക്കുമ്പോള്‍ ശോകപൂര്‍ണ്ണായ സംഗീതം ആസ്വദിക്കാറുണ്ടെന്ന് അഭിപ്രായപ്പെട്ടിരുന്നു.

ear-bud-head-phone-music-kate-sept2004-istockphoto-com
Representative image. Photo Credit: Kate sept2004/istockphoto.com

ശോകപൂര്‍ണ്ണമായ സംഗീതം വിഷാദവും ദുഖവും മാത്രമല്ല ചിലപ്പോഴൊക്കെ മധുരമായ ഒരു നോവും മനസ്സില്‍ ഉണര്‍ത്തി വിടാം. മറ്റ് സമയത്ത് ചിന്തിച്ചു കൊണ്ടിരിക്കാന്‍ നമ്മെ കൊണ്ട് സാധിക്കാത്ത ഒരു വികാരവുമായി സമരസപ്പെട്ട് കൊണ്ട് കുറച്ച് നേരം ഇരിക്കാന്‍ ആ വികാരം ഉണര്‍ത്തുന്ന സംഗീതത്തിന്റെ കൂട്ടുണ്ടെങ്കില്‍ കഴിയും. ഇത് വൈകാരികമായി നമ്മെ സഹായിക്കുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. നമുക്ക് നമ്മളുമായി ഒരു ആത്മബന്ധം സ്ഥാപിക്കാനും നമ്മുടെ വൈകാരികമായ അനുഭവങ്ങളെ പറ്റി വിചിന്തനം നടത്താനും ദുഖസാന്ദ്രമായ പാട്ട് കേള്‍ക്കുമ്പോള്‍ കഴിയുമെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

English Summary:

How Sad Music Boosts Mental Health

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com