അത്താഴത്തിന് ശേഷമുളള സമയം ലൈംഗിക ബന്ധത്തിന് പറ്റിയതല്ലെന്ന് പഠനം; കാരണങ്ങള്‍ ഇവ
Mail This Article
രാത്രി ഭക്ഷണമൊക്കെ കഴിഞ്ഞ് ഉറങ്ങാന്‍ കിടക്കുമ്പോഴാണ് പല ദമ്പതികളും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറുള്ളത്. എന്നാല്‍ ഈ ശീലം നിങ്ങളുടെ ലൈംഗിക ബന്ധത്തിലെ സംതൃപ്‌തിയെയും സുഖത്തെയുമൊക്കെ സാരമായി ബാധിക്കാമെന്ന് ഗാര്‍ഡിയനില്‍ പ്രസിദ്ധീകരിച്ച ഒരു ലേഖനം ചൂണ്ടിക്കാട്ടുന്നു.
ഭക്ഷണത്തിന് ശേഷം ഇത് ദഹിപ്പിക്കാനായി രക്തം പ്രധാനമായും നിങ്ങളുടെ ദഹന സംവിധാനത്തിലേക്കാണ് ഒഴുകുക. ഈ സമയത്ത് ലൈംഗികാവയവങ്ങളിലേക്ക് ആവശ്യത്തിന് രക്തമെത്തില്ല എന്നതിനാല്‍ ശരിയായ ഉത്തേജനവും രതിമൂര്‍ച്ഛയും സംഭവിക്കില്ലെന്ന് ലൈംഗികാരോഗ്യ വിദഗ്‌ധനായ ഴോണ്‍ പ്രൈസ് എഴുതിയ ലേഖനം വ്യക്തമാക്കുന്നു.
ഭക്ഷണത്തിന് ശേഷം ഇന്‍സുലിന്‍, സെറോടോണിന്‍ ഹോര്‍മോണ്‍ തോത് വര്‍ധിക്കുന്നത് ക്ഷീണമുണ്ടാക്കുകയും ഊര്‍ജ്ജത്തിന്റെ തോത് കുറയ്‌ക്കുകയും ചെയ്യും. ഇതും ലൈംഗിക ബന്ധത്തിലെ അടുപ്പത്തെ ബാധിക്കും. കൂടുതല്‍ കട്ടിയായ ആഹാരം കഴിക്കുന്നവര്‍ക്ക് ദഹനം പതിയെ നടക്കുമെന്നതിനാല്‍ ഈ അവസ്ഥ കൂടുതല്‍ രൂക്ഷമാകും. ഭക്ഷണശേഷമുള്ള വയര്‍ കമ്പനവും ഗ്യാസും കൂടിയാകുമ്പോള്‍ ലൈംഗിക ബന്ധം തീര്‍ത്തും അനാകര്‍ഷകമായി മാറാമെന്ന് ലേഖനം കൂട്ടിച്ചേര്‍ക്കുന്നു.
പ്രായം കൂടുമ്പോള്‍ അല്ലെങ്കില്‍ തന്നെ ടെസ്‌റ്റോസ്‌റ്റെറോണ്‍, ഈസ്‌ട്രജന്‍ തോത് കുറയുന്നതും ലൈംഗിക ബന്ധത്തിലെ താത്‌പര്യത്തെ ബാധിക്കാറുണ്ട്. ശരീരത്തിലെ രക്തചംക്രമണവും മെല്ലെയാകും. ഇതിനൊപ്പം രാത്രയിലെ ഭക്ഷണശേഷമുള്ള തെറ്റായ സമയം കൂടി തിരഞ്ഞെടുത്താല്‍ ലൈംഗിക ബന്ധം അറുബോറനാകുമെന്നാണ് ലേഖനത്തിലെ മുന്നറിയിപ്പ്.
വെളുപ്പിനെയും ദിവസത്തിന്റെ ആദ്യ പകുതിയിലുമൊക്കെയാണ് നമ്മുടെ ഊര്‍ജ്ജവും ഹോര്‍മോണ്‍ തോതും മൂഡുമൊക്കെ ഉച്ചസ്ഥായിയില്‍ എത്തുന്നത്. ലൈംഗിക ബന്ധത്തിനായി ഈ നേരങ്ങളില്‍ സമയം കണ്ടെത്തുന്നത് പങ്കാളികള്‍ക്കിടയിലെ സ്‌നേഹവും താത്‌പര്യവും വര്‍ധിപ്പിക്കുമെന്ന് ലേഖനം കൂട്ടിച്ചേര്‍ക്കുന്നു.
ഇനി തിരക്കുള്ള സമയക്രമം കാരണം ഈ നേരം മാത്രമേ തങ്ങള്‍ക്ക് ലൈംഗിക ബന്ധത്തിന് ലഭിക്കൂ എന്നുള്ളവര്‍ ലഘുവായ രാത്രി ഭക്ഷണം കഴിക്കാനെങ്കിലും ശ്രദ്ധിക്കേണ്ടതാണ്. ആലിംഗനങ്ങള്‍, ചംബനങ്ങള്‍, മസാജുകള്‍ എന്നിവയിലൂടെ മറ്റ് നേരങ്ങളിലും പരസ്‌പരമുള്ള ലൈംഗിക താത്‌പര്യം നിലനിര്‍ത്താനും ശ്രദ്ധിക്കേണ്ടതാണ്. ലൈംഗിക താത്‌പര്യങ്ങളെ പറ്റി പരസ്‌പരം മനസ്സ് തുറന്ന് സംസാരിക്കേണ്ടതും അത്യാവശ്യമാണ്. ദിവസവും വ്യായാമം ചെയ്യുന്നത് ശരീരത്തിലെ രക്തചംക്രമണം വേഗത്തിലാകാനും എന്‍ഡോര്‍ഫിനുകള്‍ പുറപ്പെടുവിക്കാനും സഹായിക്കും. ഇത് ലൈംഗിക ബന്ധത്തിനായി ശരീരത്തെയും മനസ്സിനെയും സജ്ജമാക്കും. ലൈംഗിക ബന്ധത്തിന് മുന്‍പ് ശ്വസന വ്യായാമങ്ങള്‍ ചെയ്യുന്നത് സമ്മര്‍ദ്ദം കുറച്ച് താത്‌പര്യം വര്‍ധിപ്പിക്കാന്‍ സഹായിക്കും.